പാര്‍ട്ടിക്കാരോട് 10 ലക്ഷം ആവശ്യപ്പെട്ട് 'കമല്‍നാഥിന്റെ ഫോണ്‍ കോള്‍'; ഹാക്കര്‍മാരെ കുടുക്കി കോണ്‍ഗ്രസ് നേതാവ്
ഭോപ്പാല്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ കമല്‍നാഥിന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് തട്ടിപ്പുകാര്‍. ഗുജറാത്ത് സ്വദേശികളായ രണ്ട് പേരാണ് തട്ടിപ്പിന് പിന്നില്‍. കമല്‍നാഥെന്ന് വ്യാജേന നാല് പാര്‍ട്ടി നേതാക്കളെ വിളിച്ച് അവരില്‍ നിന്ന് 10 ലക്ഷം രൂപ ഇരുവരും ആവശ്യപ്പെട്ടതായി പാര്‍ട്ടി വക്താവ് പറഞ്ഞു. മാളവ്യ നഗര്‍ ഏരിയയില്‍ വിളിച്ച് പണം പിരിക്കാനെത്തിയ ഇവരെ കോണ്‍ഗ്രസ് ഭാരവാഹികള്‍ പിടികൂടി.
ഇരുവരെയും പൊലീസിന് കൈമാറിയതായും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ ഔപചാരികമായി പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കമല്‍നാഥിന്റെ ഫോണ്‍ ഹാക്ക് ചെയ്ത പ്രതികള്‍ പാര്‍ട്ടി എം എല്‍ എ സതീഷ് സിക്കാര്‍വാര്‍, ട്രഷര്‍ അശോക് സിംഗ്, ഇന്‍ഡോര്‍ സിറ്റി കോണ്‍ഗ്രസ് പ്രസിഡന്റ് സുര്‍ജീത് സിംഗ് ഛദ്ദ, മുന്‍ ട്രഷറര്‍ ഗോവിന്ദ് ഗോയല്‍ എന്നിവരില്‍ നിന്നാണ് 10 ലക്ഷം രൂപ വീതം ആവശ്യപ്പെട്ടത്.

സംശയം തോന്നിയ ഗോവിന്ദ് ഗോയല്‍ ചില ഭാരവാഹികളുമായി ഇക്കാര്യം പങ്ക് വെച്ചപ്പോഴാണ് കമല്‍നാഥല്ല പണം ആവശ്യപ്പെട്ടത് എന്ന് വ്യക്തമായത് എന്ന് മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ മീഡിയ ഡിപ്പാര്‍ട്ട്മെന്റ് ചെയര്‍മാന്‍ കെ കെ മിശ്ര വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു. ഇതോടെ തട്ടിപ്പുകാരെ വലയിലാക്കാന്‍ ഗോവിന്ദ് ഗോയല്‍ പദ്ധതിയിട്ടു. ഇത് പ്രകാരം പണം ആവശ്യപ്പെട്ട് വിളിച്ച നമ്പറിലേക്ക് ഗോവിന്ദ് ഗോയല്‍ തിരിച്ച് വിളിച്ചു.
മാളവ്യ നഗര്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന തന്റെ ഓഫീസില്‍ വന്ന് വന്നാല്‍ താന്‍ പണം തരാം എന്ന് ഗോവിന്ദ് ഗോയല്‍ ഹാക്കര്‍മാരോട് പറഞ്ഞു. ഇത് പ്രകാരം ഗോവിന്ദ് ഗോയലിന്റെ ഓഫീസില്‍ എത്തി പണം വാങ്ങാനെത്തിയ 25 ഉം 28 ഉം വയസുള്ള രണ്ടുപേരെ കോണ്‍ഗ്രസ് ഭാരവാഹികളും പ്രവര്‍ത്തകരും പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കും എന്ന് കെ കെ മിശ്ര പറഞ്ഞു.
നിലവില്‍ രണ്ട് പേരും പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. സാഗര്‍ സിംഗ് പാര്‍മര്‍, പിന്റു പര്‍മര്‍ എന്നീ ഗുജറാത്ത് സ്വദേശികളാണ് തട്ടിപ്പിന് പിന്നില്‍ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പണം തട്ടുക മാത്രമായിരുന്നോ ഇരുവരുടേയും ഉദ്ദേശ്യം എന്ന കാര്യത്തില്‍ ിവിശദമായ അന്വേഷണം നടത്തി വരികയാണ് എന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications