ചലച്ചിത്ര താരം സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേര്‍ന്നു: ഗുരുദാസ് പൂരില്‍ നിന്ന് മത്സരിച്ചേക്കും!!
ദില്ലി: ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ചലച്ചിത്ര താരം സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി അധ്യക്ഷന്‍ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പാര്‍ട്ടി പ്രവേശന പ്രഖ്യാപനം. പഞ്ചാബിലെ ഗുരുദാസ് പൂരില്‍ നിന്നും സണ്ണി ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തന്റെ പിതാവ്(ധര്‍മേന്ദ്ര) എങ്ങനെയാണോ അടല്‍ ബിഹാരി വാജ്‌പേയിയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നത് അതേ പോലെ തന്നെ താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി പാര്‍ട്ടി പ്രവേശനത്തിന് ശേഷം സണ്ണി ഡിയോള്‍ പ്രതികരിച്ചു. യുവാക്കള്‍ക്ക് മോദിയെ പോലുള്ള നേതാക്കളെയാണ് ആവശ്യമെന്നും, അദ്ദേഹം കുറച്ചു സംസാരിക്കുകയും കൂടുതല്‍ പണിയെടുക്കുകയും ചെയ്യുന്നയാളാണെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആഴ്ച അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സണ്ണി ഡിയോള്‍ രാഷ്ട്രീയ പ്രവേശനം നടത്തുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ''ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്ന തരത്തിലുള്ള കിംവദന്തികള്‍ പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തെ(അമിത് ഷാ) ഞാന്‍ കണ്ടിരുന്നു, ഞങ്ങള്‍ ഒന്നിച്ച് ഫോട്ടോയെടുത്തു. അത്ര മാത്രമേയുള്ളു. ഇതായിരുന്നു കൂടിക്കാഴ്ചക്ക് ശേഷം സണ്ണി ഡിയോളിന്റെ പ്രതികരണം.
പഞ്ചാബില്‍ ശിരോമണി അകാലിദളുമായി സഖ്യമുണ്ടാക്കിയ ബിജെപി 13 പാര്‍ലമെന്ററി സീറ്റുകളില്‍ അമൃത്സര്‍, ഗുര്‍ദാസ്പൂര്‍, ഹോഷിയാര്‍പൂര്‍ എന്നീ 3 ഇടങ്ങളിലാണ് മത്സരിക്കുന്നത്. 2017ല്‍ അന്തരിച്ച ചലച്ചിത്ര താരം വിനോദ് ഖന്നയുടെ നിയോജക മണ്ഡലമാണ് ഗുര്‍ദാസ് പൂര്‍. 62കാരനായ സണ്ണിയുടെ അഭിനയ മികവ് തെളിയിച്ച ചിത്രങ്ങളായിരുന്നു ഗദ്ദര്‍: ഏക് പ്രേംകഥ, ദാമിനി, ഗായല്‍, ബോര്‍ഡര്‍ എന്നിവ.












Click it and Unblock the Notifications