അയോധ്യയിൽ സമർപ്പിച്ച 5 കോടിയുടെ സ്വർണ 'രാമചരിതമാനസം' മാറ്റി ;ആരോപണവുമായി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ
അയോധ്യ രാമക്ഷേത്രത്തിന് വഴിപാടായി നൽകിയ അഞ്ച് കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം പൂശിയ 'രാമചരിതമാനസം' ക്ഷേത്രത്തിൽ നിന്നും മാറ്റിയെന്ന ഗുരുതര ആരോപണവുമായി മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ. എസ് ലക്ഷ്മിനാരായണനാണ് രാമക്ഷേത്ര ട്രസ്റ്റിനെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. 2024 ഏപ്രിൽ മാസത്തിലാണ് ലക്ഷ്മിനാരായണനും കുടുംബവും ഈ ഗ്രന്ഥം ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന് കൈമാറിയത്. എന്നാൽ ഇത് പിന്നീട് ക്ഷേത്ര സമുച്ചയത്തിൽ നിന്നും മാറ്റുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, ക്ഷേത്രത്തിലേക്ക് വരുന്ന എല്ലാ വഴിപാടുകളും അവിടെ പ്രദർശിപ്പിക്കാൻ കഴിയില്ലെന്ന മറുപടിയാണ് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് നൽകിയതെന്നും ലക്ഷ്മിനാരായണൻ പറഞ്ഞു. രാമക്ഷേത്രത്തിലെ സ്വർണ്ണ-വെള്ളി കാണിക്കകളിൽ വൻ തിരിമറിയും മോഷണവും നടക്കുന്നതായി മുൻപും പരാതികൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മുൻ ഉദ്യോഗസ്ഥന്റെ പുതിയ വെളിപ്പെടുത്തൽ.

ക്ഷേത്ര നിർമ്മാണ സമയത്ത് ഭക്തർ നൽകിയ വലിയൊരു ശതമാനം വെള്ളിക്കട്ടികളും മറ്റ് സ്വർണ്ണാഭരണങ്ങളും കാണാതായതായി പ്രതിപക്ഷവും ജ്വല്ലേഴ്സ് അസോസിയേഷനും ആരോപിച്ചിരുന്നു. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം തലവൻ ഉദ്ധവ് താക്കറെ നൽകിയ നാല് കിലോ തൂക്കം വരുന്ന വെള്ളിക്കട്ടിയും ഇതിൽ ഉൾപ്പെടുന്നു. ഏകദേശം 200 കിലോയോളം വരുന്ന വെള്ളിക്കട്ടികൾ മോഷ്ടിക്കപ്പെട്ടതാകാമെന്ന സംശയത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം കേസിൽ അന്വേഷണം നടത്തുന്നുണ്ട്. മോഷ്ടാക്കൾ തെളിവ് നശിപ്പിക്കുന്നതിനായി ഈ സ്വർണ്ണവും വെള്ളിയും ഉരുക്കി മാറ്റിയിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. പ്രതികൾക്കായി പലയിടങ്ങളിലും റെയ്ഡ് നടത്തിയെങ്കിലും കാണാതായ ആഭരണങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല.
വിവാദം കൊഴുക്കുന്നതിനിടയിൽ, രാമക്ഷേത്ര ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ദേവ് ഗിരി വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തി. ക്ഷേത്രത്തിലെ കാണിക്കയും വഴിപാടുകളും എണ്ണുന്നതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ നിഷ്പക്ഷവും വിശദവുമായ അന്വേഷണം വേണമെന്നും ഗോവിന്ദ് ദേവ് ആവശ്യപ്പെട്ടു.
അതേസമയം രാമക്ഷേത്രത്തിലെ സംഭാവനകളിൽ വൻ അഴിമതിയാണ് നടക്കുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. ബി ജെ പി-ആർ എസ് എസ് സഖ്യം ചേർന്നാണ് ക്ഷേത്രത്തിലെ പണം തട്ടിയെടുക്കുന്നതെന്നും വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പുലർത്തുന്ന മൗനം ദുരൂഹമാണെന്നും കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.












Click it and Unblock the Notifications