അമ്പാട്ടി റായിഡുവിന്റെ അടുത്ത 'ഇന്നിംഗ്‌സ്' രാഷ്ട്രീയത്തിലേക്ക്; ജഗന്റെ ടീമില്‍, നീക്കങ്ങള്‍ ഇങ്ങനെ
വിജയവാഡ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു രാഷ്ട്രീയത്തിലേക്ക്. അടുത്ത വര്‍ഷം ആന്ധ്രാപ്രദേശില്‍ വൈ എ്‌സ് ആര്‍ സി പിക്ക് വേണ്ടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ മാസമാണ് അമ്പാട്ടി റായിഡു എകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഇക്കഴിഞ്ഞ ഐ പി എല്ലില്‍ കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പമായിരുന്നു റായിഡു.
ആന്ധ്രാപ്രദേശിലെ കൃഷ്ണയിലോ ഗുണ്ടൂര്‍ ജില്ലയിലോ ഉള്ള ഒരു സീറ്റില്‍ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് അമ്പാട്ടി റായിഡു പദ്ധതിയിടുന്നത്. ഗുണ്ടൂര്‍ സ്വദേശിയായ റായിഡു കഴിഞ്ഞയാഴ്ച രണ്ട് തവണ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈ എസ് ആര്‍ സി പി നേതാവുമായ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അടുത്ത തെരഞ്ഞെടുപ്പില്‍ റായിഡുവിനെ മത്സരിപ്പിക്കാന്‍ ജഗന് താല്‍പ്പര്യമുണ്ടെങ്കിലും, നിയമസഭയിലോ ലോക്സഭാ തെരഞ്ഞെടുപ്പിലോ മത്സരിപ്പിക്കണമോ എന്ന കാര്യത്തില്‍ ജഗന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. രാഷ്ട്രീയത്തിലിറങ്ങുന്ന യുവാക്കള്‍ക്ക് വലിയ പ്രചോദനമാണ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയെന്ന് അമ്പാട്ടി റായിഡു പറഞ്ഞു. ഒരു മേഖലയില്‍ കേന്ദ്രീകരിക്കുന്നതിനു പകരം എല്ലാ മേഖലകളിലും വികസനത്തിന് അദ്ദേഹം നേതൃത്വം നല്‍കുന്നെന്നും റായിഡു കൂട്ടിച്ചേര്‍ത്തു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലാണ് റായിഡുവിന് മത്സരിക്കാന്‍ താല്‍പര്യമെങ്കില്‍ പൊന്നൂര്‍ അല്ലെങ്കില്‍ ഗുണ്ടൂര്‍ വെസ്റ്റ് മണ്ഡലങ്ങള്‍ തിരഞ്ഞെടുക്കാമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടതായി ചില വൃത്തങ്ങള്‍ അറിയിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പാണെങ്കില്‍ മച്ചിലിപട്ടണം മണ്ഡലമാണ് തന്റെ ഏറ്റവും നല്ല ഓപ്ഷനെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.
വൈ എസ് ആര്‍ സി പിയുടെ എം പി വി ബാലസൗരിയാണ് മച്ചിലിപ്പട്ടണത്തില്‍. പൊന്നൂരില്‍ കെ വി റോസയ്യ ആണ് എം എല്‍ എ. ഗുണ്ടൂര്‍ വെസ്റ്റ് നിയമസഭാംഗമായ മദ്ദാലി ഗിരിധര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ടി ഡി പി സ്ഥാനാര്‍ത്ഥിയായി വിജയിച്ചെങ്കിലും പിന്നീട് വൈ എസ് ആര്‍ സി പിയിലേക്ക് മാറിയിരുന്നു.
അതേസമയം, ബാലസൗരിയെ മാറ്റി പുതിയ സ്ഥാനാര്‍ത്ഥിയെ നിയോഗിച്ചേക്കുമെന്ന ഊഹാപോഹങ്ങള്‍ ശക്തമാണ്. ഇതിനിടെയാണ് അമ്പാട്ടി റായിഡു രാഷ്ട്രീയ പ്രവേശനം. അതുകൊണ്ട് തന്നെ ഈ മണ്ഡലത്തില്‍ കൂടുതല്‍ സാധ്യത അമ്പാട്ടി റായിഡുവിനാണ്. കൂടാതെ, 2024 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബാലസൗരി പദ്ധതിയിടുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
പൊന്നൂരില്‍ നിന്ന് മത്സരിക്കാന്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ റായിഡുവായിരിക്കും മച്ചിലിപട്ടണത്ത് നിന്ന് ലോക്‌സഭ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. അതേസമയം, 2019 ലോകകപ്പ് ടീം തിരഞ്ഞെടുപ്പില്‍ പക്ഷപാതമുണ്ടായെന്ന അമ്പാട്ടി റായിഡുവിന്റെ പ്രസ്താവന വലിയ ചര്‍ച്ചയായിരുന്നു. ടിവി 9 ന്യൂസ് തെലുങ്കിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ 2019 ലോകകപ്പ് അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്.












Click it and Unblock the Notifications