ശമ്പളം 80000 രൂപ; എന്നിട്ടും ഒന്നുമില്ലാത്ത അവസ്ഥ; കാരണങ്ങള്‍ നിരത്തി യുവാവിന്റെ പോസ്റ്റ്: വിമര്‍ശനം
ബെംഗളൂരു: നഗരങ്ങളിലെ ഉയര്‍ന്ന ജീവിതച്ചെലവ് ഇന്ന് ഇന്ത്യന്‍ യുവത്വം നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ്. ഉയര്‍ന്ന ശമ്പളം കിട്ടിയാലും ചിലവ് കഴിഞ്ഞ് ഒന്നും മിച്ചംപിടിക്കാന്‍ പറ്റാത്ത അവസ്ഥ. ഇത്തരമൊരു പ്രശ്‌നത്തെക്കുറിച്ച് യുവാവ് പങ്കുവെച്ച അനുഭവം വലിയ തോതില്‍ വൈറലായിരിക്കുകയാണ്. പ്രതിമാസം 80,000 രൂപയാണ് യുവാവിന്റെ ശമ്പളം. എന്നാല്‍ മാസാവസാനമാകുമ്പോള്‍ കയ്യില്‍ പണമില്ലാത്ത അവസ്ഥയാണെന്ന് യുവാവ് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
പ്രതിമാസം 80,000 രൂപ ശമ്പളം ലഭിക്കുന്നത് പുറമെ നിന്ന് നോക്കുന്ന ഒരാള്‍ക്ക് വലിയൊരു തുകയായി തോന്നാം. എന്നാല്‍ ഇത്രയും വലിയൊരു തുക കൈപ്പറ്റിയിട്ടും മാസാവസാനം കയ്യില്‍ പണമില്ലാത്ത അവസ്ഥയിലാണെന്ന് യുവാവ് പറയുന്നു. റെഡ്ഡിറ്റിലൂടെയാണ് തന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ഇദ്ദേഹം തുറന്നു പറഞ്ഞത്. വാടക, പലചരക്ക് സാധനങ്ങള്‍, വൈദ്യുതി, മൊബൈല്‍ ഉള്‍പ്പെടെ വിവിധ ബില്ലുകള്‍, ഇഎംഐകള്‍ എന്നിവ കഴിഞ്ഞാല്‍ സമ്പാദ്യമായി മാറ്റിവെക്കാന്‍ തന്റെ കയ്യില്‍ ഒന്നും അവശേഷിക്കുന്നില്ലെന്നാണ് ഇദ്ദേഹത്തിന്റെ സങ്കടം. ഇത് ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തില്‍ സ്വാഭാവികമാണോ എന്ന ചോദ്യവും ഇദ്ദേഹം ഉന്നയിക്കുന്നു.

ഓരോ മാസവും ശമ്പളം അക്കൗണ്ടിലെത്തുമ്പോള്‍ തന്നെ അത് വിവിധ ആവശ്യങ്ങള്‍ക്കായി ചെലവായിപ്പോകുന്നുവെന്ന് അദ്ദേഹം പറയുന്നു. താന്‍ സാമ്പത്തികമായി മുന്നേറുന്നതിന് പകരം വെറും അതിജീവനത്തിനായി മാത്രം പണം ചെലവാക്കുകയാണെന്ന തോന്നലാണ് ഇദ്ദേഹത്തിനുള്ളത്. കൃത്യമായ വരുമാനമുണ്ടായിട്ടും ഭാവിയിലേക്ക് വേണ്ടി പണം സ്വരൂപിക്കാനോ മറ്റ് ആസൂത്രണങ്ങള്‍ നടത്താനോ കഴിയാത്ത അവസ്ഥ തന്നെ മാനസികമായി തളര്‍ത്തുന്നുവെന്ന് അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കുന്നു. നഗരങ്ങളിലെ ഉയര്‍ന്ന ജീവിതച്ചെലവ് സാധാരണക്കാരുടെ സമ്പാദ്യത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതിലേക്കാണ് ഈ കുറിപ്പ് വിരല്‍ചൂണ്ടുന്നത്.
യുവാവിന്റെ ഈ പോസ്റ്റിനോട് സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. ചിലര്‍ ഇദ്ദേഹത്തിന്റെ അവസ്ഥയോട് പൂര്‍ണമായും യോജിക്കുന്നു. പ്രത്യേകിച്ച് മെട്രോ നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 80,000 രൂപ എന്നത് വലിയൊരു തുകയല്ലെന്നും അവിടുത്തെ വീട്ടു വാടകയും മറ്റ് നിത്യച്ചെലവുകളും ഈ പണത്തിന്റെ വലിയൊരു ഭാഗം കവര്‍ന്നെടുക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. നഗരജീവിതം ശമ്പളം വേഗത്തില്‍ തീര്‍ക്കുന്നതിന് ഉദാഹരണമായി ബെംഗളൂരുവില്‍ നിന്നുള്ള സമാനമായ മറ്റ് കഥകളും ആളുകള്‍ പങ്കുവെക്കുന്നുണ്ട്. 18 ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ പോലും വിവാഹശേഷം നഗരത്തില്‍ ജീവിക്കാന്‍ കഷ്ടപ്പെടുന്നു എന്ന തരത്തിലുള്ള കമന്റുകളും ഇതിനൊപ്പം ഉയര്‍ന്നു വന്നു.
അതേസമയം, ഇതൊരു മോശം സാമ്പത്തിക മാനേജ്മെന്റിന്റെ ഫലമാണെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തം ഒരാളുടെ തലയിലല്ലെങ്കില്‍ 80,000 രൂപ എന്നത് മാന്യമായ ഒരു തുകയാണെന്നും അനാവശ്യ ചെലവുകള്‍ കുറച്ചാല്‍ പണം സമ്പാദിക്കാന്‍ കഴിയുമെന്നും ഇവര്‍ വാദിക്കുന്നു. എവിടെ താമസിക്കുന്നു, നിങ്ങളുടെ കുടുംബ സാഹചര്യം എന്താണ്, നിങ്ങളുടെ ചെലവാക്കല്‍ രീതികള്‍ എങ്ങനെയാണ് എന്നതിനെ ആശ്രയിച്ചാണ് ഒരാളുടെ സാമ്പത്തിക ഭദ്രത നിലനില്‍ക്കുന്നത് എന്ന നിരീക്ഷണത്തോടെയാണ് ചര്‍ച്ചകള്‍ തുടരുന്നത്.


Click it and Unblock the Notifications