നവി മുംബൈ വിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്ക് ഉള്‍പ്പെടെ സര്‍വീസുകള്‍ ഡിസംബര്‍ 25 മുതല്‍
മുംബൈ: കഴിഞ്ഞ ഒക്‌ടോബറില്‍ ഉദ്ഘാടനം ചെയ്ത നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി അകാസ എയറും ഇന്‍ഡിഗോയും. ഡിസംബര്‍ 25 മുതലാണ് അകാസ എയര്‍ വിമാനക്കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. കൊച്ചി ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ പ്രധാന നഗരങ്ങളിലേക്ക് അകാസ എയര്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. പുതിയ സര്‍വീസുകളിലൂടെ പടിഞ്ഞാറന്‍ ഇന്ത്യയിലേക്കുള്ള സാന്നിധ്യം ശക്തമാക്കാനാണ് അകാസ എയര്‍ ശ്രമിക്കുന്നത്.
നവി മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ലൈനിന്റെ ആദ്യ സര്‍വീസ് ഡല്‍ഹിയിലേക്കായിരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗോവ, കൊച്ചി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കും വിമാന സര്‍വീസുകള്‍ ആരംഭിക്കും. പടിപടിയായി സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.
ഡല്‍ഹിയിലേക്കും ഗോവയിലേക്കും ദിവസേന സര്‍വീസുകള്‍ ഉണ്ടാകും. കൊച്ചിയിലേക്കുള്ള വിമാനങ്ങള്‍ ആഴ്ചയില്‍ അഞ്ച് ദിവസമായിരിക്കും. അഹമ്മദാബാദിലേക്ക് ബുധനാഴ്ചയായിരിക്കും സര്‍വീസ്. ഡിസംബര്‍ 31 മുതല്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തും.

ആഴ്ചയില്‍ 300 ആഭ്യന്തര സര്‍വീസുകളും 50 അന്താരാഷ്ട്ര സര്‍വീസുകളും നടത്താനാണ് എയര്‍ലൈന്‍ ലക്ഷ്യമിടുന്നത്. 2027 സാമ്പത്തിക വര്‍ഷാവസാനത്തോടെ 10 പാര്‍ക്കിങ് ബേസുകള്‍ സ്ഥാപിക്കാനും മിഡില്‍ ഈസ്റ്റ്, തെക്കുകിഴക്കന്‍ ഏഷ്യന്‍ വിപണികളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനും അകാസ എയര്‍ പദ്ധതിയിടുന്നുണ്ട്.
നവി മുംബൈ വിമാനത്താവളത്തിലെ തങ്ങളുടെ സര്‍വീസുകള്‍ മുംബൈ മെട്രോപൊളിറ്റന്‍ മേഖലയിലെയും പടിഞ്ഞാറന്‍ ഇന്ത്യയിലെയും തന്ത്രപരമായ സാന്നിധ്യം ഉറപ്പിക്കുമെന്നാണ് പ്രതീക്ഷയെന്ന് അകാസ എയര്‍ സഹസ്ഥാപകനും ചീഫ് കൊമേഴ്സ്യല്‍ ഓഫീസറുമായ പ്രവീണ്‍ അയ്യര്‍ അഭിപ്രായപ്പെട്ടു.
ഡിസംബര്‍ 25 മുതലാണ് ഇന്‍ഡിഗോ ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, ലഖ്നൗ, നോര്‍ത്ത് ഗോവ, ജയ്പൂര്‍, നാഗ്പൂര്‍, കൊച്ചി, മംഗലാപുരം എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്.
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം ഒക്ടോബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. വിമാനത്താവളത്തിന്റെ നിര്‍മാണത്തിനായി 19,650 കോടി രൂപയാണ് ചെലവഴിച്ചത്.
1,160 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന വിമാനത്താവളത്തിന് ആദ്യ ഘട്ടത്തില്‍ ഒരു ടെര്‍മിനലും ഒരു റണ്‍വേയും പ്രവര്‍ത്തിക്കും. വര്‍ഷത്തില്‍ 20 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി ഉണ്ടായിരിക്കും.












Click it and Unblock the Notifications