4 കോൺഗ്രസ് എംഎൽഎമാരെ കാണാനില്ല.. വിളിച്ചിട്ടും കിട്ടുന്നില്ല... നിയമസഭാ കക്ഷിയോഗം വൈകുന്നു..
വടക്കൻ കർണാടകയിൽ നിന്നുള്ള നാല് കോൺഗ്രസ് എംഎൽഎമാർ അപ്രത്യക്ഷരായിരിക്കുന്നത്.
ബെംഗളൂരു: നാടകീയ രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്ന കർണാടകയിൽ കോൺഗ്രസിന്റെ നാല് എംഎൽഎമാരെ കാണാനില്ല. കോൺഗ്രസ് നിയമസഭ കക്ഷി യോഗം ആരംഭിക്കാനിരിക്കെയാണ് വടക്കൻ കർണാടകയിൽ നിന്നുള്ള നാല് കോൺഗ്രസ് എംഎൽഎമാർ അപ്രത്യക്ഷരായിരിക്കുന്നത്. ഇതിനാൽ എട്ട് മണിക്ക് തുടങ്ങേണ്ട നിയമസഭ കക്ഷി യോഗം അനിശ്ചിതമായി വൈകുന്നു.
വടക്കൻ കർണാടകയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്ന് വിജയിച്ച ആനന്ദ് സിങ്, രാജശേഖർ പാട്ടിൽ, നാഗേന്ദ്ര, എംവൈ പാട്ടീൽ എന്നീ കോൺഗ്രസ് എംഎൽഎമാരെയാണ് ബുധനാഴ്ച രാവിലെ മുതൽ കാണാതായത്. കോൺഗ്രസ് നേതാക്കൾ എംഎൽഎമാരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ കിട്ടിയില്ലെന്നാണ് റിപ്പോർട്ട്. രാവിലെ എട്ട് മണിക്ക് കെപിസിസി ഓഫീസിൽ നിയമസഭ കക്ഷി യോഗം ചേരുമെന്ന് എംഎൽഎമാർക്ക് നേരത്തെ വിവരം നൽകിയിരുന്നു. ഇതനുസരിച്ച് 44 എംഎൽഎമാർ മാത്രമാണ് പത്ത് മണിയായിട്ടും കെപിസിസി ഓഫീസിലെത്തിയത്.

Recommended Video

അതിനിടെ, കർണാടകയിൽ കേവല ഭൂരിപക്ഷത്തിനായി ബിജെപി കുതിരക്കച്ചവടം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ജെഡിഎസ്, കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടുപിടിക്കാനാണ് ബിജെപിയുടെ നീക്കം. പണവും മന്ത്രിക്കസേരയും വാഗ്ദാനം ചെയ്താണ് ജെഡിഎസ്, കോൺഗ്രസ് എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ ബിജെപി ശ്രമിക്കുന്നത്. ബിജെപി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായി ജെഡിഎസ്, കോൺഗ്രസ് എംഎൽഎമാർ ബുധനാഴ്ച മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications