ഒഡീഷയിൽ ദുര്‍ഗ് പുരി എക്സ്പ്രസിന് തീപിടിച്ചു; പരിഭ്രാന്തരായി യാത്രക്കാര്‍
ഭുവനേശ്വര്‍: ദുര്‍ഗ് പുരി എക്സ്പ്രസിന്റെ കോച്ചിനുള്ളിലുണ്ടായ ചെറിയ തീപിടിത്തം യാത്രക്കാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഒഡീഷയിലെ നൗപദ ജില്ലയില്‍ വച്ചാണ് സംഭവം. അപകടത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വേ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ട്രയിനിന്റെ ബ്രേക്ക് പാഡിനാണ് തീപിടിച്ചത്. പ്രശ്‌നം റെയില്‍വെ പെട്ടെന്ന് പരിഹരിച്ചെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച വൈകുന്നേരം ട്രെയിന്‍ ഖരിയാര്‍ റോഡ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ബി3 കോച്ചില്‍ പുക കണ്ടെത്തിയത്. ഒരു മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

പുക കണ്ടതോടെ നിരവധി യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിയോടി. ഇത് പല യാത്രക്കാരിലും പരിഭ്രാന്തി പരത്തി. ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ 288 പേര്‍ കൊല്ലപ്പെടുകയും 1,100ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ട്രെയിന്‍ ദുരന്തത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു ട്രെയിനിന് തീപിടിച്ച വാര്‍ത്ത പുറത്തുവന്നത്. ബംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, ഷാലിമാര്‍-ചെന്നൈ സെന്‍ട്രല്‍ കോറോമണ്ഡ്ല്‍ എക്സ്പ്രസ്, ഗുഡ്സ് ട്രെയിന്‍ എന്നിവ ഇടിച്ചാണ് അപകടമുണ്ടായത്.
ഇതിനിടെ, ദിവസങ്ങൾക്ക് മുമ്പ് ഒഡീഷയില്‍ വച്ച് സെക്കന്തരാബാദ്- അഗര്‍ത്തല എക്‌സ്പ്രസില്‍ നിന്ന് പുക ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ബെര്‍മാര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കോച്ചില്‍ നിന്നും പുക ഉയര്‍ന്നതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു. ട്രെയിനിന്റെ ബി 5 കോച്ചില്‍ നിന്നായിരുന്നു പുക ഉയര്‍ന്നത്. ഇതോടെ യാത്രക്കാര്‍ അലാറം മുഴക്കുകയായിരുന്നു.
അധികൃതര്‍ പെട്ടെന്ന് തന്നെ പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. എന്നാല്‍ പുക ഉയര്‍ന്ന കോച്ചില്‍ തുടര്‍ന്ന് യാത്ര ചെയ്യാനാകില്ലെന്ന് യാത്രക്കാര്‍ റെയില്‍വേ അധികൃതരെ അറിയിച്ചു. കോച്ച് മാറ്റണം എന്നതായിരുന്നു യാത്രക്കാരുടെ ആവശ്യം. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യ നടപടികള്‍ സ്വീകരിച്ചതായും റെയില്‍വേ അറിയിക്കുകയായിരുന്നു. ഇതോടെ ട്രെയിന്‍ യാത്ര പുനഃരാരംഭിച്ചു.












Click it and Unblock the Notifications