സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് സിഐഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് സി ഐ എസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ജമ്മു കാശ്മീരിലെ കത്വ ജില്ലയിലുള്ള സേവ-2 ജലവൈദ്യുത പദ്ധതിയുടെ ക്യാംപില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. അസിസ്റ്റന്റ് കമാന്‍ഡന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ സി ഐ എസ് എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ അവധേഷ് സിംഗിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസും മറ്റ് ഏജന്‍സികളും ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ജലവൈദ്യുത പദ്ധതിയില്‍ വിന്യസിച്ചിരുന്ന സഹപ്രവര്‍ത്തകരുമായുള്ള തര്‍ക്കത്തിനൊടുവില്‍ അവധേഷ് സിംഗ് തന്റെ ഔദ്യോഗിക തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. ഡ്യൂട്ടി മാറുന്നതിനിടെ സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഭവത്തിലേക്ക് നയിച്ചത്.

തര്‍ക്കം പിന്നീട് വെടിവെപ്പില്‍ കലാശിക്കുകയും നാല് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ നാലുപേരും പിന്നീട് മരണത്തിന് കീഴടങ്ങി. അസിസ്റ്റന്റ് കമാന്‍ഡന്റ് അങ്കിത് കുമാര്‍ പാണ്ഡെ, സബ് ഇന്‍സ്‌പെക്ടര്‍ ലക്ഷ്മണ്‍ സിംഗ്, കോണ്‍സ്റ്റബിള്‍ സഞ്ജീവ് കുമാര്‍, കോണ്‍സ്റ്റബിള്‍ മുഹമ്മദ് റഫീഖ് എന്നിവരാണ് മരിച്ചത്. കത്വ ജില്ലാ പോലീസ് സംഘം സ്ഥലത്തെത്തി.
സംഭവങ്ങളുടെ ക്രമവും വെടിവെപ്പിലേക്ക് നയിച്ച സാഹചര്യങ്ങളും വ്യക്തമാക്കുന്നതിനായി സി ഐ എസ് എഫ് ആസ്ഥാനം ഒരു ഔദ്യോഗിക അന്വേഷണ സമിതി രൂപീകരിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. തര്‍ക്കത്തിനുള്ള കാരണവും വെടിവെപ്പിലേക്ക് നയിച്ച സാഹചര്യങ്ങളും ഇതുവരെ വ്യക്തമായിട്ടില്ല. സി ഐ എസ് എഫ് ഡയറക്ടര്‍ ജനറല്‍ സംഭവവികാസങ്ങളും അന്വേഷണവും നിരീക്ഷിച്ചുവരികയാണ്.
ഓഫീസിനുള്ളില്‍ പ്രവേശിച്ച് തനിക്ക് അനുവദിച്ചിരുന്ന എകെ-47 റൈഫിള്‍ ഉപയോഗിച്ച് അവധേഷ് സിംഗ് വെടിയുതിര്‍ക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൈവശം 150 റൗണ്ട് വെടിയുണ്ടകള്‍ ഉണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ഔദ്യോഗിക ആയുധം പിടിച്ചെടുത്തിട്ടുണ്ട്.
ഹിമാചല്‍ പ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്ന് കത്വ ജില്ലയിലെ മാഷ്‌കയിലാണ് സേവ-2 ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശം ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയുമായി അതിര്‍ത്തി പങ്കിടുന്നു.


Click it and Unblock the Notifications
