"ഹമാരി ഗാഡി, ഹമാരാ അധികാർ"; ഇ20 പെട്രോളിനെതിരെ രാജ്യത്ത് വൻ പ്രതിഷേധവുമായി വാഹന ഉടമകൾ
കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 20 ശതമാനം എഥനോൾ ചേർത്ത ഇ20 പെട്രോൾ നയത്തിനെതിരെ രാജ്യത്ത് ആദ്യമായി പ്രതിഷേധ സമരം അരങ്ങേറി. എഥനോൾ ചേർത്ത ഇന്ധനം ഉപയോഗിക്കുന്നത് വഴി തങ്ങളുടെ കാറുകളുടെയും ബൈക്കിന്റെയും എഞ്ചിൻ തകരാറിലാകുന്നുവെന്നും മൈലേജ് കുത്തനെ കുറയുന്നുവെന്നും ആരോപിച്ച് ഡൽഹിയിലെ ജന്തർ മന്തറിലാണ് നൂറുകണക്കിന് വാഹന ഉടമകൾ പ്രതിഷേധവുമായി ഒത്തുകൂടിയത്. "ഹമാരി ഗാഡി, ഹമാരാ അധികാർ" (നമ്മുടെ വാഹനം, നമ്മുടെ അവകാശം) എന്ന ടാഗ്‌ലൈനോടെ പ്രമുഖ സംരംഭകനും ടിവി താരവുമായ തെഹ്‌സീൻ പൂനവാലയുടെയും 'ടീം ഭാരത്' എന്ന സംഘടനയുടെയും നേതൃത്വത്തിലായിരുന്നു ഈ പ്രതിഷേധം. സോഷ്യൽ മീഡിയയിൽ മാസങ്ങളായി ഇ20 പെട്രോളിനെതിരെ ഉയരുന്ന പരാതികൾ ഇതാദ്യമായാണ് തെരുവിലെ സമരമായി മാറിയത്.
വാഹന ഉടമകളുടെ പ്രധാന പരാതികൾ എന്തൊക്കെ?
സമരത്തിൽ പങ്കെടുത്ത വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹന ഉടമകൾ തങ്ങൾക്ക് നേരിട്ട വലിയ സാമ്പത്തിക നഷ്ടങ്ങളും പ്രയാസങ്ങളും മാധ്യമങ്ങളോട് പങ്കുവെച്ചു.
മൈലേജ് കുത്തനെ കുറയുന്നു: ഗുഡ്ഗാവിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ സാർത്ഥക് തന്റെ 2018 മോഡൽ മാരുതി ബലേനോ കാറിന്റെ അനുഭവം പങ്കുവെച്ചു. മുൻപ് ലിറ്ററിന് 18 കിലോമീറ്റർ മൈലേജ് ലഭിച്ചിരുന്ന സ്ഥാനത്ത് ഇ20 പെട്രോൾ അടിക്കാൻ തുടങ്ങിയതോടെ അത് 14 കിലോമീറ്ററിലേക്ക് (ഏകദേശം 22% കുറവ്) താഴ്ന്നുവെന്ന് അദ്ദേഹം പറയുന്നു.
വരുത്തിവെക്കുന്നത് വൻ സാമ്പത്തിക ബാധ്യത: ഡൽഹി സ്വദേശിയായ രാജ് സിംഗ് പറയുന്നത് കഴിഞ്ഞ 7 മാസമായി ഇ20 പെട്രോൾ ഉപയോഗിച്ചതിന് പിന്നാലെ തന്റെ കാറിന്റെ എഞ്ചിൻ വാണിങ് ലൈറ്റ് തെളിഞ്ഞുവെന്നാണ്. തുടർന്ന് സർവീസ് സെന്ററിൽ കാണിച്ചപ്പോൾ ടാങ്കിലും ഫ്യുവൽ സിസ്റ്റത്തിലും കടുത്ത ബ്ലോക്ക് കണ്ടെത്തുകയും 35,000 രൂപ ചിലവഴിച്ച് ഭാഗങ്ങൾ മാറ്റേണ്ടി വരികയും ചെയ്തു.

വഴിയിൽ ഓഫാകുന്ന കാറുകൾ: സ്കോഡ സ്ലാവിയ ഉടമയായ മുദിത് അഗർവാളിന്റെ കാർ ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് ഓഫായി വഴിയിൽ കിടന്നു. ടോവിങ് വണ്ടി വിളിച്ച് സർവീസ് സെന്ററിൽ എത്തിച്ചപ്പോൾ എഥനോൾ കാരണമാണ് ഇതെന്നും, ദിവസേന ഇത്തരം 7 മുതൽ 8 വരെ കേസുകൾ വരുന്നുണ്ടെന്നുമാണ് മെക്കാനിക്കുകൾ വ്യക്തമാക്കിയത് എന്നാണ് മുദിത് പറയുന്നത്.
