ഞങ്ങള്‍ക്ക് രാഷ്ട്രമാണ് വലുത്; ചിലര്‍ക്ക് മോദി; തരൂരിനെതിരേ ഖാര്‍ഗെ: പറക്കാന്‍ അനുവാദം വേണ്ടെന്ന് മറുപടി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയ കോണ്‍ഗ്രസ് എംപി ശശി തരൂരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. 'ഞങ്ങള്‍ക്ക് ആദ്യം രാജ്യം, പക്ഷേ ചിലര്‍ക്ക് മോദി' എന്നാണ് ശശി തരൂരിന്റെ പരാമര്‍ശങ്ങളെ ചൂണ്ടിക്കാട്ടി
കോണ്‍ഗ്രസ് അധ്യക്ഷന്‍ വിമര്‍ശിച്ചത്. എന്നാല്‍ ഈ വിമര്‍ശനത്തിന് മറുപടിയുമായി ശശി തരൂരും രംഗത്തെത്തി. ഖാര്‍ഗെയുടെ പരിഹാസത്തിന് ശശി തരൂര്‍ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച മറുപടി പോസ്റ്റ് നിമിഷങ്ങള്‍ക്കകം വൈറലായി.
'പറക്കാന്‍ അനുവാദം ചോദിക്കരുത്. ചിറകുകള്‍ നിങ്ങളുടേതാണ്, ആകാശം ആരുടേതുമല്ല' എന്നായിരുന്നു മരക്കൊമ്പിലിരിക്കുന്ന പക്ഷിയുടെ ചിത്രത്തിനൊപ്പം ശശി തരൂര്‍ പങ്കുവെച്ച കുറിപ്പ്. നിരവധി പേരാണ് ശശി തരൂരിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

image credit: https://x.com/ShashiTharoor
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുള്ള ഇന്ത്യയുടെ സൈനിക നടപടി ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ വിദേശത്തു പോയ കേന്ദ്ര സര്‍വകക്ഷി
സംഘത്തെ നയിച്ചവരില്‍ പ്രധാനിയായിരുന്നു ശശി തരൂര്‍. അതിനു ശേഷം മോദിയെ പുകഴ്ത്തി ലേഖനവും കൂടി എഴുതിയതോടെ കോണ്‍ഗ്രസ് നേതൃത്വം ശശി തരൂരിനെതിരെ വലിയ അതൃപ്തിയില്‍ ആയിരുന്നു. ശശി തരൂര്‍ ബിജെപിയിലേക്ക് കൂടുമാറുന്നതായുള്ള അഭ്യൂഹങ്ങളുമുണ്ടായി. അതിനിടയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ പരസ്യ വിമര്‍ശനം ഉന്നയിച്ചത്.
ഇന്ന് രാവിലെ ഇന്ദിരാ ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു തരൂരിനെതിരേ ഖാര്‍ഗെ വിമര്‍ശനം ഉന്നയിച്ചത്. ഓപ്പറേഷന്‍ സിന്ദൂറിനു ശേഷമുള്ള ഇന്ത്യയുടെ ഇടപെടലുകളെ കുറിച്ച് 'ദ ഹിന്ദു' ദിനപത്രത്തില്‍ ശശി തരൂര്‍ എഴുതിയ ലേഖനമാണ് വിവാദത്തിന് കാരണമായത്. ഇതില്‍ ആഗോളതലത്തില്‍ പ്രധാനമന്ത്രി മോദിക്കുള്ള സ്വീകാര്യതയെ കുറിച്ച് ശശി തരൂര്‍ പുകഴ്ത്തി സംസാരിച്ചിരുന്നു.
— Shashi Tharoor (@ShashiTharoor) June 25, 2025
ലേഖനം പ്രസിദ്ധീകരിച്ചതോടുകൂടി കോണ്‍ഗ്രസ് നേതൃത്വത്തിന് ശശി തരൂരിനോടുള്ള അതൃപ്തി കൂടുകയും ചെയ്തു. അതേസമയം തന്റെ ലേഖനം ബിജെപിയില്‍ ചേരാനുള്ള സൂചനയല്ലെന്ന് ശശി തരൂര്‍ വിശദീകരിച്ചു. ദേശീയ താല്‍പര്യവും ഐക്യവും മുന്‍നിര്‍ത്തിയുള്ള പരാമര്‍ശമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ശശി തരൂരിന്റെ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും പാര്‍ട്ടി വക്താവ് സുപ്രിയ ശ്രീനേറ്റ് മാധ്യമങ്ങളോട് പറഞ്ഞു.
ശശി തരൂരിന് ഇംഗ്ലീഷ് ഭാഷ നന്നായി അറിയാവുന്നതുകൊണ്ടാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ എടുത്തത് എന്നായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. 26 നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടാനിടയായ പഹല്‍ഗാം ആക്രമണത്തിന് ശേഷം, പ്രതിപക്ഷം സൈന്യത്തിനൊപ്പമാണെന്ന് വ്യക്തമാക്കിയിരുന്നു. രാജ്യത്തിനാണ് ആദ്യ പരിഗണന. പിന്നെയാണ് പാര്‍ട്ടി എന്നാണ് ഞങ്ങള്‍ പറഞ്ഞത്. എന്നാല്‍ ചിലര്‍ക്ക് ആദ്യം മോദിയും പിന്നെ രാജ്യവുമാണ്. അതിന് ഞങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും? - ഇതായിരുന്നു ഖാര്‍ഗെയുടെ പരിഹാസം.
തീവ്രവാദത്തിനെതിരേയുള്ള ഇന്ത്യയുടെ നിലപാട് ലോകത്തിന് മുന്നില്‍ വ്യക്തമാക്കിയത് ശശി തരൂരിന്റെ പരാമര്‍ശങ്ങള്‍ പ്രശംസിക്കപ്പെട്ടിരുന്നു. മോദിയെ പ്രശംസിക്കുന്ന ശശി തരൂരൂന്റെ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications