പിടക്കോഴിയെ പഞ്ചാരയടിച്ച പൂവന് പണികിട്ടി
ഭോപ്പാല്‍:തന്റെ പ്രിയപ്പെട്ട കാമുകിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന വില്ലനെ വെടിവച്ചിടുന്ന നായകന്‍മാരുണ്ട്.... പ്രിയപ്പെട്ട മകളെയോ സഹോദരിയേയോ അമ്മയേയോ സുഹൃത്തിനേയോ ഉപദ്രവിക്കാന്‍ ശ്രമിക്കുവരെ വെടിവച്ച് തുരത്തുന്ന നായകന്‍മാരും നമുക്ക് സുപരിചിതമാണ്.... മകളെ പ്രണയിച്ച കാമുകനെ വെടിവച്ച് കൊന്ന അച്ഛന്‍മാരെക്കുറിച്ചും നമ്മള്‍ കേട്ടിട്ടുണ്ട്... എന്നാല്‍ തന്റെ വളര്‍ത്ത് കോഴിയുമായി സല്ലപിക്കാനെത്തിയ പൂവന്‍കോഴിയെ അമ്പെയ്ത് വീഴ്ത്തിയ കഥ ആരെങ്കിലും കേട്ടിട്ടുണ്ടോ.... തന്റെ പൂവനെ അമ്പെയ്ത ആള്‍ക്കെതിരെ പോലീസില്‍ കേസ് കൊടുത്ത കഥകേട്ടിട്ടുണ്ടോ.... ഇല്ലെങ്കില്‍ ഇതാ കേട്ടോളൂ
ഭോപ്പാലിലെ ദേകാകുണ്ട് ഗ്രാമത്തിലാണ് സംഭവം. ക്രിസ്മസിന് തൊട്ട് മുമ്പത്തെ തിങ്കളാഴ്ചയിലെ പ്രഭാതം. ജാഗ്ലിയ ഭില്‍ എന്ന ഗ്രാമവാസിയുടെ പൂവന്‍കോഴി രാവിലെ സവാരിക്കിറങ്ങിയതായിരുന്നു. അബദ്ധത്തില്‍ ജാഗ്ലിയയുടെ അയല്‍വാസിയായ ഗ്യാന്‍ സിങ് ഭില്ലിന്റെ വീട്ടുവളപ്പില്‍ എത്തിപ്പോയി. അവിടെയാണങ്കില്‍ ഗ്യാന്‍ സിങ് ഓമനിച്ച് വളര്‍ത്തുന്ന ഒരു പിടക്കോഴിയും ഉണ്ട്.

അല്‍പ സമയം കഴിഞ്ഞപ്പോള്‍ ഗ്യാന്‍ സിങ്ങിന്റെ പിടക്കോഴി ജാഗ്ലിയയുടെ പൂവനെ ചുറ്റിപ്പറ്റി നടക്കാന്‍ തുടങ്ങി. തന്റെ പ്രിയപ്പെട്ട പിടക്കോഴി ഇതുവരെ ഒരു പരിചയവും ഇല്ലാത്ത ഒരു പൂവന്റെ കൂടെ നടക്കുകയോ...? ഗ്യാന്‍ സിങ്ങിന് സഹിച്ചില്ല.
വേഗം വീട്ടിനകത്ത് കയറി താന്‍ സ്വയം നിര്‍മ്മിച്ച അമ്പും വില്ലുമെടുത്ത് യുദ്ധ സന്നദ്ധനായി പുറത്ത് വന്നു. അനുവാദം ചോദിക്കാതെ അതിര്‍ത്തികടന്നെത്തി തന്റെ പിടക്കോഴിയെ പ്രണയിക്കുന്ന പൂവന് നേര്‍ക്ക് ഒരു കൂരമ്പ് തൊടുത്തു.
അമ്പുകൊണ്ടതും പൂവന്‍ ഉറക്കെ കരഞ്ഞു. അപ്പോഴതാ വരുന്നു ജാഗ്ലിയ ഭില്‍. ഗ്യാന്‍ സിങ്ങിന് തന്റെ പിടക്കോഴി എത്ര പ്രിയപ്പെട്ടതാണോ, അതിലും പ്രിയമാണ് ഗ്യാന്‍ സിങ്ങിന് തന്റെ പൂവന്‍. എന്തായാലും കോഴിക്ക് വേണ്ടി മറ്റൊരു നേര്‍യുദ്ധത്തിന് ഗ്യാന്‍ സിങ് മുതിര്‍ന്നില്ല. അമ്പേറ്റ കോഴിയുമായി നേരെ ചെന്നത് പോലീസ് സ്‌റ്റേഷനിലേക്കാണ്. ഒരു പരാതിയും എഴുതിക്കൊടുത്ത് പൂവനെ വേഗം മൃഗാശുപത്രിയിലെത്തിച്ചു. അല്‍പം പരിശ്രമിച്ചിട്ടാണെങ്കിലും ഡോക്ടര്‍ അമ്പ് പുറത്തെടുത്തു. ജാഗ്ലിയക്ക് തന്റെ പ്രിയപ്പെട്ട പൂവനെ ജീവനോടെ തന്നെ തിരിച്ച് കൊടുത്തു.
ജോബട്ട് പോലീസ് സ്‌റ്റേഷനില്‍ ആണ് കേസ് കൊടുത്തത്. ഐപിസി 427-ാം വകുപ്പ് പ്രകാരമാണ് ഗ്യാന്‍ സിങ്ങിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പാണിത്.












Click it and Unblock the Notifications