വെടിവച്ച് കൊല്ലാന്‍ തന്നെ; ഉവൈസിയെ വെടിവച്ച കേസിലെ പ്രതിയുടെ മൊഴി
ലഖ്‌നൗ: എംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയെ വെടിവച്ചത് കൊല്ലാന്‍ തന്നെയാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. നോയിഡ സ്വദേശി സച്ചിന്‍ ആണ് പോലീസിനോട് കുറ്റമേറ്റത്. വലിയ രാഷ്ട്രീയ നേതാവാകുകയാണ് തന്റെ ലക്ഷ്യം. ഉവൈസിയുടെ പ്രസംഗങ്ങള്‍ തന്നെ അസ്വസ്ഥനാക്കിയിരുന്നു. അതുകൊണ്ടാണ് കൊല്ലാന്‍ തീരുമാനിച്ചത്. സുഹൃത്ത് ശുഭത്തോടൊപ്പമെത്തിയാണ് വെടിവച്ചത്. വെടിവച്ച വേളയില്‍ ഉവൈസി താഴ്ന്നത് കൊണ്ട് രക്ഷപ്പെട്ടു. പിന്നീട് താഴ്ഭാഗത്ത് വെടിവച്ചു. ഉവൈസിക്ക് വെടി കൊണ്ടു എന്നാണ് കരുതിയത്. തുടര്‍ന്ന വേഗം രക്ഷപ്പെടുകയായിരുന്നുവെന്നും സച്ചിന്‍ പോലീസിനോട് വിശദീകരിച്ചു.
ഉവൈസിയെ ആക്രമിക്കാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പദ്ധതിയിട്ടിരുന്നു. അദ്ദേഹത്തിന്റെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. സോഷ്യല്‍ മീഡിയിലെ ഇടപെടലുകളും പരിശോധിച്ചു. അവസരം ലഭിക്കുമെന്ന് കരുതി ഉവൈസി പങ്കെടുക്കുന്ന പൊതുപരിപാടികള്‍ക്കെത്തി. എന്നാല്‍ വലിയ ജനക്കൂട്ടം കാരണം ലക്ഷ്യം സാധിച്ചില്ല. പിന്നീടാണ് മീററ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉവൈസി പോകുന്നു എന്ന വിവരം ലഭിച്ചത്. അദ്ദേഹം വരുന്നതിന് മുമ്പ് ഞാന്‍ ടോള്‍ ബൂത്തിലെത്തി. കാര്‍ എത്തിയ ഉടനെ വെടിവയ്ക്കുകയായിരുന്നു.

അതേസമയം, സച്ചിന് തോക്ക് വാങ്ങിയത് സംബന്ധിച്ച് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. മീററ്റില്‍ നിന്നാണ് ഇയാള്‍ തോക്ക് വാങ്ങിയത്. തലീം എന്ന വ്യക്തിയാണ് തോക്ക് നല്‍കിയത്. സച്ചിന്റെ ഉദ്ദേശം തലീമിന് അറിയില്ലായില്ലായിരുന്നു. തലീമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ഉവൈസിക്ക് വന്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഉവൈസി തള്ളി. തനിക്ക് സുരക്ഷ ആവശ്യമില്ലെന്നും പ്രതിക്കെതിരെ യുഎപിഎ നിയമ പ്രകാരം കേസെടുക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉത്തര്‍ പ്രദേശില്‍ അസദുദ്ദീന്‍ ഉവൈസിക്ക് നേരെ ആക്രമണമുണ്ടായത്. മീററ്റില്‍ വച്ചാണ് അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ വെടിവയ്പുണ്ടായത്. മീററ്റിലെ ഛാജര്‍സി ടോള്‍ പ്ലാസയ്ക്കടുത്തായിരുന്നു സഭവം. 9എംഎം പിസ്റ്റള്‍ ഉപയോഗിച്ചാണ് വെടിവച്ചത്. കാറിന്റെ ടയര്‍ പഞ്ചറായി. ഡോറിലും വെടിയേറ്റു. തുടര്‍ന്ന് മറ്റൊരു വാഹനത്തിലാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് പോയത്. ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ആദ്യമായി മല്‍സരിക്കുകയാണ് ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി. ചെറുപാര്‍ട്ടികളുമായി സഖ്യം ചേര്‍ന്നാണ് ഉവൈസിയുടെ പാര്‍ട്ടി യുപിയില്‍ ജനവിധി തേടുന്നത്. സമാജ്‌വാദി പാര്‍ട്ടിയെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചാണ് ഉവൈസിയുടെ പ്രചാരണം. മുസ്ലിം വോട്ടുകള്‍ മാത്രമാണ് ഇവര്‍ക്ക് ആവശ്യമെന്നും മുസ്ലിം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കാന്‍ മടിയാണെന്നും ഉവൈസി കുറ്റപ്പെടുത്തി.












Click it and Unblock the Notifications