അധ്യാപകരും ജീവനക്കാരും സഹകരിക്കുന്നില്ല; ആദ്യ മൂന്നാംലിംഗ പ്രിന്‍സിപ്പല്‍ രാജിവെച്ചു
കൊല്‍ക്കത്ത: രാജ്യത്ത് മൂന്നാംലിഗത്തില്‍പ്പെടുന്ന ആദ്യ കോളേജ് പ്രിന്‍സിപ്പല്‍ എന്ന ബഹുമതിക്കര്‍ഹയായ മനോബി ബന്ദോപാധ്യായ രാജിവെച്ചു. കോളേജില്‍ അധ്യാപകരും ജീവനക്കാരും സഹകരിക്കാത്തതിനെ തുടര്‍ന്നാണ് അവര്‍ സ്ഥാനമൊഴിഞ്ഞത്. കൃഷ്ണനഗര്‍ വനിതാ കോളേജില്‍ 19 മാസം ജോലി ചെയ്തശേഷമാണ് മനോബിയുടെ രാജി.
കോളേജ് സര്‍വീസ് കമ്മീഷന്‍ സ്ഥാനക്കയറ്റം നല്‍കിയതിനെ തുടര്‍ന്നായിരുന്നു വിവേകാനന്ദ ശതബര്‍ഷികി മഹാവിദ്യാലയത്തിലെ ബംഗാളി അസോസിയേറ്റ് പ്രൊഫസര്‍ ആയി പ്രവര്‍ത്തിക്കുകയായിരുന്ന ബന്ദോപാധ്യായ കോളേജ് പ്രിന്‍സിപ്പലായത്. സംസ്ഥാന വിദ്യാഭ്യാസമന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജിയും അവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി.

എന്നാല്‍ മൂന്നാംലിംഗത്തില്‍പ്പെട്ട ഒരാളെന്ന നിലയില്‍ കോളേജില്‍ അവര്‍ക്ക് നല്ല രീതിയിലല്ല സ്വീകരണം ലഭിച്ചത്. കോളേജില്‍ ഏതാണ്ട് മുഴുവന്‍ സഹപ്രവര്‍ത്തകരും ഒരുവിഭാഗം വിദ്യാര്‍ഥികളും തനിക്ക് എതിരായിരുന്നെന്ന് അവര്‍ പറഞ്ഞു. നല്ല അച്ചടക്കവും അക്കാദമിക്ക് അന്തരീക്ഷവും നിലനിര്‍ത്താന്‍ ശ്രമിച്ചതാണ് തനിക്ക് വിനയായത്.
കോളേജില്‍ ചാര്‍ജെടുക്കുമ്പോള്‍ നിറയെ സ്വപ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ പിന്തുണ നഷ്ടമായതോടെ തനിക്ക് അവ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചില്ലെന്നും അവര്‍ വേദനയോടെ അറിയിച്ചു. പ്രിന്‍സിപ്പല്‍ രാജിക്കത്ത് നല്‍കിയതായി ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിലേക്ക് രാജിക്കത്ത് കൈമാറിയതായും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications