ഫെഞ്ചല്‍ ചുഴലിക്കാറ്റ്: ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; മഴക്കെടുതിയിൽ 4 മരണം
ചെന്നൈ: ശനിയാഴ്ച രാത്രിയോടെ കരയിൽ പ്രവേശിച്ച ഫെഞ്ചൽ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ഇന്ന് അതിതീവ്ര ന്യൂനമർദ്ദാമാകും. ഫെഞ്ചൽ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ചെന്നൈയിൽ കനത്ത മഴ തുടരുകയാണ്. പുതുച്ചേരി, കടലൂർ,വിഴുപ്പുറം എന്നിവിടങ്ങളിൽ കനത്ത മഴയാണ്. ചെന്നൈയിൽ മഴക്കെടുതിയിൽ നാല് പേർ മരിച്ചതായാണ് വിവരം.
ഫെഞ്ചൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അടുത്ത 48 മണിക്കൂർ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്തു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചെന്നെയിലേക്കും തിരിച്ചുമുള്ള ഒന്നിലധികം വിമാന സർവീസുകളെ ബാധിച്ചു. ചെന്നൈ വിമാനത്താവളത്തിന്റെ എല്ലാ പ്രവർത്തനങ്ങളും ഞായറാഴ്ച പുലർച്ചെ 4 മണി വരെ നിർത്തിവെച്ചിരുന്നു.

അതേ സമയം തമിഴ്നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചു. റെഡ് അലർട്ടാണ് പുറപ്പെടുവിപ്പിച്ചത്. ഉയർന്ന വേലിയേറ്റവും കനത്ത മഴയും ഉൾപ്പെടെയുള്ള കാലാവസ്ഥ വ്യതിയാനങ്ങൾ ഈ പ്രദേശത്ത് അനുഭവപ്പെടും എന്നാണ് വിലയിരുത്തുന്നത്.
കനത്ത മഴയിൽ പല റോഡുകളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. റാണിപേട്ട്, തിരുവണ്ണാമലൈ, വെല്ലൂർ, പെരമ്പലൂർ, അരിയല്ലൂര്, തഞ്ചാവൂർ, തിരുവാരൂർ, മയിവലാടുതുറെ, നാഗപട്ടണം എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പുണ്ട്. മണ്ണിടിച്ചിലിന് ഉള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശനിയാഴ്ച വൈകീട്ടോടെ ചുഴലിക്കാറ്റായി മാറുമെന്ന കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിനു പിന്നാലെ 9 ജില്ലകളിലെ ജനങ്ങളെ മാറ്റി പാർപ്പിക്കാനായി 2229 ദുരിതാശ്വാസ കേന്ദ്രങ്ങൾ തയ്യാറാക്കിയതായി റവന്യൂ മന്ത്രി കെ കെ എസ് ആർ രാമചന്ദ്രൻ അറിയിച്ചു.
നാഗപട്ടണം, മൈലാടുതുറൈ. തിരുവാരൂർ, തഞ്ചാവൂർ, കടലൂർ, ചെന്നൈ, ചെങ്കൽപ്പെട്ട്, തിരുവള്ളൂർ കാഞ്ചീപുരം എന്നീ ജില്ലകളിലായാണ് ദുരിതാശ്വാസ കേന്ദ്രങ്ങൾ തയ്യാറാക്കിയത്. നിലവിൽ തിരുവാരൂർ, നാഗപട്ടണം എന്നീ ജില്ലകളിൽ ആറ് കേന്ദ്രങ്ങളിലായി 164 കുടുംബങ്ങളിലായി 471 പേർ കഴിയുന്നുണ്ട്.
അതേ സമയം കേരളത്തിലും ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.












Click it and Unblock the Notifications