അഹമ്മദാബാദ് യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ നമസ്കാരം നടത്തിയ വിദേശ വിദ്യാർത്ഥികള്‍ക്ക് മർദ്ദനം
ഡല്‍ഹി: യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ വെച്ച് നമസ്കരിച്ചെന്ന് ആരോപിച്ച് അഹമ്മദാബാദ് യൂണിവേഴ്സിറ്റിയിലെ വിദേശ വിദ്യാർത്ഥികള്‍ക്ക് മർദ്ദനം. യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ അതിക്രമിച്ച് കയറിയ ഒരു സംഘം വിദ്യാർത്ഥികളെ മർദ്ദിക്കുകയായിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് പുറമെ അഫ്ഗാനിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികള്‍ക്കാണ് പരിക്കേറ്റത്.
അക്രമവിവരം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാന ആഭ്യന്തര മന്ത്രി ഹർഷ് സംഘവി ഗുജറാത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാനും നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അഹമ്മദാബാദ് കാമ്പസിൽ പള്ളി ഇല്ലെന്നും അതിനാൽ റമദാനിലെ രാത്രിയിലെ പ്രത്യേക നമസ്കാരമായ തറാവീഹ് നിർവ്വഹിക്കാന്‍ തങ്ങൾ ഹോസ്റ്റലിനുള്ളിൽ ഒത്തുകൂടുകയായിരുന്നുവെന്നുമാണ് വിദ്യാർത്ഥികൾ പറയുന്നത്.

ഇതോടെ വടികളും കത്തികളുമായി ഒരു ജനക്കൂട്ടം ഹോസ്റ്റലിലേക്ക് ഇരച്ചുകയറുകയും തങ്ങളുടെ ആക്രമിക്കുകയും മുറികൾ നശിപ്പിക്കുകയും ചെയ്തുവെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരൻ ജനക്കൂട്ടത്തെ തടയാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ആളുകൾ മുദ്രാവാക്യം വിളിക്കുകയും ഹോസ്റ്റലിൽ നമസ്‌കരിക്കാൻ തങ്ങളെ ആരാണ് അനുവദിച്ചതെന്ന് ചോദിക്കുകയും ചെയ്തതായി അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒരു വിദ്യാർത്ഥി പറഞ്ഞു. "അവർ ഞങ്ങളെ മുറിക്കുള്ളില്‍ കയറി ആക്രമിച്ചു, അവർ ലാപ്‌ടോപ്പുകളും ഫോണുകളും തകർത്തു, ബൈക്കുകളും നശിപ്പിച്ചു," വിദ്യാർത്ഥി പറഞ്ഞു.
പരിക്കേറ്റ അഞ്ച് വിദ്യാർത്ഥികളിൽ അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, തുർക്ക്മെനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള രണ്ട് പേരുമാണുള്ളത്. "പോലീസ് എത്തുമ്പോഴേക്കും ജനക്കൂട്ടം ഓടിരക്ഷപ്പെട്ടിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികൾ ആശുപത്രിയിലാണ്, എംബസികളെ വിവരം അറിയിച്ചിട്ടുണ്ട്." എന്നും വിദ്യാർത്ഥികള്‍ പറഞ്ഞു.
അക്രമിക്കപ്പെട്ട ബൈക്കിന്റേയും ലാപ്ടോപ്പിന്റേയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ചില ദൃശ്യങ്ങളിൽ, ആളുകൾ ഹോസ്റ്റലിലേക്ക് കല്ലെറിയുന്നതും വിദേശ വിദ്യാർത്ഥികൾക്ക് നേരെ അസഭ്യം പറയുന്നതും കാണാം. അതേസമയം, ഹൈദരാബാദ് എംപിയും ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ തലവനുമായ അസദുദ്ദീൻ ഒവൈസി സംഭവത്തെ അപലപിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications