അസം- മിസോറാം അതിർത്തിയിൽ സംഘർഷം, പ്രശ്നത്തിൽ ഇടപെട്ട് അമിത് ഷാ, ആറ് പോലീസുകാർ കൊല്ലപ്പെട്ടു
ഐസ്വാൾ: അസം- മിസോറാം അതിർത്തയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ടുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഷില്ലോങ്ങിൽ വടക്ക്കിഴക്കൻ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് ചേർത്ത് ദിവസങ്ങൾക്ക് ശേഷമാണ് സംഘർഷമുണ്ടാകുന്നത്. സംഘർഷത്തിന്റെ ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. കയ്യിൽ വടികളേന്തി ആളുകൾ തടിച്ച് കൂടുന്നതും പോലീസ് ഇടപെട്ട് തടയുന്നതുമെന്നാം വീഡിയോയിൽ വ്യക്തമാണ്.
അതിർത്തി മേഖലയിൽ വെടിവെയ്പുണ്ടായെന്നും സർക്കാർ വാഹനങ്ങൾക്ക് നേരെ ആക്രമണമുണ്ടായെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അക്രമത്തിന്റെ വീഡിയോ പങ്കുവെച്ച അസം, മിസോറാം മുഖ്യമന്ത്രിമാർ പ്രശ്നം അവസാനിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. വീഡിയോ പോസ്റ്റ് ട്വീറ്റിലാണ് മന്ത്രിയുടെ ഇടപെടലും ആവശ്യപ്പെട്ടിട്ടുള്ളത്. അമിത് ഷാ, ദയവായി ഇക്കാര്യത്തിൽ ശ്രദ്ധിക്കണം, ഇതിപ്പോൾ തന്നെ അവസാനിപ്പിക്കേണ്ടതുണ്ട് എന്നാണ് മിസോറാം മുഖ്യമന്ത്രി സോറംതങ്ഗ ട്വീറ്റിൽ ഉന്നയിച്ച ആവശ്യം. ഈ വിഷയത്തിൽ ആഭ്യന്തര മന്ത്രി എത്രയും പെട്ടെന്ന് ഇടപെടണമെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വയും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേ സമയം സംഘർഷത്തിനിടെ ആറ് അസം പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരും അതിർത്ഥി സംസ്ഥാനത്തെ ജനങ്ങളും തമ്മിലാണ് സംഘർഷം ആരംഭിച്ചതെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വാ ട്വിറ്ററിൽ കുറിച്ചു. അക്രമകാരികളിൽ നിന്നുള്ള വെടിയേറ്റാണ് പോലീസുകാർ കൊല്ലപ്പെട്ടിട്ടുള്ളതെന്നും മാധ്യമറിപ്പോർട്ടിൽ പറയുന്നു. കാച്ചർ പോലീസ് സൂപ്രണ്ട് നിംഭാൽക്കർ വൈഭവ് അടക്കം 50 പോലീസ് ഉദ്യോഗസ്ഥർക്ക് വെടിവെപ്പിലും കല്ലേറിലുമായി പരിക്കേറ്റതായി പിടിഐയും റിപ്പോർട്ട് ചെയ്യുന്നു.
അതിർത്തി തർക്കം അവസാനിപ്പിക്കുന്നതിനായി ഒരു പരിഹാരം കണ്ടെത്താനും സമാധാനം നിലനിർത്താനും അടുത്തിടെ ഇരു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. അസം പോലീസ് ഐറ്റ്ലാഗ്നർ എന്ന പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ ജൂൺ അവസാനത്തോടെ ഈ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. തങ്ങളുടെ ഭൂപ്രദേശത്ത് അസം പോലീസ് അതിക്രമിച്ച് കയറിയിരിക്കുകയാണെന്നാണ് മിസോറാമിന്റെ വാദം. ഇതിനിടെ തർക്ക പ്രദേശത്തിന്റെ പേരിൽ രണ്ട് സംസ്ഥാനങ്ങളും തമ്മിൽ പലതവണ തർക്കങ്ങൾ ഉടലെടുത്തിരുന്നു. പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തര ഇടപെടൽ നടത്താൻ അമിത് ഷാ മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications