ജമ്മു കാശ്മീരിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്; വിധിയെഴുതുന്നത് 40 മണ്ഡലങ്ങൾ
ജമ്മു കാശ്മീരിൽ ഇന്ന് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കും. 40 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. 5060 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. വോട്ടെടുപ്പ് നടപടികൾക്കായി 20,000 ഉദ്യോഗസ്ഥരെേയും നിയോഗിച്ചിട്ടുണ്ട്. രണ്ട് മുൻ ഉപമുഖ്യമന്ത്രിമാരായ താരാ ചന്ദ്, മുസാഫർ ബെയ്ഗ് എന്നിവരുൾപ്പെടെ 415 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.
വോട്ടെടുപ്പ് നടക്കുന്ന 24 മണ്ഡലങ്ങൾ ജമ്മു ഡിവിഷനിലും ബാക്കിയുള്ളവ കാശ്മീരിലുമാണ്. ഞായറാഴ്ചയാണ് ഇവിടങ്ങളിൽ പരസ്യപ്രചരണം അവസാനിച്ചത്. ഉധംപൂർ, ബാരാമുള്ള, കത്വ, കുപ്‌വാര എന്നിവിടങ്ങളിലെ മുമ്പ് ഭീകരാക്രമണം നടന്ന പ്രദേശങ്ങളിൽ കേന്ദ്ര സായുധ പോലീസ് സേനയെയും ക്വിക്ക് റെസ്‌പോൺസ് ടീമിനെയും വിന്യസിച്ചിട്ടുണ്ട്. വോട്ടിംഗ് സമാധാനപരമാണെന്ന് ഉറപ്പാക്കാൻ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചതായി ജമ്മു എഡിജിപി ആനന്ദ് ജെയിൻ അറിയിച്ചു.

മൂന്നാം ഘട്ട വോട്ടെടുപ്പിൽ പടിഞ്ഞാറൻ പാകിസ്ഥാൻ അഭയാർഥികൾ, വാൽമീകി സമാജം, ഗൂർഖ സമുദായാംഗങ്ങൾ എന്നിവർ വോട്ട് ചെയ്യുന്നുവെന്നതാണ് മറ്റൊരു പ്രത്യേക. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെയാണ് നിയസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഇവർക്ക് അവകാശം ലഭിക്കുന്നത്. 2019 ലും 2020 ലും ബ്ലോക്ക് ഡെവലെപ്മെന്റ് കൗൺസിലിലേക്കും ജില്ലാ ഡെവലപ്മെന്റ് കൗൺസിലിലേക്കും ഇവർ വോട്ട് രേഖപ്പെടുതിയിരുന്നു.
അതേസമയം പീപ്പിൾസ് കോൺഫറൻസ് ചെയർമാനും മുൻ മന്ത്രിയുമായ സജ്ജാദ് ലോൺ, നാഷണൽ പാന്തേഴ്‌സ് പാർട്ടി ഇന്ത്യ പ്രസിഡന്റ് ദേവ് സിംഗ് എന്നിവർ അടക്കമുള്ള പ്രമുഖരാണ് ഇന്ന് ജനവിധി തേടുന്നത്. കുപ്‌വാരയിൽ നിന്ന് രണ്ട് സീറ്റുകളിൽ ലോൺ മത്സരിക്കുന്നുണ്ട്. ഉധംപൂരിലെ ചെന്നി മണ്ഡലത്തിൽ നിന്നാണ് ദേവ് സിംഗ് മത്സരിക്കുന്നത്.
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് നടക്കുന്നത്. അതിശക്തമായ തിരഞ്ഞെടുപ്പ് പ്രചരണത്തിനായിരുന്നു സംസ്ഥാനം വേദിയായത്. സംസ്ഥാനത്ത് എന്ത് വിധേനയും അധികാരം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി തിരഞ്ഞെടുപ്പിന് ഇറിങ്ങിയത്. മുൻപ് പിഡിപിയുമായി സഖ്യത്തിലാണ് സംസ്ഥാനം ബിജെപി ഭരിച്ചിരുന്നത്. ഇത്തവണ തനിച്ചായിരുന്നു തിരഞ്ഞെടുപ്പ് പോരാട്ടം. അതേസമയം കോൺഗ്രസും നാഷ്ണൽ കോൺഫറൻസും സഖ്യത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ആദ്യ ഘട്ട വോട്ടെടുപ്പിൽ ശക്തമായ പോളിംഗ് ആയിരുന്നു രേഖപ്പെടുത്തിയത്. ഒന്നാം ഘട്ടത്തിൽ 61.38 ശതമാനവും രണ്ടാം ഘട്ടത്തിൽ 58.31 ശതമാനവുമായിരുന്നു പോളിംഗ്.












Click it and Unblock the Notifications