കര്‍ണാടക ബിജെപിയില്‍ അഴിച്ചുപണി; യെദിയൂരപ്പയുടെ മകന്‍ സംസ്ഥാന അധ്യക്ഷന്‍
ബെംഗളൂരു: കര്‍ണാടക ബി ജെ പിയില്‍ അഴിച്ചുപണി. മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്ര യെദിയൂരപ്പയെ ബി ജെ പി സംസ്ഥാന യൂണിറ്റ് പ്രസിഡന്റായി നിയമിച്ചു. നളീന്‍ കുമാര്‍ കട്ടീലിന് പകരമായാണ് വിജയേന്ദ്രയെ ബി ജെ പി സംസ്ഥാന അധ്യക്ഷനാക്കിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബി ജെ പി സംഘടനാ അഴിച്ചുപണി നടത്തിയത്.
മേയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. മകനെ സംസ്ഥാന അധ്യക്ഷനാക്കിയതിലൂടെ സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും യെദിയൂരപ്പയുടെ സ്വാധീന വലയത്തിലാകുകയാണ് ബി ജെ പി. തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിച്ചെങ്കിലും മുതിര്‍ന്ന ലിംഗായത്ത് നേതാവായ യെദിയൂരപ്പക്ക് സംസ്ഥാനത്ത് വലിയ വേരോട്ടമുണ്ട്.

ഈ വര്‍ഷമാദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയേന്ദ്ര എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യെദിയൂരപ്പയുടെ രാഷ്ട്രീയ അവകാശിയായി കണക്കാക്കപ്പെടുന്നയാളാണ് വിജയേന്ദ്ര. യെദിയൂരപ്പയുടെ മൂത്തമകന്‍ ബി വൈ രാഘവേന്ദ്ര ലോക്സഭാ എം പിയാണ്. ഒരു കുടുംബത്തിലെ ഒന്നില്‍ അധികം അംഗങ്ങളെ രാഷ്ട്രീയത്തില്‍ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് ഉറപ്പാക്കാന്‍ ബി ജെ പി ശ്രമിക്കുന്നതിനിടെയാണ് വിജയേന്ദ്രയുടെ നിയമനം എന്നതും ശ്രദ്ധേയമാണ്.
2018 ലെ കര്‍ണാടക തിരഞ്ഞെടുപ്പില്‍ പിതാവ് വിജയിച്ച ശിഖരിപുരയിലെ എം എല്‍ എയാണ് വിജയേന്ദ്ര. ശിവമോഗയിലെ ശിക്കാരിപുര മണ്ഡലത്തില്‍ നിന്ന് 11,008 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയേന്ദ്ര തന്റെ തിരഞ്ഞെടുപ്പ് അരങ്ങേറ്റത്തില്‍ വിജയിച്ചത്. അതേസമയം കര്‍ണാടകയില്‍ ഇതുവരെ ബി ജെ പി പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ അധ്യക്ഷ സ്ഥാനത്തിനായി മത്സരിച്ചിരുന്നു.
ശോഭ കരന്ദ്ലാജെ, സി ടി രവി, വി സുനില്‍കുമാര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളാണ് ബി ജെ പി അധ്യക്ഷ സ്ഥാനം നോട്ടമിട്ടിരുന്നത്. എന്നാല്‍ പാര്‍ട്ടി തിരഞ്ഞെടുത്തത് സംസ്ഥാനത്ത് ആദ്യമായി എം എല്‍ എയും ബി ജെ പി നേതാക്കളില്‍ ജൂനിയറുമായ വിജയേന്ദ്രയെയാണ് എന്നതാണ് ശ്രദ്ധേയം. ബി ജെ പി സംസ്ഥാന ഘടകത്തെ നയിക്കാന്‍ ലിംഗായത്ത് നേതാവ് തന്നെ വരുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.
എന്നാല്‍ എതിരാളികള്‍ക്കെതിരെ കുടുംബ രാഷ്ട്രീയം ആരോപിക്കുന്ന ബി ജെ പി തന്നെ മുതിര്‍ന്ന നേതാവിന്റെ മകനെ എം എല്‍ എയായും അധ്യക്ഷനായും തിരഞ്ഞൈടുത്തതാണ് അത്ഭുതപ്പെടുത്തുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications