കള്ളപ്പണകേസ്, അനില്‍ദേശ്മുഖ് അറസ്റ്റില്‍; അറസ്റ്റ് 12 മണിക്കൂര്‍ ചോദ്യം ചെയ്യലിനൊടുവില്‍
മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറസ്റ്റില്‍. 12 മണിക്കൂര്‍ ചോദ്യം ചെയ്യലിനൊടുവിലാണ് അദ്ദേഹത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) അറസ്റ്റ് രേഖപ്പെടുത്തിയത്. മുംബൈയിലെ ഇഡിയുടെ ഓഫീസില്‍ വച്ചാണ് അദ്ദേഹത്തെ ചോദ്യംചെയ്തത്. അറസ്റ്റ് ചെയ്ത അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നേരത്തെ, പലവട്ടം ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും ചോദ്യം ചെയ്യലിനായി അനില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് അദ്ദേഹം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളുകയായിരുന്നു.

ചോദ്യം ചെയ്യുന്ന സമയത്തും അനില്‍ ദേശമുഖ് സഹകരിക്കുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വ്യാജ ട്രസ്റ്റുകളിലൂടെയും മറ്റും വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള കേസ്. കൂടാതെ ആഭ്യന്തര മന്ത്രിയായിരിക്കെ പൊലീസുകാരെ ഉപയോഗിച്ച് പണപിരിവ് നടത്തിയെന്ന കേസില്‍ അനില്‍ ദേശ്മുഖിനെതിരെയുള്ള തെളിവുകളും പുറത്ത് വന്നിരുന്നു. ബാറുടമകളില്‍ നിന്ന് വാങ്ങിയ നാല് കോടി ഷെല്‍ കമ്പനികളിലൂടെ അനില്‍ ദേശ്മുഖിന്റെ പേരിലുള്ള ട്രസ്റ്റിലേക്ക് മാറ്റിയെന്നതിനുള്ള തെളിവുകളാണ് പുറത്ത് വന്നിരുന്നത്. പൊലീസുകാരെ ഉപയോഗിച്ച് വ്യവസായികളെ ഭീഷണിപ്പെടുത്തി മാസവും നൂറ് കോടി രൂപ പിരിക്കാന്‍ അനില്‍ ദേശ്മുഖ് ശ്രമിച്ചെന്ന മുന്‍ ബോംബെ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിന്റെ വെളിപ്പെടുത്തലോടെയാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തെ ഇളക്കി മറിച്ച സംഭവങ്ങളുടെ തുടക്കം.ഈ വെളിപ്പെടുത്തലില്‍ ഹൈക്കോടതി അനിലിനെതിരെ പ്രാഥമിക അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സിബിഐയോട് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം സ്വമേധയാ രാജിവെക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ജൂണ്‍ 25ന് ഇഡി അനില്‍ ദേശ്മുഖിന്റെയും മകന്റെയും വസതിയില്‍ പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാനായി ഹാജരാകണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന് നോട്ടീസ് അക്കുകയായിരുന്നു. അന്ന് ഹാജാരാകാത്തതിനെ തുടര്‍ന്ന് 28നും, ജൂലൈ രണ്ടിനും നോട്ടീസ് അയച്ചു. ജൂലൈ 30നും ഇഡി ചോദ്യം ചെയ്യാനായി ഹാജരാകണമെന്ന് അവശ്യപ്പെട്ട് നാലാമത്തെ നോട്ടീസും അയച്ചു. പിന്നീടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120 ബി, അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 7 എന്നിവ പ്രകാരമാണ് ഇഡി ദേശ്മുഖിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി)യുടെ നേതാവാണ് അനില്‍ ദേശ്മുഖ്.
ദീപിക പതുക്കോണ്‍ മാറി നില്‍ക്കണം; പുതിയ മേക്കോവറില്‍ സീരിയല്‍ താരം കൃഷ്ണപ്രിയ












Click it and Unblock the Notifications