ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ കൊക്കയിലേക്കു തകര്‍ന്നുവീണ് അഞ്ച് തീര്‍ത്ഥാടകരും പൈലറ്റും മരിച്ചു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രത്തില്‍ സ്വകാര്യ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് ആറ് മരണം. പൈലറ്റും തീര്‍ത്ഥാടകരുമാണ് കൊല്ലപ്പെട്ടത്. പൈലറ്റ് ഉള്‍പ്പെടെ ഏഴ് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഒരാളെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഉത്തര്‍കാശിയിലെ ഗംഗാനിക്കടുത്താണ് അപകടമുണ്ടായത്. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുന്നുണ്ട്. അതേസമയം, അപകടത്തിന്റെ കാരണം പുറത്തുവന്നിട്ടില്ല. മരിച്ചവരില്‍ അഞ്ച് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടുന്നു.
വിമാനത്തിലുണ്ടായിരുന്നവരില്‍ നാല് പേര്‍ മുംബൈയില്‍ നിന്നുള്ളവരും രണ്ട് പേര്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ളവരുമാണെന്ന് പൊലീസ് പറഞ്ഞു. ആന്ധ്രാപ്രദേശില്‍ നിന്നുള്ള 51 വയസുകാരനാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.

ഇന്നു രാവിലെ ഒന്‍പത് മണിക്കാണ് അപകടം ഉണ്ടായത്. ഗംഗാനിക്കടുത്ത വനപ്രദേശത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ഡെറാഡൂണില്‍ നിന്നും ഹര്‍ഷിലിലേക്ക് പറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന നാലു പേര്‍ സംഭവ സ്ഥലത്തും രണ്ട് പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. 200-250 മീറ്റര്‍ താഴ്ചയുള്ള ഒരു കൊക്കയിലേക്കാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്) അറിയിച്ചു.
ഗംഗോത്രി ക്ഷേത്രത്തിലേക്കാണ് ഹെലികോപ്റ്ററിലുണ്ടായിരുന്ന സംഘം പോയത്. സ്ഥലത്ത് എത്തിയ സംസ്ഥാന ദുരന്തര നിവാരണ സേനയാണ് രക്ഷാപ്രവര്‍ത്തത്തിന് നേതൃത്വം നല്‍കുന്നത്. പൊലീസ്, സൈനികര്‍, ദുരന്ത നിവാരണ സംഘങ്ങള്‍, ആംബുലന്‍സ് സര്‍വീസുകള്‍, ഉള്‍പ്പെടെയുള്ളരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.
അപകട കാരണം കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണ്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാനും അപകടത്തെക്കുറിച്ച് അന്വേഷിക്കാനും നിര്‍ദേശം നല്‍കിയതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. അപകടത്തില്‍ പുഷ്‌കര്‍ സിംഗ് ധാമി അനുശോചനം അറിയിച്ചു.
എയ്റോട്രാന്‍സ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. മേഖലയില്‍ വിനോദ സഞ്ചാരികളുമായി ഹെലികോപ്റ്റര്‍ സര്‍വീസ് നടത്താറുണ്ട്.












Click it and Unblock the Notifications