ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം ചെറുത്ത പൈലറ്റ് ഇന്ത്യക്കാരന്‍; ധീരതയ്ക്ക് കൈയടി
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈദുബായ് വിമാനം FZ1073 റാഞ്ചാനും അപായപ്പെടുത്താനുമുള്ള ശ്രമം തടഞ്ഞത് ഇന്ത്യന്‍ പൈലറ്റിന്റെ ചെറുത്തുനില്‍പ്പ്. സഹപൈലറ്റിന്റെ കുത്തേറ്റ പൈലറ്റ് ഇന്ത്യന്‍ പൗരനായ സ്മിത് മച്ചാര്‍ ആണെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. മച്ചാറിന്റെ അവസരോചിതമായ ഇടപെടലാണ് 180 ഓളം യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത്.
ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഭീകരാക്രമണശ്രമം തടയുന്നതിനായി കോ-പൈലറ്റുമായി മല്ലിട്ട ക്യാപ്റ്റന്‍ ഇന്ത്യന്‍ വംശജനായ പൈലറ്റാണെന്ന് ഇസ്രായേലിലെ വൈനെറ്റ് ന്യൂസും ചാനല്‍ 12-ഉം റിപ്പോര്‍ട്ട് ചെയ്തു. യാത്രക്കാരായി സഞ്ചരിക്കുകയായിരുന്ന, ഡ്യൂട്ടിയിലല്ലാതിരുന്ന പൈലറ്റുമാരാണ് ഒടുവില്‍ വിമാനം സുരക്ഷിതമായി ഇറക്കിയത്. മച്ചാറിന് കുത്തേറ്റുവെങ്കിലും അദ്ദേഹം തിരിച്ചടിക്കുകയായിരുന്നു.

ആക്രമണം ശ്രമം ചെറുക്കുകയും വിമാനം നിയന്ത്രണത്തിലാക്കുകയും ചെയ്ത ശേഷം വടക്കുപടിഞ്ഞാറന്‍ സൗദി അറേബ്യയിലെ തബൂക്കിലേക്ക് വഴിതിരിച്ചുവിടുകയും, അവിടെ മച്ചാറിനെയും സഹപൈലറ്റിനെയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. 2022 ജൂണ്‍ മുതല്‍ ഫ്‌ലൈദുബായിയുടെ ബോയിംഗ് 737 വിഭാഗത്തില്‍ ക്യാപ്റ്റനായി സേവനമനുഷ്ഠിക്കുകയാണ് മച്ചാര്‍.
അതിനുമുമ്പ് മുംബൈയിലെ സ്‌പൈസ് ജെറ്റില്‍ 11 വര്‍ഷം ചെലവഴിച്ച അദ്ദേഹം അവിടെ സീനിയര്‍ കമാന്‍ഡറായും, 2020 നവംബര്‍ മുതല്‍ മറ്റ് പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുകയും വിലയിരുത്തുകയും ചെയ്യുന്ന ലൈന്‍ ട്രെയിനിംഗ് ക്യാപ്റ്റനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 737-800, 737 മാക്‌സ് 8, 9 എന്നീ വിമാനങ്ങളില്‍ 9,750 മണിക്കൂര്‍ പറന്ന പരിചയവും അദ്ദേഹത്തിനുണ്ട്.
ഡയറക്ട്-എന്‍ട്രി ക്യാപ്റ്റന്‍ ആയാണ് മച്ചാര്‍ ഫ്‌ലൈദുബായില്‍ ചേര്‍ന്നതെന്ന് അദ്ദേഹത്തിന്റെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ കാണിക്കുന്നു. മറ്റൊരു എയര്‍ലൈനില്‍ വിമാനം നിയന്ത്രിക്കുന്ന പരിചയസമ്പന്നരായ പൈലറ്റുമാരെ നേരിട്ട് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് നിയമിക്കുന്ന രീതിയാണിത്. വെലിംഗ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
അതേസമയം വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും, അവരെ അവിടെനിന്ന് മാറ്റുന്നതിനായി രണ്ട് പകരം വിമാനങ്ങള്‍ തബൂക്കിലേക്ക് അയച്ചതായും അധികൃതര്‍ വ്യക്തമാക്കി. ഈ സംഭവം ഫ്‌ലൈദുബായിയുടെ മറ്റ് ഷെഡ്യൂള്‍ഡ് സര്‍വീസുകളെ ബാധിക്കില്ല എന്നും എയര്‍ലൈന്‍ വക്താവ് പറഞ്ഞു. സംഭവത്തെ ഇസ്രായേല്‍ പ്രതിരോധ മന്ത്രി ജിഹാദി ഭീകരാക്രമണ ശ്രമം എന്നാണ് വിശേഷിപ്പിച്ചത്.
അതേസമയം പ്രധാന പൈലറ്റിനെ കുത്താന്‍ ശ്രമിച്ചത് ഒമാന്‍ പൗരനായ കോ-പൈലറ്റാണ് എന്നാണ് വിവരം. വിമാനം തകര്‍ക്കാന്‍ ശ്രമിച്ചതായി ആരോപിക്കപ്പെടുന്ന ഒമാനി കോ-പൈലറ്റിന് ഇസ്രായേലിലേക്ക് പറക്കാന്‍ എങ്ങനെ അനുമതി ലഭിച്ചു എന്നതിനെക്കുറിച്ച് ഇപ്പോള്‍ അന്വേഷണം നടക്കുന്നുണ്ട്. വിദേശികളായ ജീവനക്കാര്‍, പ്രത്യേകിച്ച് അറബ് അല്ലെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇസ്രായേല്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനോ അവിടെ വിമാനം ഇറക്കുന്നതിനോ മുന്‍പായി കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്കും വ്യക്തിഗത വിലയിരുത്തലുകള്‍ക്കും വിധേയരാകേണ്ടതുണ്ട്.


Click it and Unblock the Notifications
