യെച്ചൂരിക്ക് വിട പറഞ്ഞ് രാജ്യം; ഭൗതികശരീരം വൈദ്യപഠനത്തിന് എയിംസിന് കൈമാറി
ഡൽഹി: സി പിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യാത്ര പറഞ്ഞ് രാജ്യം. ഭൗതിക ശരീരം വൈദ്യപഠനത്തിനായി ഡൽഹി എയിംസിന് കൈമാറി. എ കെ ജി ഭവനിൽ നിന്നും യെച്ചൂരിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. സി പി എമ്മിന്റെ മുതിർന്ന നേതാക്കളും പാർട്ടി പ്രവർത്തകരും എ കെ ജി ഭവനിൽ നിന്നാരംഭിച്ച വിലാപയാത്രയിൽ പങ്കെടുത്തു.

രാഷ്ട്രപതി ഉൾപ്പെടെ വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെ ഉന്നത നേതാക്കളും പ്രവർത്തകരും വിദ്യാർത്ഥികളും യെച്ചൂരിക്ക് അന്തിമോപചാരം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഉള്ള പി ബി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്
ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് യെച്ചൂരിയുടെ അന്ത്യം. 32 വർഷമായി സി പി എം പോളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിക്കുന്ന യെച്ചൂരി 2015 ൽ ആണ് ജനറൽ സെക്രട്ടറി പദവിയിൽ എത്തിയത്. 2005 മുതൽ 2017 വരെ ബംഗാളിൽ നിന്നുള്ള രാജ്യ സഭാംഗമായിരുന്നു.
സർവേശ്വര സോമയാജലു യെച്ചൂരിയുടെയും കൽപകത്തിന്റെയും മകനായി 1952 ആഗസ്റ്റ് 12 ന് ചെന്നൈയിലാണ് യെച്ചൂരി സീതരാമ റാവു ജനിച്ചത്. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ജെ എൻ യുവിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. ജെ എൻ യുവിൽ വെച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായ സീതാറാം യെച്ചൂരി 1974 ൽ എസ് എഫ് ഐയിൽ അംഗമായി.
മൂന്ന് വട്ടം ജെ എൻ യു സർവകലാശാല യൂണിയൻ പ്രസിഡന്റായി. ജെ എൻ യു വിൽ പി എച്ച് ഡിക്ക് ചേർന്നുവെങ്കിലും അടിയന്തരാവസ്ഥ കാലത്തെ ഒളിവ് ജീവിതം കാരണം അദ്ദേഹത്തിന് അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അടിയന്തരാവസ്ഥ കാലത്ത് അദ്ദേഹം അറസ്റ്റിലായിരുന്നു. 1978 ൽ എസ് എഫ് ഐയുടെ ദേശീയ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1989 ൽ എസ് എഫ് ഐ ദേശീയ പ്രസിഡന്റായി. 1984ൽ യെച്ചൂരി സി പി എം കേന്ദ്ര കമ്മിറ്റി അംഗമായി. 1988 ൽ കേന്ദ്ര സെക്രട്ടറിയറ്റ് അംഗമായി. 1992 ൽ പോളിറ്റ് ബ്യൂറോ അംഗമായി.












Click it and Unblock the Notifications