പീഡന പരാതി: ഗുസ്തി ഫെഡറേഷൻ തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ കേസെടുക്കും
ദില്ലി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റും ബി ജെ പി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന വനിതാ ഗുസ്തി താരങ്ങളുടെ പരാതികളിൽ ദില്ലി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യും. സോളിസിറ്റർ ജനറൽ തുഷാർ മേത്ത മുഖേനയാണ് ദില്ലി പോലീസ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.
ലൈംഗികാതിക്രമം ആരോപിച്ച് യുപിയിലെ കൈസർഗഞ്ചിൽ നിന്നുള്ള ബി ജെ പി എംപി ബ്രിജ് ഭൂഷണിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏഴ് വനിതാ ഗുസ്തിക്കാർ നൽകിയ ഹർജിയിൽ ഡൽഹി പോലീസിന് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുമെന്ന വിവരം കോടതിയെ അറിയിച്ചത്.
2012 മുതൽ 2022 വരെയുള്ള 10 വർഷത്തിനിടെ എംപിക്കെതിരെ ലൈംഗികാതിക്രമവും ക്രിമിനൽ ഭീഷണിയും ആരോപിച്ച് ഏഴ് വനിതാ ഗുസ്തിക്കാർ ഏപ്രിൽ 21ന് പോലീസിൽ വെവ്വേറെ പരാതികള്‍ നല്‍കിയിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് വനിതാ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ആരോപിച്ചിരുന്നത്.

ബ്രിജ് ഭൂഷനെതിരായ ലൈംഗികാരോപണങ്ങൾ പരിശോധിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാർ വരുത്തിയ കാലതാമസം, സമിതിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തൽ, എംപിക്കെതിരെ നടപടിയെടുക്കാത്തത് എന്നിവയും ഗുസ്തിക്കാർ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ നാല് മാസത്തിനിടെ ബ്രിജ് ഭൂഷൺ സിംഗിനെതിരെ രണ്ടാം തവണയാണ് ലൈംഗികാരോപണം ഉയർന്നത്. ഈ വർഷം ജനുവരിയിൽ, ബ്രിജ് ഭൂഷണിനെതിരായ ആരോപണങ്ങൾ പരിശോധിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയതിനെത്തുടർന്ന് ഗുസ്തിക്കാർ പ്രതിഷേധം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്. ഇതേ തുടർന്ന് ബ്രിജ് ഭൂഷണെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിലിൽ വീണ്ടും ഡൽഹിയിലെ ജന്തർ മന്തറിൽ ഗുസ്തി താരങ്ങള്‍ പ്രതിഷേധം ആരംഭിക്കുകയായിരുന്നു.
അതേസമയം ബി ജെ പി എംപി ബ്രിജ് ഭൂഷൺ സിംഗ് തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയും തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിക്കുകയും ചെയ്തു. എന്നാല്‍ എംപിക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തിറില്‍ ഗുസ്തി താരങ്ങളുടെ സമരം ഇപ്പോഴും തുടരുകയാണ്.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ ഗുസ്തി താരങ്ങൾ സമരവേദിയിൽ എത്തി. ഗുസ്തി താരങ്ങളുടെ സമരത്തെ പിന്തുണച്ച് ഒളിമ്പ്യൻ നീരജ് ചോപ്രയും രംഗത്തുവന്നു. നീതിക്ക് വേണ്ടി അത്‌ലറ്റുകൾക്ക് തെരുവിൽ സമരം ചെയ്യേണ്ടി വരുന്നത് വേദനിപ്പിക്കുന്നതാണെന്ന് നീരജ് ചോപ്ര ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications