നാടുകടത്തപ്പെട്ട 12 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായി നാലാമത്തെ വിമാനം ഡല്‍ഹിയിലിറങ്ങി
ഡല്‍ഹി: യു.എസില്‍ നിന്ന് നാടുകടത്തപ്പെട്ട അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ നാലാമത്തെ ബാച്ച് ഡല്‍ഹിയില്‍ വിമാനമിറങ്ങി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ രാത്രിയോടെയാണ് വിമാനമിറങ്ങിയത്. പനാമയില്‍ അമേരിക്കയുടെ തടങ്കലില്‍ കഴിഞ്ഞിരുന്ന 12 ഇന്ത്യക്കാരെയാണ് തിരിച്ചയച്ചത്. പനാമയില്‍ നിന്ന് അയയ്ക്കുന്ന ആദ്യ ഇന്ത്യന്‍ സംഘമാണിത്. തുര്‍ക്കി എയര്‍ലൈന്‍സ് വിമാനത്തില്‍ ഇസ്താംബുള്‍ വഴിയാണ് ഇവരെ ഡല്‍ഹിയില്‍ എത്തിച്ചത്. സംഘത്തിലെ നാല് പേര്‍ പഞ്ചാബിലെ അമൃത്സര്‍ സ്വദേശികളാണ്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാമൂഴത്തില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളാണ് സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ഫെബ്രുവരി അഞ്ചിനാണ് അനധികൃത കുടിയേറ്റക്കാരുടെ ആദ്യ സംഘം ഇന്ത്യയിലെത്തിയത്.

യുഎസ് സൈനിക വിമാനത്തിലാണ് 104 ഇന്ത്യക്കാരെ അന്ന് അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. കൈവിലങ്ങ് അണിയിച്ച് മനുഷ്യത്വരഹിതമായ രീതിയില്‍ ഇവരെ കൊണ്ടുവന്നതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ നാല് തവണയായി ആകെ 347 പേരെയാണ് അമേരിക്ക ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. 17-നാണ് 112 കുടിയേറ്റക്കാരുമായി മൂന്നാമത്തെ വിമാനം ഇന്ത്യയിലെത്തിയത്.
അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട 300-ലധികം അനധികൃത കുടിയേറ്റക്കാരെ പനാമയിലെ ഒരു ഹോട്ടലില്‍ തടവിലാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ അന്‍പതോളം പേര്‍ ഇന്ത്യക്കാരാണെന്നാണ് സൂചന. അനധികൃത കുടിയേറ്റക്കാരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ അമേരിക്ക നടത്തുന്നത്.
അമേരിക്കയുടെ മനുഷ്യത്വ രഹിതമായ നടപടിയില്‍ വിമര്‍ശനമുയരുന്നതിനിടെ നാടുകടത്തപ്പെട്ടവരോട് മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാന്‍ കേന്ദ്രം യുഎസുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ വ്യക്തമാക്കി. അനധികൃത കുടിയേറ്റക്കാരെ യുഎസില്‍ നിന്ന് നാടുകടത്തുന്നത് പുതിയ സംഭവമല്ലെന്നും വര്‍ഷങ്ങളായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പനാമയില്‍ തടങ്കലില്‍ കഴിയുന്ന 40 ശതമാനം പേര്‍ സ്വദേശത്തേക്ക് മടങ്ങാന്‍ വിസമ്മതിച്ചതോടെ, യുഎന്‍ ഏജന്‍സികള്‍ ഇവരെ കൊണ്ടുപോകാനായി ബദല്‍ ലക്ഷ്യസ്ഥാനങ്ങള്‍ തേടുകയാണ്. പനാമയില്‍ അനധികൃത കുടിയേറ്റക്കാരുടെ ചെലവുകള്‍ വഹിക്കുന്നത് അമേരിക്കയാണ്. അതിനാല്‍ എത്രകാലം അവിടെ താമസിക്കാന്‍ കഴിയും എന്നതു സംബന്ധിച്ച് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. അതേസമയം, രേഖകളില്ലാത്ത വിദേശ പൗരന്മാരെ കൂട്ടത്തോടെ നാടുകടത്തുന്നതിനെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇപ്പോഴും ന്യായീകരിക്കുകയാണ്. പ്യൂ റിസര്‍ച്ച് സെന്ററിന്റെ 2022 ലെ കണക്കനുസരിച്ച്, അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാര്‍ മൊത്തം യുഎസ് ജനസംഖ്യയുടെ 3.3 ശതമാനം വരും.
അതിനിടെ, യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ട പഞ്ചാബ് സ്വദേശികളുടെ പരാതിയില്‍ 15 ട്രാവല്‍ ഏജന്റുമാര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ടെന്ന് പഞ്ചാബ് എന്‍ആര്‍ഐ മന്ത്രി കുല്‍ദീപ് സിംഗ് ധാലിവാള്‍ അറിയിച്ചു. ഇതില്‍ മൂന്ന് ഏജന്റുമാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, ഒളിവില്‍ പോയ 12 പേരെ തേടി പൊലീസ് അവരുടെ ഓഫീസുകളിലും വീടുകളിലും റെയ്ഡ് നടത്തിവരികയാണ്.












Click it and Unblock the Notifications