കാണാതായ ഹേമമാലിനി ഒടുവില്‍ മണ്ഡലത്തിലെത്തി
മധുര: ജനങ്ങളുടെ വോട്ട് ലഭിക്കുംവരെ മണ്ഡലത്തില്‍ ദിവസങ്ങളോളം താമസിക്കുകയും, വന്‍ ഭൂരിപക്ഷത്തില്‍ ജനങ്ങള്‍ ജയിപ്പിച്ച ഉടന്‍ മണ്ഡലത്തില്‍ നിന്നും മുങ്ങുകയും ചെയ്ത ബോളിവുഡ് നടി ഹേമമാലിനി ഒടുവില്‍ മധുരയില്‍ തന്റെ മണ്ഡലത്തിലെത്തി. ഹേമമാലിനി മണ്ഡലത്തില്‍ എത്താത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധം തുടങ്ങിയതോടെ ബിജെപി നേതൃത്വത്തിന്റെ സമ്മര്‍ദ്ദ ഫലമായാണ് ഹേമമാലിനി മധുരയിലെത്തിയത്.
മധുരയിലെ തന്റെ ഓഫീസിലെത്തിയ ഹേമമാലിനിയെ നിരവധി ജനങ്ങള്‍ പരാതിയുമായി സമീപിച്ചു. പരാതിയുമായി ഹേമമാലിനുയുടെ ഓഫീസില്‍ തിക്കിത്തിരക്കിയ ജനങ്ങളെ ഒരു വിധത്തിലാണ് പ്രാദേശിക നേതൃത്വം നിയന്ത്രിച്ചത്. പരാതിക്കൊപ്പം രൂക്ഷവിമര്‍ശനവും ജനങ്ങളില്‍ നിന്നും ഹേമമാലിനിക്ക് നേരിടേണ്ടിവന്നു.

പ്രാദേശിക നേതാക്കളുമായുള്ള യോഗത്തിനിടെ നേതാക്കള്‍ ഹേമമാലിനിയുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനത്തെ വിമര്‍ശിച്ചു. തങ്ങള്‍ ഇത്രയും ഭൂരിപക്ഷത്തില്‍ ജയിപ്പിച്ചിട്ടും തങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഒരു നേതാവ് ആഞ്ഞടിച്ചു. അമേരിക്കയില്‍ ഡാന്‍സ് പരിപാടിക്കായി പോയ ഹേമമാലിനി കഴിഞ്ഞദിവസമാണ് തിരിച്ചെത്തിയത്.
ഇത്തവണ ലോക്‌സഭയില്‍ സീറോ അറ്റന്‍ഡന്‍സ് ആണ് അവര്‍ക്കുള്ളത്. എന്നാല്‍, തന്റെ തിരക്ക് നേരത്തെ അറിയിച്ചിരുന്നതാണെന്നും ഇനിമുതല്‍ കൂടുതല്‍ പ്രവര്‍ത്തനവുമായി രംഗത്തുണ്ടാകുമെന്നും അവര്‍ പറഞ്ഞു. മണ്ഡലത്തില്‍ തിരിഞ്ഞു നോക്കാത്തിതിനെ തുടര്‍ന്ന് ഹേമമാലിനിയെ കാണാനില്ലെന്ന പോസ്റ്ററുകള്‍ മണ്ഡലത്തില്‍ വ്യാപകമായി പതിച്ചിരുന്നു. ഇത്തരം പോസ്റ്ററുകള്‍ എതിര്‍ പാര്‍ട്ടിക്കാരുടെ പണിയാണെന്നും അതില്‍ താന്‍ കാര്യമാക്കുന്നില്ലെന്നുമാണ് ഹേമാലിനി ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.












Click it and Unblock the Notifications