എന്താണ് ഈ സാങ്കേതിക പ്രശ്നങ്ങൾക്ക് കാരണം?
ഓട്ടോമൊബൈൽ വിദഗ്ദ്ധനും റാലി ഡ്രൈവറുമായ രത്തൻ ധില്ലൻ പറയുന്നതനുസരിച്ച് എഥനോളിന്റെ സാന്നിധ്യം വാഹനങ്ങളുടെ ഫ്യുവൽ ഫിൽട്ടറുകളെയും പൈപ്പ് ലൈനുകളെയും പൂർണ്ണമായി ചോക്ക് ചെയ്യുകയാണ്. കൂടാതെ, ഇന്ത്യയിൽ കഴിഞ്ഞ 15 വർഷത്തിനിടയിൽ വിറ്റഴിക്കപ്പെട്ട 80 ശതമാനത്തോളം കാറുകളും പരമാവധി ഇ10 (10% എഥനോൾ) ഇന്ധനം മാത്രം താങ്ങാൻ തക്കവണ്ണം ഡിസൈൻ ചെയ്തിട്ടുള്ളവയാണ്. ഇവയിലേക്ക് ഇ20 ഒഴിക്കുന്നത് ലോങ് റണ്ണിൽ എഞ്ചിനെ നശിപ്പിക്കും. എഥനോൾ അന്തരീക്ഷത്തിലെ ഈർപ്പം വേഗത്തിൽ വലിച്ചെടുക്കുന്ന സ്വഭാവമുള്ളതായതിനാൽ (Hygroscopic), പെട്രോൾ പമ്പുകളിലെ ടാങ്കുകളിൽ വെച്ച് തന്നെ ഇതിൽ വെള്ളം കലരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. നിലവിൽ എഥനോൾ കലരാത്ത പ്യുവർ പെട്രോളിന് ലിറ്ററിന് 160 രൂപയോളമാണ് വില, എന്നാൽ ഇ20 പെട്രോളിന് 102 രൂപയോളമേയുള്ളൂ. തങ്ങൾക്ക് ഇന്ധനം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വേണമെന്നാണ് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത്.
പഞ്ചസാര ലോബിയെ സഹായിക്കാനെന്ന് ആരോപണം
കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ശക്തമായി പിന്തുണയ്ക്കുന്ന ഈ എഥനോൾ പദ്ധതിക്ക് പിന്നിൽ വലിയ 'ഷുഗർ ലോബി' ആണെന്നാണ് സമരക്കാരുടെ മറ്റൊരു പ്രധാന ആരോപണം. കരിമ്പിൽ നിന്നാണ് പ്രധാനമായും എഥനോൾ ഉത്പാദിപ്പിക്കുന്നത്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കൾക്ക് വലിയ പങ്കാളിത്തമുള്ള സഹകരണ-സ്വകാര്യ പഞ്ചസാര മില്ലുകളെ സഹായിക്കാനാണ് സാധാരണക്കാരുടെ വാഹനങ്ങൾ പരീക്ഷണവസ്തുവാക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.
ബ്രസീൽ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ പതിറ്റാണ്ടുകൾ കൊണ്ട് വളരെ പതുക്കെ മാത്രമാണ് എഥനോൾ ബ്ലെൻഡിങ് നടപ്പിലാക്കിയത്. എന്നാൽ ഇന്ത്യയിൽ യാതൊരു മുൻകരുതലുമില്ലാതെ ഇത് അടിച്ചേൽപ്പിക്കുകയായിരുന്നു എന്നാണ് ആക്ഷേപം. അതേസമയം ഈ ആരോപണങ്ങളെല്ലാം കേന്ദ്ര സർക്കാരും ഓട്ടോമൊബൈൽ രംഗത്തെ വിദഗ്ദ്ധരും തള്ളിക്കളഞ്ഞിട്ടുണ്ട്. കൃത്യമായ ടെസ്റ്റിംഗുകൾക്ക് ശേഷമാണ് ഇ20 കൊണ്ടുവന്നതെന്നും ഇത് വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തില്ലെന്നുമാണ് അവരുടെ വാദം. കൂടാതെ എഥനോൾ മിക്സിങ് നയം മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് അറ്റോർണി ജനറലും വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications