ഇന്ത്യയിലുള്ള വിദേശികൾക്കും കൊവിഡ് വാക്സിൻ: കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്താൽ വാക്സിൻ ലഭിക്കും
ദില്ലി: വിദേശികൾക്ക് ഇന്ത്യയിൽ നിന്ന് വാക്സിൻ സ്വീകരിക്കാനുള്ള സൌകര്യമൊരുക്കി കേന്ദ്രസർക്കാർ. കൊവിൻ ആപ്പ് വഴി രജിസ്റ്റർ ചെയ്ത് വാക്സിൻ സ്വീകരിക്കാനുള്ള സംവിധാനമാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇക്കാര്യം ട്വിറ്ററിൽ അറിയിച്ചത്. വിദേശ പൌരന്മാർക്ക് കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിന് തങ്ങളുടെ പാസ്പോർട്ട് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാൻ സാധിക്കും. ഇത്തരത്തിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ വാക്സിൻ ലഭിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുള്ളത്.
ഇന്ത്യയിൽ, പ്രത്യേകിച്ച് വലിയ മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ താമസിക്കുന്ന ധാരാളം വിദേശികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ടത് പ്രധാനമാണെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഈ പ്രദേശങ്ങളിൽ, ഉയർന്ന ജനസാന്ദ്രത കാരണം കൊവിഡ് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് രോഗവ്യാപനം ഇല്ലാതാക്കാൻ വാക്സിനേഷൻ അനിവാര്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

പിറന്നാൾ ദിനത്തിൽ ചുവപ്പിൽ സുന്ദരിയായി മാളവിക; ചിത്രങ്ങൾ കാണാം
ഇന്ത്യയിൽ താമസിക്കുന്ന വിദേശ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഈ സംരംഭമെന്നും മന്ത്രാലയം അറിയിച്ചു."ഇന്ത്യയിൽ താമസിക്കുന്ന കുത്തിവയ്പ് എടുക്കാത്ത വ്യക്തികളിൽ നിന്നുള്ള അണുബാധയ്ക്കുള്ള സാധ്യതകളും ഇത് കുറയ്ക്കുമെന്നും കൊവിഡ് വ്യാപനത്തിൽ നിന്ന് സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
2021 ജനുവരി 16നാണ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വാക്സിനേഷൻ ആരംഭിച്ചത്. 18 വയസ്സിന് മുകളിലുള്ള വിഭാഗങ്ങളിലേക്ക് വരെയെത്തി നിൽക്കുകയാണ് ഇന്ത്യയിലെ കൊവിഡ് വാക്സിനേഷൻ. ആഗസ്റ്റ് ഒമ്പതിന് ഇന്ത്യയിലെ കൊവിഡ് വാക്സിനേഷൻ 51 കോടി കടന്നിരുന്നു.












Click it and Unblock the Notifications