ദില്ലി: മത്സരിക്കാനില്ലെന്ന് ആം ആദ്മി എംഎല്‍എമാര്‍!
ദില്ലി: അസംബ്ലി തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ദില്ലിയിലെ ആം ആദ്മി പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ തീരുന്നില്ല. പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനോട് വിയോജിച്ച് തീപ്പൊരി നേതാവ് ഷാസിയ ഇല്‍മി പാര്‍ട്ടി വിട്ടതിന് പിന്നാലെ രണ്ട് എം എല്‍ എമാര്‍ മത്സരരംഗത്ത് നിന്നും പിന്മാറുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അസംബ്ലിയിലേക്കും ലോക്‌സഭയിലേക്കും മത്സരിച്ച ഷാസിയ രണ്ടിടത്തും തോറ്റിരുന്നു.
ഹരീഷ് ഖന്ന, രാജേഷ് ഗാര്‍ഗ് എന്നീ എം എല്‍ എമാരാണ് തങ്ങള്‍ മത്സരിക്കാനില്ല എന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് മത്സരരംഗത്ത് നിന്നും ഇവര്‍ മാറിനില്‍ക്കാന്‍ തീരുമാനിച്ചത് എന്ന് വ്യക്തമല്ല. തിമര്‍പൂരിലെ എം എല്‍ എയാണ് ഹരീഷ് ഖന്ന, രോഹിണിയിലെ ജനപ്രതിനിധിയാണ് ഗാര്‍ഗ്. ദില്ലിയില്‍ ഉടന്‍ തിരഞ്ഞെടുപ്പ് വേണ്ട എന്ന പക്ഷക്കാരായിരുന്നു ഇവര്‍ രണ്ടുപേരും.

ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ആം ആദ്മി പാര്‍ട്ടിക്ക് നില മെച്ചപ്പെടുത്താന്‍ കഴിയില്ല എന്ന തോന്നല്‍ കൊണ്ടാണ് ഇരുവരും മത്സരിക്കാത്തത് എന്നാണ് കരുതപ്പെടുന്നത്. പാര്‍ട്ടി തീരുമാനങ്ങള്‍ എടുക്കുന്നതില്‍ തനിക്ക് അതൃപ്തിയുണ്ട് എന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന കാര്യം പാര്‍ട്ടി നേതൃത്വത്തെ എഴുതി അറിയിച്ചതായും ഹരീഷ് ഖന്ന പറഞ്ഞു.
പാര്‍ട്ടിയിലെ ജനാധിപത്യമില്ലായ്മയെ ചൊല്ലി ആം ആദ്മി പാര്‍ട്ടി മുന്‍പും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ഹരീഷ് ഖന്നയ്ക്കും ഗാര്‍ഗിനും പിന്നാലെ കൂടുതല്‍ എം എല്‍ എമാര്‍ വരുംദിവസങ്ങളില്‍ തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറും എന്നും റിപ്പോര്‍ട്ടുകളുണ്ട്. കെജ്രിവാളോ മനീഷ് സിസോദിയയോ ആണ് ആപ്പിലെ തീരുമാനങ്ങള്‍ എടുക്കുന്നത്. ഇതാണ് മറ്റുള്ളവരുടെ അതൃപ്തിക്ക് കാരണം.












Click it and Unblock the Notifications