ഒരുമാസത്തിനുളളില്‍ കണക്ക് കൊടുക്കണം... കോണ്‍ഗ്രസിന് അന്ത്യശാസനം
ദില്ലി: സ്വാതന്ത്യം കിട്ടിയ നാള്‍ മുതല്‍ ഇന്ത്യയിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് അതിന്റെ അംഗീകാരം നഷ്ടപ്പെടുമോ... കാര്യങ്ങള്‍ ഇങ്ങനെയാണ് പോകുന്നതെങ്കില്‍ ചിലപ്പോള്‍ ബിജെപിക്കാര്‍ പറയുന്നത് പോലെ ഒരു കോണ്‍ഗ്രസ് വിമുക്ത ഭാരതം ഉണ്ടായേക്കാം. എന്താണ് സംഭവം എന്നല്ലേ...?
2014 ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ കണക്കുകള്‍ ഇതുവരെ കോണ്‍ഗ്രസ് പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചിട്ടില്ല. പറഞ്ഞ സമയത്ത് കണക്ക് സമര്‍പ്പിക്കാതിരുന്നതിന്റെ പേരില്‍ കഴിഞ്ഞ ആഴ്ചയാണ് പിഎ സാങ്മയുടെ നാഷണല്‍ പീപ്പിള്‍ പാര്‍ട്ടിയുടെ അംഗീകാരം കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തത്.

30 ദിവസത്തെ സമയമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് അനുവദിച്ച് നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയുടെ 2013-2014 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് 30 ദിവസത്തിനകം സമര്‍പ്പിച്ചില്ലെങ്കില്‍ നടപടിയെടുക്കും എന്നാണ് മുന്നറിയിപ്പ്, ജൂണ്‍ 9 നാണ് ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചത്.
പറഞ്ഞ സമയത്തിനുള്ളില്‍ കണക്ക് സമര്‍പ്പിച്ചില്ലെങ്കില്‍ സാങ്മയുടെ പാര്‍ട്ടിയുടെ ഗതി തന്നെ ആകും കോണ്‍ഗ്രസിന് എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവരെ നാല് ദേശീയ പാര്‍ട്ടികളും 28 പ്രാദേശിക പാര്‍ട്ടികളും മാത്രമാണ് കണക്കുകള്‍ സമര്‍പ്പിച്ചിട്ടുള്ളത്.
കോണ്‍ഗ്രസ് കണക്ക് സമര്‍പ്പിക്കാതിരുന്നു എന്നത് മാത്രമല്ല പ്രശ്‌നം. കണക്കുകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസ് മാത്രമല്ല കെട്ടോ, കേന്ദ്ര ഭരിയ്ക്കുന്ന ബിജെപിയും ഇതുവരെ കണക്കുകളൊന്നും സമര്‍പ്പിച്ചിട്ടില്ല. 2014 നവംബര്‍ 30 ന് മുമ്പ് കണ്ക്ക് സമര്‍പ്പിക്കണം എന്നായിരുന്നു കമ്മീഷന്റെ നിര്‍ദ്ദേശം.












Click it and Unblock the Notifications