ലൈംഗികപീഡനം: രഞ്ജി ട്രോഫി ക്രിക്കറ്റ് താരം തൂങ്ങിമരിച്ചു
ഹൈദരാബാദ്: ആന്ധ്രപ്രദേശിന്റെ മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരമായ മദിനേനി ദുര്‍ഗ ഭവാനി ആത്മഹത്യ ചെയ്തു. ഞായറാഴ്ച വിജയവാഡയിലുള്ള സ്വന്തം വീട്ടില്‍ വെച്ചാണ് ഭവാനി ജീവനൊടുക്കിയത്. 30 വയസ്സുകാരിയായ ഭവാനി കിടപ്പുമുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള ഭവാനി ഓള്‍റൗണ്ടറായിരുന്നു.
ആന്ധ്രപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറിക്കെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്‍കിയ ഭവാനി അടുത്തിടെ തലക്കെട്ടുകള്‍ സൃഷ്ടിച്ചിരുന്നു. ഇവര്‍ പിന്നീട് ഈ പരാതി പിന്‍വലിച്ചു. സമ്മര്‍ദ്ദം കാരണമാണ് പരാതി പിന്‍വലിച്ചത് എന്ന് ഭവാനി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഭവാനിയുടെ ആത്മഹത്യയുടെ കാരണം എന്താണെന്ന് വ്യക്തമല്ല.

ഭവാനിയുടെ ബന്ധുവായ ദുര്‍ഗാംബയാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ താരത്തെ ആദ്യം കണ്ടതെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഇവരാണ് ഭവാനിയുടെ സഹോദരനെ വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസം അമ്മയെ സന്ദര്‍ശിച്ച ശേഷമാണ് താരം ആത്മഹത്യ ചെയ്തത്. ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് ഇവരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
എന്തിനാണ് ഭവാനി ആത്മഹത്യ ചെയ്തത് എന്ന് ഇനിയും വ്യക്തമല്ല. ലൈംഗിക പീഡനം സംബന്ധിച്ച കാരണങ്ങളാണോ അതോ കുടുംബവഴക്കാണോ ആത്മഹത്യയ്ക്ക് കാരണം എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഭവാനിയുടെ മൃതദേഹം പോലീസ് പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ സത്യപ്രസാദാണ് ഭവാനിയുടെ ഭര്‍ത്താവ്.












Click it and Unblock the Notifications