തിരുവണ്ണാമലൈയില്‍ നിന്ന് ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തു, വീണ്ടും ഉരുള്‍പൊട്ടല്‍
ചെന്നൈ: ഫെഞ്ചല്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കനത്ത മഴ തുടരുന്നതിനിടെ തമിഴ്നാട്ടിലെ ക്ഷേത്രനഗരമായ തിരുവണ്ണാമലൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഞായറാഴ്ച രാത്രി തിരുവണ്ണാമലൈയില്‍ വീടുകള്‍ക്ക് മേല്‍ പാറകളും മണ്ണും ഒലിച്ച് വന്ന് അപകടമുണ്ടായിരുന്നു. ഇതില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇന്നാണ ഏഴ് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
അണ്ണാമലയാര്‍ കുന്നിന്റെ താഴത്തെ ചരിവിലായിരുന്നു അപകടം. ചെന്നൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നുള്ള ഒരു സംഘം വിദഗ്ധരുടെ സഹായത്തോടെയുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എന്നാല്‍ കനത്ത മഴയും കുത്തിയൊലിച്ച് വന്ന ചെളിയും രക്ഷാപ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. തിരുവണ്ണാമലൈയിലെ ക്ഷേത്രത്തിന് സമീപമാണ് രണ്ടാമത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്.

അതേസമയം തമിഴ്‌നാട്ടില്‍ കനത്ത നാശമാണ് ഫെഞ്ചല്‍ ചുഴലിക്കാറ്റും മഴയും വിതയ്ക്കുന്നത്. വടക്കന്‍ തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയില്‍ വന്‍ വെള്ളപ്പൊക്കമുണ്ടായി. പലയിടത്തും പാലങ്ങള്‍ ഒലിച്ച് പോയതോടെ ഗ്രാമങ്ങളിലേക്കും ജനവാസ മേഖലകളിലേക്കുമുള്ള ഗതാഗതം തടസപ്പെട്ടു. ഇവിടങ്ങളില്‍ ഉള്ളവര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മഴ കാരണം ഏക്കര്‍ കണക്കിന് കൃഷി നശിക്കുകയും റെയില്‍ ഗതാഗതം തടസപ്പെടുകയും ചെയ്തു.
പടിഞ്ഞാറന്‍ തമിഴ്നാട്ടില്‍ കൃഷ്ണഗിരി, ധര്‍മപുരി ജില്ലകളിലും വെള്ളപ്പൊക്കമുണ്ടായി. കൃഷ്ണഗിരിയിലെ ഉത്തംഗറൈയില്‍ രാവിലെ 8.30 വരെ 24 മണിക്കൂറിനുള്ളില്‍ 50 സെന്റീ മീറ്ററും വില്ലുപുരത്ത് 42 സെന്റീ മീറ്ററും ധര്‍മ്മപുരിയിലെ ഹരൂരില്‍ 33 സെന്റി മീറ്ററും കടലൂരിലും തിരുവണ്ണാമലൈയിലും 16 സെന്റീ മീറ്ററും മഴ ലഭിച്ചു എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
14 മണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്ത ഉത്താന്‍ഗിരിയിലെ ബസ് സ്റ്റേഷനിലെ വലിയ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോകുന്ന വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായാണ് തമിഴ്നാടിന്റെ പല ഭാഗങ്ങളിലും അതിശക്തമായ മഴയാണ് ഉണ്ടായത് എന്ന് കാലാവസ്ഥാ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു.
ഇത് ഇപ്പോള്‍ സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗത്ത് ശക്തമായ ന്യൂനമര്‍ദ്ദമായി നിലകൊള്ളുന്നു. വടക്കന്‍ കേരളത്തിലും തെക്കന്‍ കര്‍ണാടകയിലും ഇന്നും നാളേയും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡിസംബര്‍ മൂന്നിന് ന്യൂനമര്‍ദ്ദം വടക്കന്‍ കേരളത്തിലേക്കും കര്‍ണാടകയിലേക്കും കടന്ന് അറബിക്കടലിലേക്ക് നീങ്ങുന്നതിനാല്‍ മഴ കൂടുതല്‍ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications