സൗന്ദര്യ റാണിയില്‍ നിന്ന് ആര്‍മി ഓഫീസര്‍ പദവിയിലേക്ക്; മികച്ച നര്‍ത്തകി; ആരാണ് ലെഫ്റ്റനന്റ് കാശിഷ് മെത്വാനി?
ശരീരത്തിന്റെ അഴകളവുകള്‍ മാറ്റുരയ്ക്കപ്പെടുന്ന സൗന്ദര്യ വേദികളില്‍ നിന്ന് രാജ്യത്തെ കാത്തുസംരക്ഷിക്കുന്ന ആര്‍മി ഓഫീസര്‍ പദവിയിലേക്ക്. കാശിഷ് മെത്‌വാനി എന്ന യുവതിയുടെ ജീവിതം അപൂര്‍വതകള്‍ നിറഞ്ഞതാണ്. മിസ് ഇന്റര്‍നാഷണല്‍ ഇന്ത്യ പദവിയില്‍ നിന്ന് കമ്മീഷന്‍ഡ് ആര്‍മി പദവിയിലേക്ക് എത്തിയ ജീവിത ചരിത്രമാണ് കാശിഷ് മെത്‌വാനിയുടേത്. ഒരിക്കലും കൂട്ടിയിണക്കാന്‍ കഴിയാത്ത രണ്ട് പദവികള്‍ എന്ന് നാം കരുതുമെങ്കിലും ദീര്‍ഘവീക്ഷണത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയും നേട്ടങ്ങള്‍ കൈവരിച്ച കഥയാണ് കാശിഷിന്റേത്.
പുതുതലമുറയ്ക്ക് ഏറെ പ്രചോദനമേകുന്ന ജീവിത കഥയാണ് പൂനെ സ്വദേശിയായ കാശിഷ് മെത്‌വാനിയുടേത്. ഒരു സൈനിക ഉദ്യോഗസ്ഥയുടെ കാര്‍ക്കശ്യത്തിനപ്പുറം മികച്ച ഭരതനാട്യം നര്‍ത്തകിയും തബല വാദകയും കൂടിയാണ് കാശിഷ് എന്നറിയുമ്പോഴാണ് അത്ഭുതമുണ്ടാകുക. കലയുടെയും സൗന്ദര്യത്തിന്റെയും രാജ്യസേവനത്തിന്റെയും ഒരപൂര്‍വ സംഗമമാണ് കാശിഷിന്റെ ജീവിതം.

പഠനത്തിലും മിടുമിടുക്കിയായ കാശിഷിന്റെ അക്കാദമിക് ജീവിതവും തിളക്കമേറിയതാണ്. സാവിത്രിഭായ് ഫൂലെ പൂനെ സര്‍വകലാശാലയില്‍ നിന്ന് എംഎസ്സി ബിരുദവും ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് ന്യൂറോ സയന്‍സില്‍ എംഎസ്സി തീസിസും നേടിയ കാശിഷ് ആദ്യം എത്തിപ്പെട്ടത് സൗന്ദര്യ വേദികളില്‍.
2023 ലെ മിസ് ഇന്റര്‍നാഷണല്‍ ഇന്ത്യയായിരുന്നു ഈ യുവതി. ഒരു സൂപ്പര്‍ മോഡല്‍ എന്ന നിലയില്‍ വലിയ ഭാവി മുന്നിലുണ്ടായിരുന്നെങ്കിലും രാജ്യ സേവനമായിരുന്നു കാശിഷിന്റെ ലക്ഷ്യം. അതിനായി കഠിനാധ്വാനം ചെയ്ത് ഒടുവില്‍ ആഗ്രഹിച്ചതു പോലെ ഇന്ത്യന്‍ ആര്‍മിയില്‍ ഓഫീസറായി കമ്മീഷന്‍ ചെയ്യപ്പെട്ടു. സെപ്റ്റംബര്‍ ആറിനായിരുന്നു പാസിങ് ഔട്ട് പരേഡ്.
ആര്‍മി എയര്‍ ഡിഫന്‍സില്‍ (എഎഡി) ലെഫ്റ്റനന്റാണ് കാശിഷ് ഇപ്പോള്‍. ഉയര്‍ന്ന അളവിലുള്ള കൃത്യത, സാങ്കേതിക വൈദഗ്ദ്ധ്യം, ഏതു പ്രതിസന്ധികളിലും തളരാത്ത മനോധൈര്യം, നിശ്ചയദാര്‍ഢ്യം എന്നിവ ആവശ്യമുള്ള വിഭാഗമാണിത്. എങ്കിലും ഏതു വിങ് തിരഞ്ഞെടുക്കണമെന്ന ആശങ്ക കാശിഷിനുണ്ടായിരുന്നില്ല. എഎഡിയില്‍ സേവനമനുഷ്ഠിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മിസ് ഇന്ത്യ മത്സരത്തിനുള്ള തയ്യാറെടുപ്പിനിടെയാണ് കാശിഷ് കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് (സിഡിഎസ്) പരീക്ഷ എഴുതിയത്. അതില്‍ അഖിലേന്ത്യാ തലത്തില്‍ രണ്ടാം റാങ്ക് നേടിയ കാശിഷ് ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ ചേര്‍ന്നു. ദേശീയ തലത്തില്‍ പിസ്റ്റള്‍ ഷൂട്ടറും ബാസ്‌കറ്റ്‌ബോള്‍ താരവുമാണ്. ഈ നേട്ടങ്ങളെല്ലാം 24 വയസിനുള്ളിലാണ് നേടിയതെന്നത് മറ്റൊരു ആശ്ചര്യം.
ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പിഎച്ച്ഡിക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും മാതൃ രാജ്യത്തിനായി തന്റെ സേവനം അര്‍പ്പിക്കാനായിരുന്നു കാശിഷിന്റെ താല്‍പര്യം. അതിനായി ഇന്ത്യന്‍ ആര്‍മി തിരഞ്ഞെടുത്തു. ഒരു സൗന്ദര്യ റാണിയുടെ ഗ്ലാമറസ് ലോകത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ സൈനിക മേഖല തിരഞ്ഞെടുക്കാനുള്ള കാരണം രാജ്യത്തോടുള്ള അളവറ്റ സ്‌നേഹമായിരുന്നു. ഗ്ലാമറിനേക്കാള്‍ കാശിഷിനെ ഭ്രമിപ്പിച്ചത് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികരുടെ ധീരതയായിരുന്നു.
എന്‍സിസിയില്‍ ചേര്‍ന്നതാണ് കാശിഷിന്റെ ജീവിതം മാറ്റിമറിച്ചത്. 2021-ല്‍ റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് ഓള്‍ ഇന്ത്യ ബെസ്റ്റ് കേഡറ്റ് ട്രോഫി കരസ്ഥമാക്കാനും കാശിഷിന് കഴിഞ്ഞു.
ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ ഡിബേറ്റ് മുതല്‍ സ്പോര്‍ട്സ് വരെയുള്ള മത്സരങ്ങളില്‍ കാശിഷ് മെഡലുകള്‍ വാരിക്കൂട്ടി. ആര്‍മി എയര്‍ ഡിഫന്‍സിലെ ഏറ്റവും ഉയര്‍ന്ന മെറിറ്റ് ഓര്‍ഡറായ എഎഡി മെഡല്‍ ജേതാവാണ് കാശിഷ്. ഷൂട്ട് മത്സരങ്ങളില്‍ സ്വര്‍ണ മെഡല്‍ നേടി. അക്കാദമിയിലെ ഏറ്റവും മികച്ച ഡ്രില്ലിനുള്ള ഡ്രില്‍ ആന്‍ഡ് ഡിസിപ്ലിന്‍ ബാഡ്ജും മികച്ച ബാസ്‌കറ്റ്‌ബോള്‍ താരമെന്ന പദവിയും ഉള്‍പ്പെടെ പലരും സ്വപ്‌നം മാത്രം കാണുന്ന നേട്ടങ്ങളാണ് കാശിഷ് കഠിനാധ്വാനത്തിലൂടെ സ്വന്തമാക്കിയത്.












Click it and Unblock the Notifications