വഴങ്ങില്ല ഞങ്ങള്‍... കേന്ദ്രസര്‍ക്കാര്‍ മാഗി നൂഡില്‍സ് നിരോധിച്ചു!
ദില്ലി: ഇന്ത്യന്‍ വിപണിയില്‍ നിന്നും മാഗി നൂഡില്‍സ് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നെസ്ലെയ്ക്ക് നിര്‍ദേശം നല്‍കി. വിപണിയില്‍ ലഭ്യമാകുന്ന മാഗിയുടെ 9 ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വില്‍പന അനുമതി റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ പതിനഞ്ച് ദിവസത്തിനകം അറിയിക്കണമെന്നും കേന്ദ്ര ഭക്ഷ്യസുരക്ഷാ വിഭാഗം നിര്‍ദേശത്തില്‍ പറയുന്നു.
ഇന്ത്യയില്‍ വില്‍ക്കുന്ന മാഗി നൂഡില്‍സ് സുരക്ഷിതമെന്ന് നെസ്ലെ സി ഇ ഒ പോള്‍ ബള്‍ക്ക് നേരത്തെ അവകാശപ്പെട്ടിരുന്നു. തങ്ങളുടെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ മാഗി സുരക്ഷിതമാണ് എന്നാണ് റിപ്പോര്‍ട്ട് കിട്ടിയതെന്നായിരുന്നു ബള്‍ക്ക് പറഞ്ഞത്. മാഗിയില്‍ മോണോ സോഡിയം ഗ്ലൂട്ടമേറ്റ് ചേര്‍ക്കാറില്ല എന്നും ഉപഭോക്താക്കളുടെ സംശയം ദൂരീകരിക്കുന്നതിനാണത്രെ മാഗി വിപണിയില്‍ നിന്നും പിന്‍വലിച്ചത്.

മാഗി വിപണിയിലേക്ക് തിരിച്ചെത്തുന്നത് സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുകയാണ് എന്ന് ബള്‍ക്ക് പറഞ്ഞിരുന്നു. വിവാദങ്ങള്‍ തീര്‍ന്ന് മാഗി മാര്‍ക്കറ്റില്‍ തിരിച്ചെത്തുമെന്ന ബള്‍ക്കിന്റെ വിശ്വാസത്തിനാണ് കേന്ദ്ര ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിര്‍ദേശം തിരിച്ചടിയായിരിക്കുന്നത്. നേരത്തെ വിവിധ സംസ്ഥാനങ്ങള്‍ വിലക്കിയതിന്റെ അടിസ്ഥാനത്തില്‍ നെസ്ലെ മാഗി നൂഡില്‍സ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ നെസ്ലെ പാലിക്കാത്ത സാഹചര്യത്തില്‍ മാഗിയുടെ ഇന്ത്യയിലെ ഉല്‍പാദനം, വിതരണം, ഇറക്കുമതി എന്നിവ നിരോധിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. 30 വര്‍ഷത്തോളം ഇന്ത്യന്‍ വിപണിയില്‍ മുന്‍നിരയിലായിരുന്ന മാഗി നൂഡില്‍സ് ഉപഭോക്താക്കളുടെ വിശ്വാസം മങ്ങിയതിനെ തുടര്‍ന്ന് നെസ്ലെ പിന്‍വലിച്ചിരുന്നു.












Click it and Unblock the Notifications