ജിഎച്ച്എംസി: അവസാന ലാപ്പിൽ 'ചാണക്യ'നെ ഇറക്കി ബിജെപി; സെക്കന്താരാബാദിൽ അമിത് ഷായുടെ മെഗാ റോഡ്ഷോ!!
ഹൈദരാബാദ്: ജിഎച്ച്എംസി തിരഞ്ഞെടുപ്പിന്റെ അവസാന വട്ട പ്രചാരണം കൊഴുപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. വോട്ടർമാരെ ബിജെപിക്ക് അനുകൂലമാക്കി മാറ്റാനുള്ള അവസാന ശ്രമവുമായാണ് അമിത് ഷാ ഹൈദരാബാദിലേക്ക് എത്തിയത്. കേന്ദ്രമന്ത്രിമാർ, ദേശീയ തലത്തിലെ ഉന്നത നേതാക്കൾ എന്നിവരെയാണ് പാർട്ടി പ്രചാരണത്തിനായി ഇക്കഴിഞ്ഞ ദിവസങ്ങളിൽ അണിനിരത്തിയത്.

ക്ഷേത്ര സന്ദർശനത്തോടെ
രാവിലെ 10.30ന് ഹൈദരാബാദിലെത്തിയ അമിത് ഷാ ഭാഗ്യലക്ഷ്മി ദേവി ക്ഷേത്രത്തിൽ ദർശനം നടത്തിക്കൊണ്ടാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. തുടർന്ന് നേരത്തെ നിശ്ചയിച്ചത് പ്രകാരം സെക്കന്തരാബാദിലെ വരസിഗുഡയിൽ മെഗാ റോഡ് ഷോയും നടത്തും. ഒമ്പത് മണിക്കൂറോളം നഗരത്തിൽ ചെലവഴിക്കുന്ന അമിത് ഷാ ദില്ലിയിലേക്ക് മടങ്ങുന്നതിന് മുമ്പായി മാധ്യമപ്രവർത്തകരെ കാണും.

ലക്ഷ്യമൊന്ന്
2023ൽ നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ വേരുറപ്പിക്കാനുള്ള ബിജെപിയുടെ നീക്കമാണ് ബിജെപി പാർട്ടിയുടെ ഉന്നത നേതാക്കളെയെത്തിച്ച് ജിഎച്ച്എംസി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന് പിന്നിലുള്ളത്. കേന്ദ്രമന്ത്രിമാർ, ദേശീയ തലത്തിലെ ഉന്നത നേതാക്കൾ എന്നിവരെയാണ് പാർട്ടി പ്രചാരണത്തിനായി അണിനിരത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ജെപി നഡ്ഡ എന്നിങ്ങനെയുള്ള നേതാക്കളാണ് സംസ്ഥാനത്തേക്ക് എത്തിയിട്ടുള്ളത്. ഇത് ഭരണകക്ഷിയായ എഐഎംഐഎം - തെലങ്കാന രാഷ്ട്രസമിതി സഖ്യത്തെയും ബിജെപിയുടെ പ്രചാരണ രീതി പ്രകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ദേശീയ നേതാക്കൾ
ശനിയാഴ്ച ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബിജെപിയുടെ ഫയർബ്രാൻഡുമായ യോഗി ആദിത്യനാഥ് പ്രചാരണത്തിനെത്തിയത് ബിജെപിയ്ക്ക് നേട്ടമായിരുന്നു. നഗരത്തെ രാഷ്ട്രീയച്ചൂടിലേക്ക് എത്തിക്കാൻ ബിജെപി നേതാക്കളുടെ വരവ് സഹായിക്കുകയും ചെയ്തിട്ടുണ്ട്. ബിജെപിയുടെ തീപ്പൊരി യുവനേതാവ് തേജസ്വി സൂര്യയും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ, സ്മൃതി ഇറാനി എന്നിവരും കഴിഞ്ഞ ദിവസങ്ങളിൽ പ്രചാരണത്തിനെത്തിയിരുന്നു. നേരത്തെ വെള്ളിയാഴ്ച ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയും ഹൈദരാബാദ് സന്ദർശിച്ച് മേയർ തിരഞ്ഞെടുപ്പിനായി പാർട്ടിക്കുവേണ്ടി പ്രചാരണം നടത്തുകയും ചെയ്തിരുന്നു. മുനിസിപ്പൽ തെരഞ്ഞെടുപ്പിനായി ബിജെപിയുടെ ദേശീയ പ്രസിഡന്റ് പ്രചാരണം നടത്തുന്നത് എന്തുകൊണ്ടാണെന്ന് ആരോ ചോദിച്ചിരുന്നു. വികസനത്തിന്റെ രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകാനും അഴിമതി അവസാനിപ്പിക്കാനും ഞാൻ എവിടെയും പോകാൻ തയ്യാറാണെന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്നാണ്, "കോതാപേട്ടിലെ റോഡ്ഷോയിൽ നഡ്ഡ പറഞ്ഞത്.

ട്രംപ് മാത്രം
മേയർ തിരഞ്ഞെടുപ്പിനായി ബിജെപി തിരക്കിട്ട് പ്രചാരണം നടത്തി വരുകയാണെന്നും ഇനി യുഎസ് പ്രസിഡന്റ് ട്രംപ് മാത്രമേ പാർട്ടിയ്ക്ക് വേണ്ടി പ്രചാരണത്തിനെത്താൻ അവശേഷിക്കുന്നുള്ളൂവെന്നുമാണ് അസദുദ്ദീൻ ഒവൈസിയുടെ പരിഹാസം. ദേശീയ തലത്തിലുള്ള നേതാക്കളെ പ്രചാരണത്തിനായി കൊണ്ടുവന്ന ബിജെപിയ്ക്ക് പ്രധാനമന്ത്രിയെക്കൂടി കൊണ്ടുവരാനും ഒവൈസി ധൈര്യം നൽകിയിരുന്നു.

മേയർ തിരഞ്ഞെടുപ്പ് ആർക്കൊപ്പം?
ഹൈദരാബാദിലെ 150 അംഗം ജിഎച്ച്എംസിയിലേക്കാണ് ഡിസംബർ ഒന്നിന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജിഎച്ച്എംസി തെരഞ്ഞെടുപ്പിൽ തെലങ്കാന രാഷ്ട്രസമിതി, കോൺഗ്രസ്, എഐഐഎം, ബിജെപി എന്നിവയാണ് പ്രധാന കക്ഷികൾ. മൊത്തം 150 വാർഡുകളിൽ 99 എണ്ണവും നേടി 2016 ലെ ജിഎച്ച്എംസി തിരഞ്ഞെടുപ്പിൽ ടിആർഎസ് വിജയിച്ചിരുന്നു. 2016 ൽ നാല് വാർഡുകൾ മാത്രമാണ് ബിജെപി നേടിയത്, എഐഎംഐഎം 44 വാർഡുകളും നേടിയിരുന്നു.