കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഇഡിയുടെ കുറ്റപത്രത്തിൽ ആദ്യമായി പ്രിയങ്ക ഗാന്ധിയുടെ പേരും
ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പേരും. എന്‍ആര്‍ഐ ബിസ്സിനസ്സുകാരനായ സിസി തമ്പിയുമായി ബന്ധപ്പെട്ട ഭൂമി തട്ടിപ്പ് കേസിലെ കുറ്റപത്രത്തിലാണ് പ്രിയങ്കയുടെ പേര് പരാമര്‍ശിച്ചിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും ബിസിനസ്സുകാരനുമായ റോബര്‍ട്ട് വാദ്രയുടെ പേരും ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരുന്നു.
പ്രിയങ്ക ഗാന്ധിയെ കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടില്ല. ഹരിയാനയിലെ ഫരീദാബാദില്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കുറ്റപത്രത്തിലെ പരാമര്‍ശം. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മകള്‍ പ്രിയങ്ക ഗാന്ധിയും മരുമകന്‍ റോബര്‍ട്ട് വാദ്രയും ഡല്‍ഹിക്കാരനായ ഒരു റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് വഴി ഹരിയാനയില്‍ ഭൂമി വാങ്ങിയിട്ടുണ്ട്, ഇതേ ഏജന്റ് എന്‍ആര്‍ഐ ബിസിനസ്സുകാരന്‍ സിസി തമ്പിക്കും ഭൂമി വില്‍പന നടത്തിയിട്ടുണ്ട് എന്നാണ് ഇഡിയുടെ പരാമര്‍ശം.

എച്ച് എല്‍ പഹ്വ എന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റില്‍ നിന്നും 2006ല്‍ പ്രിയങ്ക ഗാന്ധി 40.08 ഏക്കര്‍ കൃഷി ഭൂമി വാങ്ങുകയും ഇതേ ഭൂമി 2010ല്‍ ഇയാള്‍ക്ക് തന്നെ തിരിച്ച് വില്‍പന നടത്തുകയുമാണ് ചെയ്തിരിക്കുന്നത്. സിസി തമ്പിയും റോബര്‍ട്ട് വാദ്രയുമായി അടുത്ത ബന്ധം ഉണ്ടെന്നും ഇത് സമാനമായ ബിസിനസ്സ് താല്‍പര്യങ്ങളിലേക്ക് എത്തുന്നതുമായിരുന്നുവെന്നും ഇഡി ആരോപിക്കുന്നു.
തമ്പിക്കും വാദ്രയ്ക്കും ഭൂമി വില്‍പന നടത്തിയ എച്ച് എല്‍ പഹ്വയ്ക്ക് കണക്കില്‍ ഇല്ലാത്ത പണം ലഭിച്ചിട്ടുണ്ടെന്നും വാദ്രയുമായി നടത്തിയ ഭൂമി ഇടപാട് മുഴുവന്‍ തുകയും നല്‍കാതെ ഉളളതായിരുന്നുവെന്നും ഇഡി പറയുന്നു. ലണ്ടനില്‍ അഭയം തേടിയ ആയുധ കച്ചവടക്കാരന്‍ സഞ്ജയ് ഭണ്ഡാരിയും കള്ളപ്പണക്കേസില്‍ പ്രതിയാണ്. ഭണ്ഡാരിയുമായി അടുത്ത ബന്ധമാണ് തമ്പിക്കുളളത്. ലണ്ടനില്‍ റോബര്‍ട്ട് വാദ്ര വാങ്ങിയ വസ്തുവുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട് എന്നാണ് സൂചന.












Click it and Unblock the Notifications