അതിഷി മര്‍ലേന ഡല്‍ഹി നിയമസഭയിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവ്
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ ആദ്യ വനിതാ പ്രതിപക്ഷ നേതാവാകാന്‍ അതിഷി മര്‍ലേന. എ.എ.പി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അതിഷിയെ ഡല്‍ഹി നിയമസഭ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തിലാണ് അതിഷിയെ പ്രതിപക്ഷ നേതാവായി സംയുക്തമായി തിരഞ്ഞെടുത്തത്. എ.എ.പി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളും 22 പാര്‍ട്ടി എം.എല്‍.എമാരും യോഗത്തില്‍ പങ്കെടുത്തു.
ഡല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതാവാകുന്ന ആദ്യ വനിതയാണ് അതിഷി.
സഞ്ജീവ് ഝാ എംഎല്‍എയാണ് അതിഷിയുടെ പേര് യോഗത്തില്‍ നിര്‍ദേശിച്ചത്. ബി.ജെ.പി അധികാരമേറ്റെടുത്തതിന് ശേഷം തിങ്കളാഴ്ചയാണ് സഭ ആദ്യമായി സമ്മേളിക്കുക. മുന്‍ ആം ആദ്മി സര്‍ക്കാറിനെതിരെ സി.എ.ജി റിപ്പോര്‍ട്ട് സഭയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡല്‍ഹിയുടെ ചരിത്രത്തിലാദ്യമായാണ് ഒരേ സമയം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വനിതകള്‍ ആകുന്നത്. ബിജെപിയുടെ രേഖാ ഗുപ്തയാണ് വനിതാ മുഖ്യമന്ത്രി. 'എന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനും നിയമസഭാ പാര്‍ട്ടിക്കും നന്ദി' എന്നാണ് അതിഷി പ്രതികരിച്ചത്. ദക്ഷിണ ഡല്‍ഹിയിലെ കല്‍ക്കാജി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അതിഷി നിയമസഭയിലെത്തിയത്.
70 അംഗ നിയമസഭയില്‍ 48 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി ഡല്‍ഹിയില്‍ അധികാരം പിടിച്ചെടുത്തത്. എ.എ.പിക്ക് 22 സീറ്റുകള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ അടക്കമുള്ള പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ തോറ്റു. കോണ്‍ഗ്രസിന് ഇത്തവണയും ഒരു സീറ്റ് പോലും നേടാന്‍ സാധിച്ചില്ല. നീണ്ട 27 വര്‍ഷത്തിന് ശേഷമാണ് ഡല്‍ഹിയില്‍ ബിജെപി അധികാരം തിരിച്ചുപിടിക്കുന്നത്. നാളത്തെ സമ്മേളനത്തില്‍ സ്പീക്കറെയും തെരഞ്ഞെടുക്കും. ബി.ജെ.പി നേതാവ് വിജേന്ദര്‍ ഗുപ്തയെ സ്പീക്കറായി നാമനിര്‍ദേശം ചെയ്തിരുന്നു. അരവിന്ദര്‍ സിങ് ലവ്‌ലി ആയിരിക്കും പ്രോ ടേം സ്പീക്കര്‍.
ചൊവ്വാഴ്ചയായിരിക്കും എ.എ.പി സര്‍ക്കാറിനെതിരായ സി.എ.ജി റിപ്പോര്‍ട്ട് അവതരിപ്പിക്കുക. മദ്യനയ അഴിമതി, കെജ്രിവാളിന്റെ വീട് നവീകരിച്ചതിലെ ക്രമക്കേടുകള്‍, വിദ്യാഭ്യാസ നയത്തിലെ പരിമിതികള്‍ എന്നിവയാണ് റിപ്പോര്‍ട്ടിലെ പ്രധാന വിഷയങ്ങള്‍.












Click it and Unblock the Notifications