കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്‌തെന്നാരോപണം; കണ്ണന്‍ ഗോപിനാഥനെതിരെ എഫ്‌ഐആര്‍
മുംബൈ: രാജിവെച്ച മലയാളി ഐഎഎസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തുവെന്നാരോപിച്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഗുജറാത്തിലെ രാജകോട്ട് ഭക്തിനഗര്‍ പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദ് ചെയ്തതിനെ പിന്നാലെയായിരുന്നു മലയാളി ഐഎഎസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥന്‍ രാജി വെച്ചത്. എട്ട് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു രാജി. എന്നാല്‍ കണ്ണന്‍ ഗോപിനാഥിന്റെ രാജി സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല.

കണ്ണന്‍ ഗോപിനാഥിനോട് തിരികെ സര്‍വ്വീസിലേക്ക് കയറാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. കൊറോണ വൈറസ് രോഗം പടരുന്ന സാഹചര്യത്തില്‍ 2005 ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമപ്രകാരമാണ് ഉത്തരവ്. എന്നാല്‍ താന്‍ തിരിച്ച് സര്‍വ്വീസിലേക്ക് പ്രവേശിക്കില്ലെന്ന നിലപാടിലായിരുന്നു കണ്ണന്‍ ഗോപിനാഥന്‍. രാജിവെച്ച് എട്ട് മാസത്തിന് ശേഷവും സര്‍വ്വീസില്‍ തിരിച്ച് കയറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് തന്നെ ദ്രോഹിക്കാനാണെന്നുമായിരുന്നു കണ്ണന്‍ ഗോപിനാഥന്റെ പ്രതികരണം.
ജനങ്ങളോയും ഉദ്യോഗസ്ഥരേയും ദ്രോഹിക്കുകയാണ്. തന്നെ ഇനിയും ഉപദ്രവിക്കുകയെന്നത് മാത്രമാണ് ഉദേശമെന്ന് തനിക്കറിയാം. എങ്കിലും ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാന്‍ തയ്യാറാണ്. പക്ഷെ ഐഎഎസിലേക്ക് തിരികെയില്ലായെന്നായിരുന്നു കണ്ണന്‍ ഗോപിനാഥന്‍ പ്രതികരിച്ചത്.
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
2019 ഓഗസ്റ്റ് 27ന് അയച്ച കത്തില്‍ കണ്ണന്‍ ഗോപിനാഥനോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിരുന്നുവെന്നും എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല എന്നും പുതിയ ഉത്തരവില്‍ സൂചിപ്പിക്കുന്നുണ്ട്.
എന്നാല്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന് നല്‍കിയ മറുപടി കത്തും കണ്ണന്‍ ഗോപിനാഥന്‍ പുറത്ത് വിട്ടിരുന്നു. 'കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍വ്വീസില്‍ തിരികെകയറാന്‍ ഉത്തരവ് ഇട്ടുകൊണ്ടുള്ള മെയില്‍ ലഭിച്ചു ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. 8 മാസങ്ങള്‍ക്ക് മുന്‍പ് ഓഗസ്റ്റ് 2019ലാണ് താന്‍ ഐഎഎസില്‍ നിന്ന് രാജി വെച്ചത്.അന്ന് മുതല്‍ തനിക്ക് ശമ്പളം സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ മറുപടി പറയേണ്ട ആവശ്യവും ഇല്ല. കൊറോണയെ ചെറുക്കാനുളള പോരാട്ടത്തില്‍ വ്യക്തിപരമായി താന്‍ സര്‍ക്കാരിനേയും സന്നദ്ധ സംഘടനകളേയും സഹായിക്കുന്നുണ്ട്. എന്നിരിക്കിലും ശാരീരികമായും സാമ്പത്തികമായും അടക്കം ദാദ്ര നാഗര്‍ഹവേലിയിലേയും ദാമന്‍ദിയുവിലേയും ജനങ്ങളേയും സര്‍ക്കാരിനേയും സഹായിക്കാന്‍ സന്നദ്ധമാണ്.' എന്നായിരുന്നു കണ്ണന്‍ ഗോപിനാഥന്‍ മറുപടി നല്‍കിയത്.












Click it and Unblock the Notifications