ഇന്ത്യയിലെ ആദ്യ എച്ച്എംപിവി കേസ് ബെംഗളൂരുവിൽ; രോഗം സ്ഥിരീകരിച്ചത് 8 മാസം പ്രായമുള്ള കുഞ്ഞിന്
ബെംഗളൂരു: ഇന്ത്യയിൽ എച്ച്എംപിവി വൈറസ് (ഹ്യൂമൻ മെറ്റന്യൂമോ വൈറസ് ) കേസ് സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ 8 മാസം പ്രായമുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയിൽ രോഗം പടർന്ന് പിടിക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് ഇന്ത്യയിലെ ആദ്യ കേസ് ബെംഗളൂരുവിൽ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കുട്ടിക്ക് വിദേശയാത്ര പശ്ചാത്തലം ഇല്ലെന്നാണ് റിപ്പോർട്ട്. കുട്ടി നിലവിൽ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
കഴിഞ്ഞ ദിവസം പനിയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രിയിൽ തന്നെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. കുഞ്ഞിന് വിദേശ യാത്ര പശ്ചാത്തലം ഇല്ലാത്തതിനാൽ തന്നെ രോഗം എങ്ങനെ വന്നുവെന്ന് കണ്ടെത്തുന്നതിനായി കൂടുതൽ പരിശോധന നടത്തിയേക്കും. ചൈനയിൽ ഇപ്പോൾ പടരുന്ന വകഭേദം തന്നെയാണോ കുട്ടിക്കും സ്ഥിരീകരിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ചും പരിശോധന നടത്തും.

സാധാരണയായി 11 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് രോഗം സ്ഥിരീകരിക്കാറുള്ളത്. എല്ലാ ഫ്‌ളൂ സാമ്പിളുകളിലും 0.7 ശതമാനവും എച്ച്എംപിവി ആണ്. എന്നാൽ ചൈനയിൽ കണ്ടെത്തിയ വൈറസ് വകഭേദം എന്താണെന്ന് വ്യക്തമല്ലാത്തതിനാൽ കൂടുതൽ പരിശോധന ആവശ്യമാണെന്ന് കർണാടക ആരോഗ്യവകുപ്പ് പ്രതികരിച്ചു.
2001 ലാണ് ലോകത്ത് ആദ്യമായി എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചത്. ചൈനയിൽ നിലവിൽ രോഗം പടർന്ന് പിടിക്കുകയാണെന്നും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്ന തരത്തിലും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ അത്തരത്തിലൊരു സാഹചര്യം ഇല്ലെന്നാണ് ചൈനയിൽ നിന്നുള്ള മലയാളികൾ വീഡിയോ പങ്കിട്ടത്. മാധ്യമങ്ങൾ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും രാജ്യത്ത് സ്ഥിതി സാധാരണ നിലയിലാണെന്നും വീഡിയോ സഹിതം പലരും പങ്കിട്ടു.
അതേസമയം വൈറസ് അപകടകാരിയല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ 50 വർഷത്തിൽ കൂടുതലായി കേരളം ഉൾപ്പെടെ ലോകത്തിന്റ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും, പ്രത്യേകിച്ചും കുട്ടികളിൽ ഈ വൈറസ് വ്യാപനം ഉണ്ടായിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു. കേരളത്തിലും കുട്ടികളിൽ ഈ വൈറസ് കൊണ്ടുള്ള അണുബാധകളും ചില അവസരങ്ങളിൽ ന്യൂമോണിയകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറസിൽ കാര്യമായ ജനിതക വ്യതിയാനങ്ങൾ സംഭവിച്ചിട്ടില്ല എങ്കിൽ എച്ച്എംപിവി വളരെയധികം ഭീതി വരുത്തുന്ന ഒരു സാഹചര്യം സൃഷ്ടിക്കാൻ സാധ്യത കുറവാണെന്നായിരുന്നു മന്ത്രി വിശദീകരിച്ചത്.












Click it and Unblock the Notifications