60 കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ; വമ്പൻ പ്രഖ്യാപനവുമായി കെജ്രിവാൾ
മുതിർന്ന പൗരൻമാർക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് ആം ആദ്മി കൺവീനർ അരവിന്ദ് കെജ്രിവാൾ. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം. 60 കഴിഞ്ഞവർക്ക് സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിത്സ സൗജന്യമാക്കുമെന്നാണ് കെജ്രിവാൾ പ്രഖ്യാപിച്ചത്.
'ചികിത്സ ചെലവിന് ഉയർന്ന പരിധി നിശ്ചയിക്കില്ല. ഇതിനായുള്ള രജിസ്ട്രേഷൻ ഒന്നോ രണ്ടോ ദിവസത്തിനകം ആരംഭിക്കും. രജിസ്ട്രേഷൻ നടപടികൾക്കായി ആം ആദ്മി പ്രവർത്തകർ നിങ്ങളുടെ വീടുകളിലെത്തും. അവർ തരുന്ന കാർഡ് സൂക്ഷിച്ച് വെയ്ക്കണം. ഞങ്ങൾ വീണ്ടും അധികാരത്തിലേറിയതിന് ശേഷം പദ്ധതി നടപ്പാക്കും', കെജ്രിവാൾ പറഞ്ഞു. കേന്ദ്രപദ്ധതിയിൽ ധാരാളം അപാകതകൾ ഉണ്ടെന്നും അതെല്ലാം പരിഹരിച്ചാണ് ആം ആദ്മി സർക്കാർ പുതിയ പദ്ധതി അവതരിപ്പിക്കുകയെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാർ പദ്ധതിയായ ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും ആം ആദ്മിയും തമ്മിൽ ഏറ്റുമുട്ടുന്നതിനിടെയാണ് കെജ്രിവാളിന്റെ പ്രഖ്യാപനം. പദ്ധതി നടപ്പാക്കാൻ ഡൽഹി സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് ബി ജെ പി എംപിമാർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പദ്ധതി നടപ്പാക്കാത്തതിനാൽ ജനങ്ങൾക്ക് വലിയ ചികിത്സ ചിലവാണ് നേരിടേണ്ടി വരുന്നതെന്ന് ഇവർ ഹർജിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം പദ്ധതി നടപ്പാക്കുന്നതിൽ ഡൽഹി സർക്കാരിനോട് ഹൈക്കോടതി നിലപാട് തേടിയിരുന്നു. സർക്കാരിനുള്ളിൽ ഇത് സംബന്ധിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുടർന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി ആരോഗ്യവകുപ്പിനോട് ഇത് സംബന്ധിച്ച് നിർദേശം നൽകിയിരുന്നു. ഡൽഹി സർക്കാരിൻ്റെ സൗജന്യ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളുടെ ആനുകൂല്യങ്ങൾ പിൻവലിക്കാതെ തന്നെ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഗുണഫലങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സംവിധാനം രൂപീകരിക്കാനായിരുന്നു നിർദേശം.
'സൗജന്യ ചികിത്സ ആരിൽ നിന്നും എടുത്ത് കളയാൻ ഡൽഹി സർക്കാർ താത്പര്യപ്പെടുന്നില്ല. അതിനാൽ ഇപ്പോൾ ഡൽഹിയിലെ ജനങ്ങൾക്ക് ലഭിക്കുന്ന സൗജന്യ ചികിത്സ നഷ്ടപ്പെടാതെ തന്നെ കേന്ദ്രപദ്ധതിയുടെ ആനുകൂല്യം ലഭിക്കാനുള്ള ഒരു സംവിധാനം രൂപീകരിക്കാനാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചിരിക്കുന്നത്', എന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
അതേസമയം ആം ആദ്മി സർക്കാരിന്റെ പ്രഖ്യാപനം നിയമസഭ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും. ഫെബ്രുവരിയിലാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ് ഉണ്ടാകുക. ഇത്തവണയും അധികാരം നിലനിർത്താനുള്ള തീവ്രശ്രമത്തിലാണ് ആം ആദ്മി.












Click it and Unblock the Notifications