കെജി മുതല്‍ പിജി വരെ സൗജന്യ വിദ്യാഭ്യാസം, വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം; ബിജെപിയുടെ രണ്ടാം പ്രകടന പത്രിക
ഡൽഹി; രണ്ടാം പ്രകടന പത്രിക പുറത്തിറക്കി ബി ജെ പി. ഭരണത്തിലേറിയാൽ കെജി മുതല്‍ പിജി വരെ ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹയമടക്കം പത്രികയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രൊഫഷണൽ, ടെക്‌നിക്കൽ കോഴ്‌സുകൾ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് ഡോ. ബിആർ അംബേദ്കർ പദ്ധതി പ്രകാരം പ്രതിമാസം 1000 രൂപ, സിവിൽ സർവീസ് അടക്കമുള്ള മത്സരപീരീക്ഷകൾക്ക് ഒരുങ്ങുന്ന വിദ്യർത്ഥികൾക്ക് രണ്ട് തവണകളിലായി 15,000 രൂപ, 1.5 ലക്ഷം യുവാക്കൾക്ക് സ്കിൽ ട്രെയിൻ പ്രോഗ്രാമുകൾ എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഓട്ടോ ഡ്രൈവർമാർക്കും വീട്ടു ജോലിക്കാർക്കും ക്ഷേമനിധി ബോർഡ്, 10 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ്, 5 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്, ഇവരുടെ മക്കൾക്ക് സ്കോളർഷിപ്പ് എന്നിവയും പത്രികയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ആം ആദ്മി സർക്കാരിന്റെ അഴിമതികൾക്കെതിരെ എസ് ഐ ടി അന്വേഷണം നടത്തുമെന്നും പത്രികയിൽ പറയുന്നു. ആം ആദ്മിയുടെ ശക്തമായ വോട്ട് ബാങ്കാണ് ടാക്സി ഡ്രൈവർമാർ. ഈ വോട്ടുകൾ ലക്ഷ്യം വെച്ചാണ് ബിജെപിയുടെ നീക്കം.

സ്ത്രീ വോട്ടർമാരെ ലക്ഷ്യം വെച്ചുള്ളതായിരുന്നു ബി ജെ പിയുടെ ആദ്യ സങ്കൽപ പത്രിക. വനിതകൾക്ക് പ്രതിമാസം 2500 രൂപ, ഗർഭിണികൾക്ക് ഒറ്റത്തവണ 21,000 രൂപയും ആറ് പോഷകാഹാര കിറ്റുകളും, കൂടാതെ ആദ്യ കുട്ടിക്ക് 5,000 രൂപ, രണ്ടാമത്തെ കുട്ടിക്ക് 6,000 രൂപ എന്നിങ്ങനെയായിരുന്നു പ്രഖ്യാപനങ്ങൾ.
അതേസമയം ബി ജെ പിയുടെ രണ്ടാം പ്രകടന പത്രികയ്ക്കെതിരെ ആം ആദ്മി രംഗത്തെത്തി. തങ്ങൾ ജനങ്ങൾക്ക് വേണ്ടി നടപ്പാക്കുന്ന ക്ഷേമ പദ്ധതികൾ നടപ്പാക്കുമെന്നാണ് ബി ജെ പി പറയുന്നതെന്നും പിന്നെ എന്തിനാണ് അവർ ബി ജെ പിക്ക് വേണ്ടി വോട്ട് ചെയ്യേണ്ടതെന്നും ആപ് കൺവീനർ അരവിന്ദ് കെജ്രിവാൾ ചോദിച്ചു. യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്നാണ് ബി ജെ പി പ്രഖ്യാപിച്ചത്. എന്നാൽ ആം ആദ്മി സർക്കാരിന് കീഴിൽ എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസം നൽകുന്നുണ്ടെന്നും കെജ്രിവാൾ പറഞ്ഞു. ബിജെപിയുടെ വാഗ്ദാനത്തിന്റെ അർത്ഥം കുട്ടികളെ ഉപദ്രവിക്കലാണ്. സ്കൂൾ പ്രവേശനം നേടാൻ ബിജെപി ഓഫീസുകൾ കയറി ഇറങ്ങേണ്ട അവസ്ഥ വരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്', കെജ്രിവാൾ കുറ്റപ്പെടുത്തി.
'എല്ലാവർക്കുമുള്ള സൗജന്യ ചികിത്സ റദ്ദാക്കുമെന്നാണ് ബിജെപി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇപ്പോൾ അവർ പറയുന്നത് സൗജന്യ വിദ്യാഭ്യാസവും അവസാനിപ്പിക്കുമെന്നാണ്. ബി ജെ പിയെ സൂക്ഷിക്കണമെന്നും അവർക്ക് വോട്ട് ചെയ്യരുതെന്നുമാണ് ഡൽഹിയിലെ ജനങ്ങളോട് എനിക്ക് പറയാനുള്ളത്. വോട്ട് ചെയ്താൽ നിങ്ങളുടെ വീട്ട് ബജറ്റ് താളം തെറ്റും, ഡൽഹിയിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യം വരും', കെജ്രിവാൾ പറഞ്ഞു.












Click it and Unblock the Notifications