ദൂരദര്ശന് വീണ്ടും അക്കിടി പറ്റി; മോദിക്കു പകരം കാട്ടിയത് മന്മോഹന് സിംഗിനെ
ന്യൂഡല്‍ഹി: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനെ, ഇലവന് ജിന്‍ പിങ് എന്ന് വിളിച്ച ദൂരദര്ശന് വാര്‍ത്താവിഭാഗത്തിന് വീണ്ടും അക്കിടിപറ്റി. ഇത്തവണ ചിത്രം മാറ്റിക്കാണിച്ചാണ് ദൂരദര്ശന് പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ചത്. അമേരിക്കയില്‍ അഞ്ചു ദിവസത്തെ പര്യടനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്കിടെ മോദിക്കുപകരം മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ ചിത്രമാണ് ചാനല്‍ കാണിച്ചത്.
വിശദ വാര്‍ത്തകള്‍ക്ക് മുന്‍പ് പ്രധാന വാര്‍ത്തകള്‍ വായിക്കവെയായിരുന്നു ദൂരദര്ശന് ആദ്യം തെറ്റു പറ്റിയത്. പിന്നീട് വര്ത്തയ്ക്കിടയിലും തെറ്റ് ആവര്‍ത്തിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവം വിവാദമായതോടെ ദൂരദര്ശന് ക്ഷമാപണവുമായി രംഗത്തെത്തി. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത തെറ്റാണ് ഉണ്ടായതെന്ന് അധികൃതര്‍ സമ്മതിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണ്.
സ്വകാര്യ ചാനലുകളുടെ കടന്നു കയറ്റത്തോടെ പ്രേക്ഷകരുടെ എണ്ണം കുറഞ്ഞുവരുന്ന ദൂരദര്ശന് തുടര്തെറ്റുകള് കൂടിയായതോടെ സംഭവം തലവേദനയായിരിക്കുകയാണ്. ചൈനീസ് പ്രസിഡന്റിന്റെ പേര് തെറ്റായി ഉച്ഛരിച്ച താത്കാലിക ജീവനക്കാരിയായ അവതാരകയെ ദൂരദര്ശന് പുറത്താക്കിയിരുന്നു.
കാശ്മീരില്‍ പ്രളയം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ശങ്കരാചാര്യ ഹില്ലിനു പകരം സുലൈമാന്‍ എന്നും അനന്ത്നാഗ് എന്ന സ്ഥലത്തിന് പകരം ഇസ്ലാമാബാദെന്നും ഒരു റിപ്പോര്‍ട്ടര്‍ പറഞ്ഞത് സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്. ദൂരദര്‍ശനെ മറ്റു ചാനലുകള്ക്കൊപ്പമെത്തിക്കാന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ പുതിയ പരിപാടികള്‍ പ്രഖ്യാപിച്ചിരുന്നു.