'പ്രിയങ്ക ഗാന്ധി ക്ഷമിക്കണം';ഒടുവിൽ മുട്ടുമടക്കി യുപി പോലീസ് കൈയ്യേറ്റത്തിൽ അന്വേഷണം
ദില്ലി; പ്രതിഷേധങ്ങൾക്കൊടുവിൽ പ്രിയങ്ക ഗാന്ധിയോട് ക്ഷമ ചോദിച്ച് യുപി പോലീസ്. ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ പോലീസ് പ്രിയങ്കയെ കൈയ്യേറ്റം ചെയ്തിരുന്നു. പോലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയർന്നത്. ഇതിന് പിന്നാലെയാണ് ക്ഷമ ചോദിച്ച് യുപി പോലീസ് രംഗത്തെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണത്തിനും ഉത്തരവിട്ടു.സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന തരത്തിലുള്ള പ്രവർത്തിയെ അനകൂലിക്കില്ലെന്നും പോലീസ് വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.
ഹത്രാസിൽ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ യുപി പോലീസ് കൈയ്യേറ്റം ചെയ്ത രീതിയ്ക്കെതിരെ ശക്തമായ പ്രതിഷേധമായിരുന്നു ഉയർന്നത്. യാത്രയ്ക്കിടെ പ്രിയങ്ക ഉൾപ്പെടുന്ന കോൺഗ്രസ് സംഘത്തെ പോലീസ് സംഘം തടയുകയായിരുന്നു. തുടർന്ന് പോലീസ് തീർത്ത തടസങ്ങൾ ഭേദിച്ച് പ്രിയങ്ക ഗാന്ധി മുന്നോട്ട് നീങ്ങി. ഇതിനിടെ ഉണ്ടായ സംഘര്‍ഷത്തിനിടെയായിരുന്നു പോലീസ് ഉദ്യോഗസ്ഥന് പ്രിയങ്ക ഗാന്ധിയെ കയ്യേറ്റം ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയത്.
നൂറു കണക്കിന് വരുന്ന കോൺഗ്രസ് പ്രവർത്തകരെ ലാത്തി കൊണ്ട് പോലീസ് നേരിട്ടപ്പോൾ പ്രിയങ്ക ഗാന്ധി ഇത് തടയിട്ട് മുൻപോട്ട് നീങ്ങുകയായിരുന്നു. ഇതിനിടെ പ്രിയങ്കയുടെ നീല കുർത്ത പോലീസ് പിടിച്ച് വലിച്ചു.ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെയ്ക്കപ്പെട്ടു.'യുപിയില്‍ വനിതാ പോലീസുകാരില്ലെയെന്നായിരുന്നു ചിത്രം പങ്കുവെച്ച് ശിവസേന നേതാവ് സഞ്ജയ് റൗത്ത് ട്വിറ്ററിലൂടെ ചോദിച്ചത്.
അതേസമയം പെൺകുട്ടിയുടെ വീട്ടിലെത്തിയ രാഹുൽ ഗാന്ധിയും പ്രിയങ്കയും ബന്ധക്കളോടൊപ്പം ഏകദേശം മുക്കാൽ മണിക്കൂറോളം ചെലവിട്ടു. പ്രിയങ്കയെ കണ്ടമാത്രമയിൽ പെൺകുട്ടിയുടെ അമ്മ അവരെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, മുകുൾ വാസ്നിക് എന്നിവർക്കൊപ്പമായിരുന്നു പ്രിയങ്കയും രാഹുലും ഹത്രാസിൽ എത്തിയത്.
കുടുംബത്തിന്റെ നീതിയ്ക്കായി ഏതറ്റം വരയും പോരാടുമെന്ന് പ്രഖ്യാപിച്ചായിരുന്നു പ്രിയങ്കയും രാഹുലും വീട്ടിൽ നിന്ന് മടങ്ങിയത്.