
ആംനസ്റ്റി ഇന്ത്യ മുൻ മേധാവി ആകർ പട്ടേലിനെ ബെംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞു
ദില്ലി; യുഎസിലേക്ക് പോകാനൊരുങ്ങുവെ തന്നെ ബെംഗളൂരു എയർപോർട്ടിൽ തടഞ്ഞെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ മുൻ എക്സിക്യുട്ടീവ് ഡയറക്ടര്‍ ആകര് പട്ടേൽ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തന്റെ യാത്രയ്ക്ക് ഗുജറാത്ത് കോടതിയിൽ നിന്നും അനുമതി ഉണ്ടായിരുന്നുവെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
ആംനസ്റ്റി ഇന്ത്യ ഇന്റർനാഷണലിനെതിരെ സിബിഐ ഫയൽ ചെയ്ത കേസുമായി ബന്ധപ്പെട്ട് തന്നെ എക്സിറ്റ് കൺട്രോൾ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആംനസ്റ്റിക്കെതിരെ മോദി സർക്കാർ ഫയൽ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ തനിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ ഉണ്ടെന്നാണ് സിബിഐ ഉദ്യോഗസ്ഥർ അറിയിച്ചത്, എന്നായിരുന്നു പട്ടേലിന്റെ ട്വീറ്റ്.
അതേസമയം ഗുജറാത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സൂറത്ത് കോടതി യു എസിലേക്ക് പോകാൻ പട്ടേലിന് അനുമതി നൽകിയതെന്നാണ് സിബിഐയുടെ വിശദീകരണം. 36 കോടി രൂപയുടെ വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ട് എഫ്സിആർഎ ലംഘനത്തിന് ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയ്ക്കും മറ്റുള്ളവർക്കുമെതിരെ സി ബി ഐ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന് വിദേശ യാത്ര ചെയ്യാൻ അനുമതി നിഷേധിച്ചതെന്നും സി ബി ഐ പറഞ്ഞു.
2010 ലെ വിദേശ സംഭാവന നിയമം ലംഘിച്ചുവെന്നാരോപിച്ച് ആഭ്യന്തര മന്ത്രാലയം നൽകിയ പരാതിയെ തുടർന്ന് 2019 നവംബറിൽ ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയ്ക്കും അതിന്റെ മൂന്ന് അസോസിയേറ്റ് ഓർഗനൈസേഷനുകൾക്കുമെതിരെ സിബിഐ കേസെടുത്തിരുന്നു. ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എ ഐ ഐ പി എൽ), ഇന്ത്യൻസ് ഫോർ ആംനസ്റ്റി ഇന്റർനാഷണൽ ട്രസ്റ്റ് (ഐ എ ഐ ടി), ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റ് (എ ഐ ഐ എ ഫ്ടി), ആംനസ്റ്റി ഇന്റർനാഷണൽ സൗത്ത് ഏഷ്യ ഫൗണ്ടേഷൻ (എ ഐ എസ് എ എഫ്) തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ലണ്ടനിലെ ഓഫീസിൽ നിന്ന് നേരിട്ടുള്ള വിദേശ നിക്ഷേപമായി 10 കോടി രൂപ ആംനസ്റ്റി ഇന്ത്യയിലേക്ക് അയച്ചതായി ആഭ്യന്തര മന്ത്രാലയം നൽകിയ പരാതിയിൽ പറയുന്നു. യുകെ ആസ്ഥാനമായുള്ള സ്ഥാപനങ്ങളിൽ നിന്ന് ആംനെസ്റ്റി ഇന്ത്യയിലേക്ക് മറ്റൊരു 26 കോടി രൂപ കൂടി എത്തിയതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.