പബ്ജി പ്രണയം; പാക് സ്വദേശി സീമ ബോളിവുഡിലേക്ക്, അവസരം വാഗ്ദാനം ചെയ്ത് നിര്‍മ്മാതാവ്
മുംബൈ: കാമുകനെ തേടി മക്കളുമായി പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയ സീമ ഹൈദര്‍ എന്ന യുവതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായിരുന്നു. ഉത്തര്‍ പ്രദേശ് സ്വദേശിയായ കാമുകന്‍ സച്ചിന്‍ മീണയെ തേടി കഴിഞ്ഞ മാസമാണ് സീമ നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് എത്തിയത്. പിന്നാലെ സീമയെ ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ വരെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ സീമയുടെ പേര് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
സീമ ഹൈദര്‍ക്ക് ബോളിവുഡ് സിനിമയിലേക്ക് അവസരം ലഭിച്ചിരിക്കുകയാണെന്ന വാര്‍ത്തയാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈയില്‍ നിര്‍മ്മാണ കമ്പനി നടത്തുന്ന അമിത് ജാനി എന്ന നിര്‍മ്മാതാവാണ് സീമയ്ക്ക് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് അമിത് ജാനി സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവയ്ക്കുകയായിരുന്നു.

സീമ ഹൈദറിന്റെയും സച്ചിന്റെയും സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണ് താന്‍ ഓഫര്‍ നല്‍കിയതെന്നാണ് അമിത് ജാനി വീഡിയോയില്‍ പറയുന്നത്. അടുത്തിടെ അമിത് ജാനിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു. അതേസമയം, തങ്ങള്‍ക്കെതിരെ അന്വേഷണം നടക്കുന്നതിനാല്‍ ഒരു ജോലിയും ലഭിക്കുന്നില്ലെന്നും സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും സീമയും സച്ചിനും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഈ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സാമ്പത്തികമായി സഹായിക്കുന്നതിന് വേണ്ടി സീമ ഹൈദര്‍ക്ക് അമിത് ജാനി സിനിമയിലേക്ക് അവസരം നല്‍കാന്‍ ഒരുങ്ങുന്നത്. നൂപുര്‍ ശര്‍മ്മ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട കനയ്യ ലാല്‍ സാഹുവിന്റെ കൊലപാതകത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് അമിത് ജാനിയുടേതായി പുറത്തിറക്കുന്ന ചിത്രം.
അതേസമയം, സീമ ഹൈദര്‍ അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതിനെ താന്‍ പിന്തുണയ്ക്കുന്നില്ലെന്നും ദമ്പതികളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് തനിക്ക് അറിയാമെന്നും അതിനാല്‍ തന്റെ വരാനിരിക്കുന്ന സിനിമകളിലൊന്നില്‍ സീമയ്ക്ക് വേഷം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അമിത് ജാനി വൈറലായ വീഡിയോയില്‍ പറഞ്ഞു.
കാമുകന്‍ സച്ചിന്‍ മീണയുടെയും കുടുംബത്തിന്റെയും സഹായത്തോടെ വ്യാജരേഖ ചമച്ചാണ് സീമ ഹൈദര്‍ നേപ്പാളില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്നത്. സീമയ്ക്ക് പാകിസ്ഥാനില്‍ ഭര്‍ത്താവും കുടുംബവുമുണ്ട്. പബ്ജി ഗെയിമിലൂടെയാണ് സീമ സച്ചിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പാകിസ്ഥാനിലെ വീടും സ്ഥലവുമൊക്കെ വിറ്റ് ഇന്ത്യയിലേക്ക് അനധികൃതമായി കടക്കുകയായിരുന്നു.












Click it and Unblock the Notifications