പിഎംഒ ഉദ്യോഗസ്ഥനായി തട്ടിപ്പ്; 'പോലീസ് രണ്ട് പേരെ വെറുതെ വിട്ടു', പിന്നിൽ രാഷാട്രീയ ഗൂഢാലോചനയെന്നും പ്രതി

ദില്ലി: പ്രധാനമന്ത്രിയുടെ ഓഫിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായി ചമഞ്ഞ് ജമ്മു കശ്മീര്‍ ഭരണകൂടത്തെ കബളിപ്പിച്ച് കഴിഞ്ഞ ഗുജറാത്ത് സ്വദേശിയായ കിരൺ ഭായ് പട്ടേലിനൊപ്പം ഉണ്ടായിരുന്ന മൂന്ന് പേർ രക്ഷപ്പെട്ടതായി റിപ്പോർട്ട്. ഗുജറാത്തിൽ നിന്നുള്ള അമിത് ഹിതേഷ് പാണ്ഡ്യ, ജയ് സിതാപര, രാജസ്ഥാനിൽ നിന്നുള്ള ത്രിലോക് സിംഗ് എന്നിവരാണ് രക്ഷപ്പെട്ടത്. കൂട്ടത്തിലെ രണ്ട് പേരെ പോലീസ് വെറുതെ വിടുകയായിരുന്നുവെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും കിരൺ ഭായ് ആരോപിച്ചു.
പട്ടേലിനൊപ്പം ശ്രീനഗറിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച് വരികയായിരുന്നു ഇവർ. എന്നാൽ ഇവരെ പോകാൻ പോലീസ് അനുവദിക്കുകയായിരുന്നുവെന്നാണ് കോടതിയിൽ ഇയാളുടെ വാദം. 'ഗുജറാത്തിൽ നിന്നുള്ള രണ്ട് പേർ കൂടി അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നുവെന്ന് കിരൺ ഭായ് വ്യക്താക്കിയിട്ടുണ്ട്. സെക്ഷൻ 164 പ്രകാരം മജിസ്‌ട്രേറ്റിന് മുമ്പാകെ പോലീസ് ഇയാളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പോലീസ് അവരെ വിട്ടയക്കുകയായിരുന്നു', കിരൺ ഭായിയുടെ അഭിഭാഷകനായ രേഹൻ ഗോഹർ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസിലെ നയരൂപീകരണ- ക്യാമ്പയ്ന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറലാണെന്നാണ് തെറ്റിധരിപ്പിച്ചായിരുന്നു കിരൺ ഭായ് പട്ടേൽ കഴിഞ്ഞത്. പത്ത് ദിവസം മുമ്പ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും വിവരം പുറത്തുവിട്ടിരുന്നില്ല. കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെയാണ് ഇയാളുടെ അറസ്റ്റ് വിവരം പുറത്തായത്. ബുദ്ഗാം ജില്ലയിലേക്കുള്ള ഔദ്യോഗിക പര്യടനത്തിൽ തന്നോടൊപ്പം വരാൻ ഒരു മുതിർന്ന ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടതിനെ തുടർന്നതിന് പിന്നാലെയായിരുന്നു ഇയാൾക്കെതിരെ പോലീസിന് സംശയം തോന്നിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.
ദക്ഷിണ കശ്മീരിലെ ജില്ലാ മജിസ്‌ട്രേറ്റായ ഐഎഎസ് ഓഫീസറാണ് കിരൺ ഭായ് പട്ടേലിന്റെ സന്ദർശനത്തെക്കുറിച്ച് പോലീസിന്റെ സുരക്ഷാ വിഭാഗത്തെ ആദ്യം അറിയിച്ചത്.ഇന്റലിജന്‍സാണ് ഇയാള്‍ ആള്‍മാറാട്ടം നടത്തുകയാമെന്ന വിവരം പോലീസിനെ അറിയിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഇയാളുടെ തട്ടിപ്പ് തിരിച്ചറിഞ്ഞ പോലീസ് ശ്രീനഗറിലെ ഹോട്ടലിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഒരു ഐ എ എസ് ഉദ്യോഗസ്ഥനാണ് കിരൺ ഭായിയെ പിഎംഒ ഓഫീസ് ഉദ്യോഗസ്ഥനായി പരിചയപ്പെടുത്തിയതെന്നത് ഗൗരവതരമാണെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നു.
ഈ വര്‍ഷം ആദ്യത്തോടെയായിരുന്നു കിരണ്‍ ഭായ് പട്ടേല്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ജീവനക്കാരനെന്ന വ്യാജേന ശ്രീനഗറിലെത്തിയത്.
ഇസഡ് പ്ലസ് സുരക്ഷ, ബുള്ളറ്റ് പ്രൂഫ് എസ് യു വി യാത്ര, ഔദ്യോഗിക താമസം തുടങ്ങി എല്ലാ സൗകര്യങ്ങളും ഇയാൾക്ക് ഉദ്യോഗസ്ഥർ ഒരുക്കിയിരുന്നു. ട്വിറ്ററടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്സുള്ള വ്യക്തി കൂടിയാണ് കിരൺ ഭായ്. ഗുജറാത്തില്‍ നിന്ന് കൂടുതല്‍ വിനോദ സഞ്ചാരികളെ ജമ്മു കശ്മീരിലേക്ക് എത്തിക്കുന്നതിനായിട്ടായിരുന്നു ഔദ്യോഗിത തലത്തിൽ ഉദ്യോഗസ്ഥരുമായി ഉയാൾ ചർച്ച നടത്തിയത്. വിര്‍ജീനിയയിലെ കോമണ്‍ വെല്‍ത്ത് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും ഐഐഎം ട്രിച്ചിയില്‍ നിന്ന് എംബിഎയും കംപ്യൂട്ടര്‍ സയന്‍സില്‍ എംടെക് യോഗ്യതയും നേടിയിട്ടുണ്ടെന്നാണ് ഇയാളുടെ അവകാശവാദം.












Click it and Unblock the Notifications