വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടം; മലയാളി യുവതി ഉൾപ്പെടെ നാല് ഐടി ജീവനക്കാർ മരിച്ചു...
ഇവർ സഞ്ചരിച്ചിരുന്ന കാർ ചെന്നൈ ചെങ്കൽപ്പേട്ടിനടുത്ത് വച്ച് നിർത്തിയിട്ട ലോറിക്ക് പിറകിലിടിക്കുകയായിരുന്നു.
ചെന്നൈ: വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ഐടി ജീവനക്കാർ സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിക്ക് പിറകിലിടിച്ച് മലയാളി യുവതിയടക്കം നാല് പേർ മരിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശിനി ഐശ്വര്യ എം നായർ(22), ആന്ധ്രപ്രദേശ് സ്വദേശിനി മേഘ(23), തമിഴ്നാട് തിരുപ്പൂർ സ്വദേശി ദീപൻ ചക്രവർത്തി(22), നാമക്കൽ സ്വദേശി പ്രശാന്ത് കുമാർ(23) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശിനിയായ അഖില, ചെന്നൈ സ്വദേശി ശരത് എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചെന്നൈ എറിക്സൺ ഇന്ത്യ ഗ്ലോബൽ സർവ്വീസസിലെ ജീവനക്കാരായ ആറു പേരും പോണ്ടിച്ചേരിയിൽ നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ചെന്നൈ ചെങ്കൽപ്പേട്ടിനടുത്ത് വച്ച് നിർത്തിയിട്ട ലോറിക്ക് പിറകിലിടിക്കുകയായിരുന്നു. തിരുപ്പൂർ സ്വദേശിയായ ദീപൻ ചക്രവർത്തിയാണ് കാറോടിച്ചിരുന്നത്. അപകടത്തിൽപ്പെട്ട ഐശ്വര്യ, ദീപൻ ചക്രവർത്തി, പ്രശാന്ത് കുമാർ എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മേഘ ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേയാണ് മരണപ്പെട്ടത്.

ഇന്തോനേഷ്യയിൽ ബിസിനസ് നടത്തുന്ന ഒറ്റപ്പാലം കല്ലുവഴി മേലെ വടക്കേമഠത്തിൽ എംവി മുരളീധരൻ നായരുടെയും ദീപയുടെയും മകളായ ഐശ്വര്യ നായർ എട്ട് മാസം മുൻപാണ് എറിക്സണിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലിയിൽ പ്രവേശിച്ചത്. ബെംഗളൂരുവിൽ ഡോക്ടറായ അഞ്ജലി ഏക സഹോദരിയാണ്. അപകടവിവരമറിഞ്ഞ് ഐശ്വര്യയുടെ മാതാപിതാക്കൾ ഇന്തോനേഷ്യയിൽ നിന്നും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.












Click it and Unblock the Notifications