ഹിമാചല്‍ പ്രദേശില്‍ അപ്രതീക്ഷിത വെള്ളപ്പൊക്കം: വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ 200 പേർ കുടുങ്ങിക്കിടക്കുന്നു
മാണ്ഡി: ഹിമാചല്‍ പ്രദേശില്‍ അപ്രതീക്ഷിത വെള്ളപ്പൊക്കം. മാണ്ഡി ജില്ലയിലെ ബാഗിപുൾ പ്രദേശത്താണ് വെള്ളപ്പൊക്കമുണ്ടായത്. ഇതോടെ വിനോദസഞ്ചാരികളും നാട്ടുകാരും ഉൾപ്പെടെ 200 ലധികം ആളുകൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമം നടന്ന് വരികയാണെന്ന് പൊലീസ് അറിയിച്ചു. "മണ്ഡി ജില്ലയിലെ ബാഗിപുൾ പ്രദേശത്ത് പ്രഷാർ തടാകത്തിന് സമീപം, വിനോദസഞ്ചാരികളും നാട്ടുകാരും ഉൾപ്പെടെ 200-ലധികം ആളുകൾ മണ്ഡി പ്രഷാർ റോഡിലെ ബാഗി പാലത്തിന് അടുത്തായി കുടുങ്ങിക്കിടക്കുകയാണ്' മാണ്ഡി ജില്ലാ പോലീസ് ഡിഎസ്പി സഞ്ജീവ് സൂദിനെ ഉദ്ധരിച്ച് വാർത്താ ഏജന്‍സിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
കൂടുതല്‍ രക്ഷാപ്രവർത്തകർ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും അപകട മേഖലയില്‍ നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് ഡിഎസ്പി പറഞ്ഞു. മേഘവിസ്ഫോടനത്തെ തുടർന്ന് അപ്രതീക്ഷിതിമായി കനത്ത മഴ പെയ്തതാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് കമന്ദിന് മുന്നോടിയായുള്ള പരാശരിലേക്കുള്ള റോഡ് അടച്ചതായി മാണ്ഡി പോലീസ് അറിയിച്ചു.

അതേസമയം, സംസ്ഥാനത്തെ പാണ്ഡോ-മാണ്ഡി ദേശീയപാതയിൽ ചാർമൈലിനും സത്‌മൈലിനും ഇടയിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായി. ഇതേ തുടർന്ന് ഈ ഭാഗത്ത് ദേശീയപാത അടച്ചിട്ടിരിക്കുകയാണെന്നും തുറക്കാൻ സമയമെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. കുളുവിൽ നിന്നുള്ള ചെറിയ വാഹനങ്ങൾ പാണ്ഡോയിൽ നിന്ന് ചൈൽ ചൗക്ക് വഴി ചണ്ഡീഗഢിലേക്ക് കടത്തിവിടുമെന്നും പൊലീസ് അറിയിച്ചു.
കമന്ദിന് സമീപം കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ടിരുന്ന കടോല വഴിയുള്ള മാണ്ഡി-കുളു റോഡ് തുറക്കുന്നത് വൈകും. "കമന്ദിന് സമീപം കനത്ത മണ്ണിടിച്ചിലിനെത്തുടർന്ന് കട്ടോല വഴിയുള്ള മാണ്ഡി-കുളു റോഡ് അടച്ചിരിക്കുന്നു. ഇത് നാളെ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണ്ണിടിച്ചിലിനെത്തുടർന്ന് 25-30 വാഹനങ്ങൾ ആ സ്ഥലത്തിനും മറ്റൊരിടത്തിനും ഇടയിൽ കുടുങ്ങിക്കിടക്കുന്നു. ആളുകൾക്ക് താമസിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തുവരികയാണ്, ഒറ്റരാത്രികൊണ്ട് അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നു," മാണ്ഡി പോലീസ് കൂട്ടിച്ചേർത്തു.
തുടർച്ചയായി പെയ്യുന്ന മഴയില്‍ കാൻഗ്ര സിറ്റിയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. അതിനിടെ, തുടർച്ചയായി മഴയും വെള്ളപ്പൊക്കവും ശക്തമായ കാലാവസ്ഥയെ തുടർന്ന് മാണ്ഡി-കുളു ദേശീയ പാതയിൽ ഓട്ടിന് സമീപമുള്ള ഖോതി നാലയിൽ ഗതാഗതം തടസ്സപ്പെട്ടതായും പൊലീസ് അറിയിച്ചു. "ഈ ഹൈവേയിലേക്കുള്ള ഇതര റൂട്ടുകളും അടച്ചിരിക്കുകയാണ്. മാണ്ഡി-ജോഗീന്ദർ നഗർ ഹൈവേയിലും ഗതാഗതം സാധ്യമല്ല. ഈ ഹൈവേകളിലൂടെ സഞ്ചരിക്കുന്ന പൊതുജനങ്ങളും വിനോദസഞ്ചാരികളും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ മലകളോട് ചേർന്നുള്ള റോഡുകളിൽ നിൽക്കരുതെന്ന് നിർദ്ദേശിക്കുന്നു. " പോലീസ് പ്രസ്താവനയിൽ പറഞ്ഞു.












Click it and Unblock the Notifications