യാത്രക്കാര്‍ക്ക് എട്ടിന്റെ പണി കൊടുത്ത ഇന്‍ഡിഗോയ്ക്ക് മറുപണി; 22.20 കോടി പിഴ ചുമത്തി ഡിജിസിഎ
പോയ വര്‍ഷം വിമാന യാത്രക്കാര്‍ക്ക് ഏറ്റവും വലിയ പണി കൊടുത്ത വിമാനക്കമ്പനിയായിരുന്നു ഇന്‍ഡിഗോ. പൈലറ്റുമാരുടെ വിശ്രമ സമയം വര്‍ധിപ്പിച്ചുകൊണ്ടുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) ഉത്തരവും പ്രതികൂല കാലാവസ്ഥയും കാരണം ഇന്‍ഡിഗോ വലിയ പ്രതിസന്ധിയാണ് നേരിട്ടത്. വിമാന സര്‍വീസുകള്‍ മുടങ്ങുന്നതും വൈകുന്നതും യാത്രക്കാരെ കൃത്യമായി അറിയിക്കുന്നതിലും വിമാനക്കമ്പനി അലംഭാവം കാണിച്ചു. വിമാനക്കമ്പനിയുടെ അനാസ്ഥയ്ക്ക് ഭീമമായ പിഴയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്.
നിയമലംഘനങ്ങളുടെ പേരിലാണ് ഇന്‍ഡിഗോയ്ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പിഴ ചുമത്തിയത്. 22.20 കോടി രൂപയാണ് ഇന്‍ഡിഗോ പിഴയായി ഒടുക്കേണ്ടത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലും ഈ വര്‍ഷം ജനുവരിയിലുമായി രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ കമ്പനി വലിയ വീഴ്ച്ച വരുത്തിയെന്നാണ് ഡിജിസിഎയുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്.

സിവില്‍ ഏവിയേഷന്‍ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആദ്യം എയര്‍ലൈനിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നടത്തിയ വിശദമായ അന്വേഷണത്തിന് ശേഷമാണ് ഡിജിസിഎ കടുത്ത നടപടി സ്വീകരിച്ചത്. ഈ സമയത്ത് രാജ്യമെമ്പാടും 2,507 വിമാനങ്ങള്‍ റദ്ദാക്കുകയും 1,852 വിമാനങ്ങള്‍ വൈകുകയും ചെയ്തു. യാത്രക്കാര്‍ക്കുണ്ടായ മാനസികവിഷമത്തിനും സമയനഷ്ടത്തിനും വിമാനക്കമ്പനി മറുപടി പറയണമെന്നും ഉത്തരവില്‍ പറയുന്നു. മൂന്നു ലക്ഷത്തോളം യാത്രക്കാരാണ് ഇന്‍ഡിഗോയുടെ അലംഭാവത്തിന്റെ ദുരിതം അനുഭവിച്ചത്.
യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനായുള്ള കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ കമ്പനി വീഴ്ച വരുത്തിയതായി ഡിജിസിഎ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് നല്‍കേണ്ട ഭക്ഷണവും വിശ്രമ സൗകര്യങ്ങളും ഉറപ്പാക്കുന്നതില്‍ പോലും ഇന്‍ഡിഗോ അലംഭാവം കാണിച്ചു. കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിക്കാതെ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയും ഉണ്ടായി. ഇത്തരം നടപടികള്‍ വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമായാണ് അധികൃതര്‍ കണക്കാക്കുന്നത്.
മഞ്ഞുവീഴ്ച പോലുള്ള പ്രകൃതിദത്തമായ തടസങ്ങള്‍ ഉണ്ടാകുമ്പോള്‍ കമ്പനികള്‍ പിന്തുടരേണ്ട മുന്‍കരുതല്‍ നടപടികള്‍ ഇന്‍ഡിഗോയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നും ഡിജിസിഎ വിലയിരുത്തി. നേരത്തെയും സമാനമായ പരാതികള്‍ ഇന്‍ഡിഗോയ്ക്കെതിരെ ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ കര്‍ശനമായ നടപടിയാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഈ നടപടിയിലൂടെ ഡിജിസിഎ നല്‍കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ഇന്‍ഡിഗോയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്‍ഡിഗോയെ കൂടാതെ എയര്‍ ഇന്ത്യയ്ക്കും സമാന സാഹചര്യങ്ങളില്‍ ഡിജിസിഎ പിഴ ചുമത്തിയിട്ടുണ്ട്.
അഹമ്മദാബാദ് വിമാനാപകടത്തെ തുടര്‍ന്ന് പൈലറ്റുമാരുടെ ക്ഷീണം കുറയ്ക്കുന്നതിനായി ഡിജിസിഎ നിയമങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. രാത്രികാല ഡ്യൂട്ടികള്‍ കുറയ്ക്കാനും വിശ്രമ സമയം വര്‍ധിപ്പിക്കാനുമുള്ള പുതിയ നിര്‍ദേശങ്ങള്‍ വിമാനക്കമ്പനികള്‍ പാലിക്കണമെന്നാണ് ചട്ടം.












Click it and Unblock the Notifications