കര്‍ണാടകയില്‍ ഇന്ന് മുതല്‍ സ്ത്രീകള്‍ക്ക് ബസ് യാത്ര സൗജന്യം; ചെയ്യേണ്ടത് ഇത്രമാത്രം
ബെംഗളൂരു: കര്‍ണാടകയില്‍ ഇന്ന് മുതല്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായ ശക്തി പദ്ധതി ഇന്ന് മുതല്‍ സംസ്ഥാനത്ത് നിലവില്‍ വന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു.
സൗജന്യ ബസ് യാത്രാ പദ്ധതി സാമൂഹിക സമത്വത്തിനാണ് എന്നും ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്കും ഇത് പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഒരു സമൂഹം അഭിവൃദ്ധിപ്പെടണമെങ്കില്‍ സ്ത്രീകളും പുരുഷന്‍മാര്‍ക്കൊപ്പമെത്തണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്തോനേഷ്യ, യു എസ്, ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ തൊഴില്‍ ശക്തിയില്‍ സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്.

ഈ നീക്കം തൊഴില്‍ ശക്തിയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം സൗജന്യ ബസ് യാത്രാ പദ്ധതി മൂലം റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്ക് ഒരു തരത്തിലുള്ള നഷ്ടവും സംഭവിക്കില്ലെന്ന് രാമലിംഗ റെഡ്ഡി വാഗ്ദാനം ചെയ്തു. ആര്‍ടിസിയെ സാമ്പത്തികമായി സഹായിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ശക്തി പദ്ധതി ഏറ്റവും കുറഞ്ഞത് 10 വര്‍ഷമെങ്കിലും തുടര്‍ന്ന് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ നാല് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ (കെ എസ് ആര്‍ ടി സി, ബി എം ടി സി, എന്‍ ഡബ്ല്യു കെ ആര്‍ ടി സി, കെ കെ ആര്‍ ടി സി) നടത്തുന്ന 94 ശതമാനവും വരുന്ന ഓര്‍ഡിനറി, എക്സ്പ്രസ് ബസുകളിലെ വിന്‍ഡ്സ്‌ക്രീനുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന സ്റ്റിക്കറുകള്‍ പതിക്കും.
പ്രതിദിനം ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്യുന്ന 40 ലക്ഷം സ്ത്രീകള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. മൊത്തത്തിലുള്ള യാത്രക്കാരുടെ എണ്ണം കുറഞ്ഞത് 10 ശതമാനമെങ്കിലും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളില്‍ കര്‍ണാടകയുടെ അതിര്‍ത്തി വരെ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ചെയ്യാം.
അതിര്‍ത്തി സംസ്ഥാനങ്ങളുടെ അകത്ത് 20 കിലോമീറ്ററും ഈ പദ്ധതി വഴി സൗജന്യമായി യാത്ര നടത്താം. ഇതിനുശേഷം പണം നല്‍കണം. ആദ്യത്തെ മൂന്ന് മാസം കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖ കണ്ടക്ടറെ കാണിച്ചാല്‍ കണ്ടക്ടര്‍ പൂജ്യം രൂപ രേഖപ്പെടുത്തിയ ടിക്കറ്റ് നല്‍കും. മൂന്ന് മാസത്തിന് ശേഷം യാത്രക്ക് ശക്തി സ്മാര്‍ട് കാര്‍ഡുകള്‍ നിര്‍ബന്ധമാക്കി തുടങ്ങും.
സംസ്ഥാന സര്‍ക്കാരിന്റൈ സേവ സിന്ധു പോര്‍ട്ടല്‍, കര്‍ണാടക വണ്‍ വെബ്സൈറ്റ്, ബാംഗ്ലൂര്‍ വണ്‍ പോര്‍ട്ടല്‍ എന്നിവയിലൂടെ സ്മാര്‍ട്ട് കാര്‍ഡിനായി അപേക്ഷിക്കാവുന്നതാണ്. കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ അഞ്ച് വാഗ്ദാനങ്ങള്‍ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടപ്പാക്കും എന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. അതില്‍ പ്രധാനപ്പെട്ട വാഗ്ദാനമായിരുന്നു ശക്തി പദ്ധതി.












Click it and Unblock the Notifications