മരുമകളായി സ്മൃതി ഇറാനി വീണ്ടും മിനിസ്‌ക്രീനിലേക്ക്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്: ഞെട്ടിക്കുന്ന പ്രതിഫലം
നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം തുളസി എന്ന ഉത്തമ മരുമകളായി മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വീണ്ടും മിനിസ്‌ക്രീനില്‍ എത്തുന്നു. സ്മൃതി ഇറാനി അഭിനയത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന് ഏറെ നാളായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് സ്ഥിരീകരണമേകി സ്മൃതിയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
ഇന്ത്യയില്‍ ഒരു കാലത്ത് സീരിയല്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ക്യൂന്‍കി സാസ് ഭി കഭി ബഹു ഥി എന്ന ടെലിവിഷന്‍ പരമ്പരയുടെ രണ്ടാം സീസണിലാണ് സ്മൃതി ഇറാനി അഭിനയിക്കുന്നത്. പരമ്പരയില്‍ തുളസി വിരാനി എന്ന കഥാപാത്രത്തെയാണ് സ്മൃതി അവതരിപ്പിക്കുന്നത്. സ്മൃതിയുടെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
പരമ്പരാഗത ഇന്ത്യന്‍ ശൈലിയില്‍ ചുവന്ന വലിയ പൊട്ടുതൊട്ട്, സ്വര്‍ണ്ണക്കരയുള്ള മെറൂണ്‍ സാരി ധരിച്ച്, നെറ്റിയില്‍ സിന്ദൂരമണിഞ്ഞ്, കറുത്ത മംഗല്യ സൂത്രവും ധരിച്ച കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് വരവേറ്റത്.

ഏകദേശം 15 വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് സ്മൃതി ഇറാനി അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത്. പരമ്പരയുടെ ആദ്യ ഭാഗം 2000 ജൂലൈ മുതല്‍ 2008 നവംബര്‍ വരെയാണ് സ്റ്റാര്‍ പ്ലസില്‍ സംപ്രേഷണം ചെയ്തത്. സ്മൃതിയുടെ തുളസി എന്ന മരുമകള്‍ കഥാപാത്രം അന്ന് ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും ജനപ്രീതിയുള്ള കഥാപാത്രമായി മാറുകയും ചെയ്തിരുന്നു.
ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്ത കപൂര്‍, ശോഭ കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് പരമ്പര നിര്‍മ്മിച്ചത്. 1800 ല്‍ അധികം എപ്പിസോഡുകളാണ് അന്ന് സംപ്രേഷണം ചെയ്തത്. വലിയ വ്യവസായ കുടുംബത്തിലെ മരുമകളാണ് സ്മൃതി അവതരിപ്പിക്കുന്ന തുളസി. ഉത്തമയായ
മരുമകളെ ചുറ്റിപ്പറ്റിയാണ് പരമ്പര പുരോഗമിക്കുന്നത്. അന്നത്തെ കാലത്തെ ഏറ്റവും വിജയകരമായ ടെലിവിഷന്‍ ഷോയായും ഇതു മാറി.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ക്യൂന്‍കി സാസ് ഭി കഭി ബഹു ഥി പരമ്പരയുടെ ഇരുപത്തഞ്ചാം വാര്‍ഷികത്തില്‍ സ്മിത ഇറാനി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വൈകാരികമായ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.
'25 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു കഥ നിശബ്ദമായി ഇന്ത്യന്‍ വീടുകളില്‍ പ്രവേശിച്ച് എണ്ണമറ്റ ജീവിതങ്ങളുടെ ഭാഗമായി മാറി. അത് വെറുമൊരു ഷോ മാത്രമായിരുന്നില്ല. ഒരുപാടു പേരുടെ വികാരവും ഓര്‍മ്മയുമൊക്കെ ആയിരുന്നു. കുടുംബങ്ങളെല്ലാം ഒരുമിച്ചിരുന്ന് കരയുകയും ചിരിക്കുകയും ചെയ്ത കാലം. തുളസിയെ സ്വന്തം കുടുംബത്തിന്റെ ഭാഗമാക്കിയ ഓരോ പ്രേക്ഷകനും നന്ദി. ഈ യാത്ര എന്റേത് മാത്രമായിരുന്നില്ല. അത് നമ്മുടേതായിരുന്നു. അതെപ്പോഴും അങ്ങനെ തന്നെയായിരിക്കും' - ഇതായിരുന്നു സ്മൃതി ഇറാനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകള്‍.
കര്‍ശനമായ സുരക്ഷയോടെയാണ് പരമ്പരയുടെ ഷൂട്ടിംഗ് നടക്കുന്നത്. പരമ്പരയുടെ ഒരു ഭാഗം പോലും ചോരാതിരിക്കാന്‍ മൊബൈല്‍ ഫോണുകള്‍ക്കു പോലും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരാധകരെ സംബന്ധിച്ച് പഴയ നൊസ്റ്റാള്‍ജിയയിലേക്കുള്ള തിരിച്ചുപോക്ക് കൂടിയായിരിക്കും ക്യൂന്‍കി സാസ് ഭി കഭി ബഹു ഥി പരമ്പരയുടെ രണ്ടാം സീസണ്‍. പരമ്പരയുടെ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു.
പരമ്പരയ്ക്ക് സ്മൃതി ഇറാനി വാങ്ങുന്ന പ്രതിഫലവും ചര്‍ച്ചയായിരിക്കുകയാണ്. തുളസി വിരാനി എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ സ്മൃതിക്ക് പ്രതിദിനം 14 ലക്ഷം രൂപയാണ് പ്രതിഫലം. ഇതോടെ ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ടെലിവിഷന്‍ നടിയായി സ്മൃതി മാറുകയും ചെയ്തു. നേരത്തെ കേന്ദ്ര മന്ത്രിസഭയില്‍ അംഗമായിരുന്ന സ്മൃതി ഇറാനി 2024 ലെ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ പരാജയപ്പെട്ടിരുന്നു.












Click it and Unblock the Notifications